മരിക്കും മുന്‍പേ മരണവാര്‍ത്ത തയ്യാറായി! അത് തൂങ്ങിമരണമല്ല, ക്രൂരമായ കൊലപാതകം! ജെഫ്രി എപ്സ്റ്റീന്റെ സെല്ലില്‍ അന്ന് രാത്രി നടന്നത് വന്‍ ഗുഢാലോചന; കഴുത്തിലെ ആ മൂന്ന് ഒടിവുകള്‍ കള്ളം പറയില്ല; ബെഡ്ഷീറ്റ് കുരുക്കല്ല മരണകാരണം? ജയിലിനുള്ളിലെ ആ 'ഓറഞ്ച് നിഴല്‍' ആരുടേത്? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നോ? വീണ്ടും അന്വേഷിക്കണമെന്ന് ഡോക്ടര്‍ മൈക്കല്‍ ബാഡന്‍
ന്യൂയോര്‍ക്ക്: ലോകത്തെ അതിസമ്പന്നര്‍ക്കും ഭരണാധികാരികള്‍ക്കും പെണ്‍കുട്ടികളെ കാഴ്ചവെച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ മരണം വെറുമൊരു ആത്മഹത്യയല്ല, കൃത്യമായ പ്ലാനിംഗിലൂടെ നടത്തിയ കൊലപാതകമെന്ന വെളിപ്പെടുത്തലുമായി മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടത്തിയ സംഘത്തിലുള്ള ഡോക്ടര്‍. ഏഴ് വര്‍ഷത്തോളമായി അമേരിക്കന്‍ ഭരണകൂടം മൂടിവെക്കാന്‍ ശ്രമിച്ച ആ രഹസ്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എപ്സ്റ്റീന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൈക്കല്‍ ബാഡന്റെ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍ അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. എപ്സ്റ്റീന്‍ തൂങ്ങിമരിച്ചതല്ലെന്നും ആരോ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് ഡോക്ടര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2019 ഓഗസ്റ്റ് 10-ന് മെട്രോപൊളിറ്റന്‍ കറക്ഷണല്‍ സെന്ററില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ എപ്സ്റ്റീന്റെ മരണകാരണം വീണ്ടും അന്വേഷിക്കണമെന്ന് ഡോ. മൈക്കല്‍ ബാഡന്‍ ആവശ്യപ്പെട്ടു.
സാധാരണഗതിയില്‍ തൂങ്ങിമരിക്കുന്ന ഒരാളുടെ കഴുത്തില്‍ കാണാത്ത തരത്തിലുള്ള മൂന്ന് പ്രധാന ഒടിവുകളാണ് (Fractures) എപ്സ്റ്റീന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഹൈയോയ്ഡ് അസ്ഥിയിലും തൈറോയ്ഡ് തരുണാസ്ഥിയുടെ ഇരുഭാഗങ്ങളിലുമുള്ള ഈ പരിക്കുകള്‍ കഴുത്തില്‍ ശക്തമായി ബലം പ്രയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുമ്പോഴാണ് സംഭവിക്കുകയെന്ന് ഡോ. ബാഡന്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 50 വര്‍ഷമായി ജയിലിലെ മരണങ്ങള്‍ പരിശോധിക്കുന്ന താന്‍ ഇത്തരമൊരു 'ആത്മഹത്യ' കണ്ടിട്ടില്ലെന്നാണ് 92-കാരനായ ഈ വിദഗ്ധന്‍ പറയുന്നത്. 'ബെഡ്ഷീറ്റ് കൊണ്ടുള്ള കുരുക്കല്ല മരണകാരണം. കഴുത്തിലെ അടയാളങ്ങളും കണ്ടെടുത്ത തുണിയും തമ്മില്‍ യാതൊരു പൊരുത്തവുമില്ല. പോസ്റ്റ്‌മോര്‍ട്ടം സമയത്ത് ചീഫ് എക്‌സാമിനര്‍ അവിടെ ഉണ്ടായിരുന്നില്ല.' - ഡോ. ബാഡന്‍ ആരോപിക്കുന്നു. ബില്‍ ക്ലിന്റണ്‍ മുതല്‍ ഡൊണാള്‍ഡ് ട്രംപ് വരെ നീളുന്ന പ്രമുഖരുമായി അടുത്ത ബന്ധമുണ്ടായിരുന്ന എപ്സ്റ്റീന്‍, തന്റെ കൈയിലുള്ള രഹസ്യങ്ങള്‍ പുറത്തുവിടുമോ എന്ന ഭയമാണോ കൊലപാതകത്തിലേക്ക് നയിച്ചത്? ഒരു വമ്പന്‍ ഫെഡറല്‍ ക്രിമിനല്‍ കേസിന് തിരശ്ശീല വീഴ്ത്താന്‍ ഭരണകൂടം ആത്മഹത്യയെന്ന കഥ മെനഞ്ഞതാണോ? ഡോക്ടറുടെ വെളിപ്പെടുത്തല്‍ പലവിധത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
