പാലായില്‍ ആര് മത്സരിക്കുമെന്ന് ചോദ്യം; സംശയമുണ്ടോ ജോസ് കെ മാണിയെന്ന് റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം; മൈക്ക് പിടിച്ചുവാങ്ങി പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി; യുഡിഎഫ് ജയിച്ചാല്‍ പാലായ്‌ക്കൊരു മന്ത്രിയെന്ന് കാപ്പന്‍
പാലാ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ സ്ഥാനാര്‍ഥി ജോസ് കെ. മാണിയെന്ന് പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. പാലാ മണ്ഡലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് പാലായില്‍ ജോസ് കെ. മാണി മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചത്. എല്‍.ഡി.എഫ് വികസനമുന്നേറ്റ യാത്രയുടെ ഭാഗമായി അടിമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു റോഷി അഗസ്റ്റിന്റെ ഈ പ്രഖ്യാപനം. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ജാഥാ ക്യാപ്റ്റന്‍ കൂടിയായ ജോസ് കെ. മാണിയുടെ പ്രതികരണം.
ഇത്തവണ മത്സരിക്കുമോ എന്ന് ജോസ് കെ. മാണിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മറുപടി. അതിന് പിന്നാലെ റോഷി അഗസ്റ്റിന്‍ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് പറയുകയായിരുന്നു. പാര്‍ട്ടി തീരുമാനിക്കും, ജോസ് കെ. മാണി മത്സരിക്കും. സംശയമെന്താ? ജോസ് കെ. മാണി മത്സരിക്കുന്നതിന് പ്രത്യേകമായിട്ട് ആലോചനയുടെ കാര്യമെന്താ. അതൊക്കെ പാര്‍ട്ടിയുടെ തീരുമാനത്തില്‍, സമയത്ത് പുറപ്പെടുവിക്കും. - റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇതേസമയം റോഷിയുടെ കൈയില്‍ നിന്ന് മൈക്ക് വാങ്ങിയ ജോസ് കെ. മാണി, ആര് മത്സരിക്കണമെന്നത് പാര്‍ട്ടി തീരുമാനിക്കും എന്ന് പറയുകയായിരുന്നു.
പാലായുടെ വികസനത്തെച്ചൊല്ലി ജോസ് കെ.മാണിയും മാണി സി.കാപ്പനും തമ്മില്‍ വാക്‌പോരിന്റെ തുടര്‍ച്ചയായായിരുന്നു റോഷിയുടെ പ്രതികരണം. ജില്ലാ വികസനസമിതി യോഗത്തില്‍ പോലും പങ്കെടുക്കാത്ത മാണി സി.കാപ്പന്‍ മണ്ഡലത്തില്‍ ഒന്നും ചെയ്തില്ലെന്ന് ജോസ് കെ.മാണി കുറ്റപ്പെടുത്തിയപ്പോള്‍ വീണ്ടും തോല്‍ക്കുമെന്ന ഭയമാണ് ജോസ് കെ.മാണിക്കെന്നും മഞ്ഞുകൊള്ളേണ്ടെന്നും മാണി സി.കാപ്പന്‍ കഴിഞ്ഞ ദിവസം തിരിച്ചടിച്ചു. ജോസ് കെ.മാണി മുന്നണി മാറ്റത്തിന് കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്നതായും കാപ്പന്‍ വെളിപ്പെടുത്തി. എല്‍ഡിഎഫ് മധ്യമേഖല ജാഥ പാലായില്‍ എത്തിയപ്പോഴാണ് ജാഥ ക്യാപ്റ്റനായ ജോസ് കെ മാണി സ്വന്തം തട്ടകത്തില്‍ വികസനം പറഞ്ഞ് മാണി സി കാപ്പനെ കണക്കിന് വിമര്‍ശിച്ചത്.
യുഡിഎഫിലേക്ക് പോകാന്‍ ജോസ് കെ മാണി കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്നതായും മാണി സി കാപ്പന്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പാലായിലെ കുരിശുപള്ളി മാതാവിന് മുന്നില്‍ വച്ച് ജോസ് പറയട്ടെയെന്നും മാണി സി കാപ്പന്റെ വെല്ലുവിളി. മാണി സി കാപ്പന്റെ വെല്ലുവിളികള്‍ക്ക് ജോസ് കെ. മാണി കൃത്യമായ മറുപടി നല്‍കി. തന്റെ കഴിവുകേട് മറച്ചുവെക്കാനാണ് കാപ്പന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ചാഴി എന്ന് പറയുന്ന വെല്ലുവിളിയായി ഇതിനെ കാണുന്നില്ല. ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും, അതനുസരിച്ച് മുന്നോട്ട് പോകും എന്ന് ജോസ് കെ. മാണിയും വ്യക്തമാക്കി.
പാലായിലെ രാഷ്ട്രീയ പോരാട്ടം
2019-ലെ ഉപതെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന്‍ പാലാ പിടിച്ചെടുത്തത് വലിയ അട്ടിമറിയായിരുന്നു. പിന്നീട് 2021-ലെ പൊതുതെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയെങ്കിലും 15,378 വോട്ടുകള്‍ക്ക് മാണി സി. കാപ്പനോട് പരാജയപ്പെട്ടു. കഴിഞ്ഞ പരാജയത്തിന് ശേഷം രാജ്യസഭാ അംഗമെന്ന നിലയില്‍ കിട്ടിയ ഫണ്ട് അധികവും പാലായില്‍ ചെലവഴിച്ചും മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിച്ചും സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ജോസ് കെ. മാണി. ഇത്തവണ സിപിഎമ്മിനും ജോസിനോട് വലിയ താല്പര്യമുണ്ടെന്നത് അനുകൂല ഘടകമാണ്.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പാലായ്ക്ക് മന്ത്രിയുണ്ടാകുമെന്ന് ഉയര്‍ത്തിക്കാട്ടിയാണ് മാണി സി. കാപ്പന്‍ പ്രചാരണം നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും അദ്ദേഹത്തിന് പ്രതീക്ഷ നല്‍കുന്നു. ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്ന കോട്ടയം ജില്ലയിലെ മണ്ഡലം കൂടിയാണ് പാലാ എന്നതിനാല്‍ വരും ദിവസങ്ങളില്‍ മത്സരം കൂടുതല്‍ കടുക്കും.