എപ്സ്റ്റീന്റെ മരണം നടന്ന രാത്രിയില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന ന്യൂയോര്‍ക്ക് ജയിലില്‍ നടന്നത് അവിശ്വസനീയമായ കാര്യങ്ങളാണ്. എപ്സ്റ്റീന്റെ സെല്ലിന് മുന്നിലെ രണ്ട് പ്രധാന സിസിടിവി ക്യാമറകള്‍ അന്ന് രാത്രി പണിമുടക്കി! അവിടെ എന്ത് നടന്നുവെന്ന് അറിയാന്‍ ഒരു വഴിയുമില്ല. പുതുതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ എപ്സ്റ്റീന്റെ സെല്ലിന് അടുത്തുള്ള ഗോവണിപ്പടിയിലൂടെ ഒരു 'ഓറഞ്ച് നിഴല്‍രൂപം' നീങ്ങുന്നത് കാണാം. ഇത് മറ്റൊരു തടവുകാരനാണെന്ന് എഫ്ബിഐ സംശയിക്കുമ്പോഴും ആ രൂപം ആരുടേതെന്ന കാര്യത്തില്‍ ഇന്നും ദുരൂഹത തുടരുന്നു. പുലര്‍ച്ചെ 3 മണിക്കും 5 മണിക്കും നടത്തേണ്ട പരിശോധനകള്‍ ഗാര്‍ഡുകള്‍ ബോധപൂര്‍വ്വം ഒഴിവാക്കി. എപ്സ്റ്റീനെ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ പരിഭ്രാന്തരായി ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട 30 ലക്ഷം രേഖകളില്‍ ഏറ്റവും ഞെട്ടിക്കുന്നത് ഒരു ഔദ്യോഗിക ഫെഡറല്‍ പ്രസ്താവനയാണ്. എപ്സ്റ്റീനെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഓഗസ്റ്റ് 10 ശനിയാഴ്ച പുലര്‍ച്ചെയാണെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍, ഓഗസ്റ്റ് 9 വെള്ളിയാഴ്ച തന്നെ എപ്സ്റ്റീന്‍ മരിച്ചതായി രേഖപ്പെടുത്തിയ പ്രസ്താവന ഫയലുകളിലുണ്ട്! ഇത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
പെണ്‍വാണിഭക്കേസില്‍ വിചാരണ കാത്തിരിക്കെ എപ്സ്റ്റീന്‍ സ്വയം ജീവനൊടുക്കിയതാണെന്ന ന്യൂയോര്‍ക്ക് മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസിന്റെ നിഗമനത്തെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളയുന്നു. എപ്സ്റ്റീന്റെ കുടുംബം നിയമിച്ച പാത്തോളജിസ്റ്റ് കൂടിയായ ഡോ. മൈക്കല്‍ ബാഡന്‍ 'ദ ടെലിഗ്രാഫിനോട്' പറഞ്ഞത് ഇങ്ങനെയാണ്: 'എന്റെ അഭിപ്രായത്തില്‍, അദ്ദേഹത്തിന്റെ മരണം തൂങ്ങിമരണത്തേക്കാള്‍ ഉപരിയായി കഴുത്തില്‍ ബലമായി മുറുക്കി ശ്വാസംമുട്ടിച്ചത് മൂലമാകാനാണ് സാധ്യത.' എപ്സ്റ്റീന്‍ മരിച്ച് ഏഴ് വര്‍ഷത്തോടടുക്കുമ്പോഴാണ് ഈ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ലഭ്യമായ എല്ലാ വിവരങ്ങളും പരിശോധിക്കുമ്പോള്‍, മരണകാരണത്തെക്കുറിച്ചും മരണം നടന്ന രീതിയെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍ നേരിട്ടല്ല പോസ്റ്റ്മോര്‍ട്ടം നടത്തിയത് എങ്കിലും, പരിശോധനാ സമയത്ത് എപ്സ്റ്റീന്റെ കുടുംബത്തിന് വേണ്ടി ഒരു നിരീക്ഷകനായി അദ്ദേഹം അവിടെ സന്നിഹിതനായിരുന്നു. മരിച്ച എപ്സ്റ്റീനുമായി ബന്ധപ്പെട്ട മുപ്പത് ലക്ഷത്തിലധികം രേഖകള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടതിന് പിന്നാലെ, എപ്സ്റ്റീന്റെ മരണത്തെക്കുറിച്ചും കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. പുറത്തുവന്ന പുതിയ രേഖകളുടെ കൂട്ടത്തില്‍, എപ്സ്റ്റീന്റെ മൃതദേഹം ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ നിമിഷത്തിന്റെ ഇതുവരെ ആരും കാണാത്ത ദൃശ്യങ്ങളും ഉള്‍പ്പെടുന്നു.
എപ്സ്റ്റീന്‍ മരിച്ച ദിവസം രാവിലെ 6.30-ഓടെ ഒരു ജയില്‍ ഗാര്‍ഡ് അദ്ദേഹത്തിന്റെ സെല്ലിന് അടുത്തുള്ള ഡെസ്‌കിലേക്ക് നടന്നുപോകുന്ന നിഴല്‍രൂപം വീഡിയോയില്‍ കാണാം. വെറും 10 സെക്കന്റുകള്‍ക്ക് ശേഷം ഇയാള്‍ സെല്ലിന് ഉള്ളിലേക്ക് പോകുന്നു. ഇതിന് ഏകദേശം ഒരു മിനിറ്റിന് ശേഷം, സെക്യൂരിറ്റി ഡെസ്‌കിനും എപ്സ്റ്റീന്റെ സെല്ലിനും ഇടയിലായി ഒരു ഗാര്‍ഡ് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കാണാം. തൊട്ടുപിന്നാലെ മറ്റ് രണ്ട് ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പം ചേരുന്നു. തുടര്‍ന്ന് ഈ രണ്ട് ഇടങ്ങള്‍ക്കുമിടയില്‍ ഗാര്‍ഡുകള്‍ പരിഭ്രാന്തരായി ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രാവിലെ 6.39-ഓടെ എപ്സ്റ്റീന്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ അടുത്ത കാലത്തൊന്നും രാജ്യം ഇത്രയധികം ഉറ്റുനോക്കിയിട്ടില്ലാത്ത ഒരു വമ്പന്‍ ഫെഡറല്‍ ക്രിമിനല്‍ കേസിന് പെട്ടെന്ന് തിരശ്ശീല വീഴുകയായിരുന്നു.
എന്നാല്‍, പുതുതായി പുറത്തുവിട്ട ഫയലുകള്‍ പ്രകാരം, എപ്സ്റ്റീന്‍ മരിച്ച രാത്രിയില്‍ അദ്ദേഹത്തിന്റെ സെല്ലിന് അടുത്തുള്ള ഗോവണിപ്പടിയിലൂടെ ഒരു അജ്ഞാതരൂപം മുകളിലേക്ക് നീങ്ങുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആരുടേതെന്ന് വ്യക്തമല്ലാത്ത രൂപത്തിന്റെ സാന്നിധ്യം യുഎസ് നീതിന്യായവകുപ്പ് പുറത്തുവിട്ട വീഡിയോയിലാണുള്ളത്. ഓറഞ്ച് നിറത്തിലുള്ള ഒരു രൂപം ചലിക്കുന്നതായാണ് വീഡിയോയിലുള്ളത്. 2019 ഓഗസ്റ്റ് ഒന്‍പതാം തീയതി രാത്രിയിലേതാണ് ദൃശ്യം. ഓഗസ്റ്റ് പത്താം തീയതിയാണ് എപ്സ്റ്റീനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
എപ്സ്റ്റീനെ പാര്‍പ്പിച്ചിരുന്ന ഫ്‌ലോറിലേക്ക് നടന്നുകയറിയ ഒരു 'തടവുകാരന്റെ' ദൃശ്യങ്ങളാകാം ഇതെന്നാണ് കരുതപ്പെടുന്നത്. വിശദമായ മറ്റ് രേഖകള്‍ പ്രകാരം, ഈ അജ്ഞാത വ്യക്തിയുടെ നീക്കത്തെക്കുറിച്ച് അധികൃതര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. അത് മറ്റൊരു തടവുകാരനാണെന്ന് എഫ്.ബി.ഐ സംശയിച്ചപ്പോള്‍, തടവുകാരെല്ലാം ലോക്ക്ഡൗണിലായതിനാല്‍ ആരെങ്കിലും തടവുകാര്‍ക്കുള്ള ബെഡ്ഷീറ്റോ മറ്റ് തുണികളോ മുകളിലേക്ക് കൊണ്ടുപോയതാകാം എന്നാണ് ഇന്‍സ്പെക്ടര്‍ ജനറല്‍ കുറിച്ചത്. പുതിയ വിവരങ്ങളുടെ വെളിച്ചത്തില്‍, എപ്സ്റ്റീന്റെ മരണകാരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ഡോ. ബാഡന്‍ ശക്തമായി ആവശ്യപ്പെടുന്നു.
കഴിഞ്ഞ ഡിസംബറില്‍, യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട 'എപ്സ്റ്റീന്‍ ഫയലുകളുടെ' ആദ്യ ഭാഗത്തില്‍ അദ്ദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ നീക്കം ചെയ്ത പതിപ്പായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. അതിന്‍പ്രകാരം എപ്സ്റ്റീന്റെ 'മരണ രീതി' എന്നത് 'തീരുമാനമാകാത്തത്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്; കൊലപാതകം, ആത്മഹത്യ എന്നീ കോളങ്ങള്‍ പൂരിപ്പിക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്. 2019 ഓഗസ്റ്റ് 11-ന് നടന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമുള്ള തന്റെ ഔദ്യോഗിക നിഗമനം 'അനിശ്ചിതത്വം നിറഞ്ഞതായിരുന്നു' എന്ന് ഡോ. ബാഡന്‍ പറയുന്നു. മരണകാരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കാനിരിക്കെയാണ് എപ്സ്റ്റീന്റെ മരണ സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷം, അന്നത്തെ ന്യൂയോര്‍ക്ക് ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ ഡോ. ബാര്‍ബറ സാംപ്സണ്‍ ഈ തീരുമാനത്തില്‍ തിരുത്തല്‍ വരുത്തിയതായി പറയപ്പെടുന്നു. എപ്സ്റ്റീന്റേത് തൂങ്ങിമരണമാണെന്നും അത് ആത്മഹത്യയാണെന്നും അവര്‍ വിധിയെഴുതി. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ ഡോ. സാംപ്സണ്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന് ഡോ. ബാഡന്‍ ആരോപിക്കുന്നു. അന്ന് ഡോ. ബാഡന്റെ 'ശ്വാസംമുട്ടിച്ചു കൊന്നതാണ്' എന്ന വാദത്തെ പരസ്യമായി തള്ളിക്കളഞ്ഞ ഡോ. സാംപ്സണ്‍, തന്റെ നിഗമനത്തില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കിയിരുന്നു. എന്നാല്‍ എപ്സ്റ്റീന്റെ അഭിഭാഷകര്‍ മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ടില്‍ സംതൃപ്തരല്ലെന്നും ഡോ. ബാഡന്റെ ആശങ്കകള്‍ പങ്കുവെക്കുന്നതായും അറിയിച്ചു. ഡോ. സാംപ്സന്റെ വാദം യാതൊരു പുനഃപരിശോധനയും ഇല്ലാതെ അന്ധമായി അംഗീകരിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണഗതിയില്‍ അസ്വാഭാവികമോ സംശയാസ്പദമോ ആയ മരണങ്ങളില്‍ അന്തിമ നിഗമനത്തിലെത്താന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം.
2019-ല്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, 'തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് ആത്മഹത്യയിലേക്കല്ല, മറിച്ച് കൊലപാതകത്തിലേക്കാണ്' എന്ന് പറഞ്ഞ് ആദ്യമായി ആരോപണമുന്നയിച്ചവരില്‍ ഒരാളായിരുന്നു ഡോ. ബാഡന്‍. 'അന്ന് പറഞ്ഞ അതേ അഭിപ്രായത്തില്‍ ഞാന്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ആത്മഹത്യ ചെയ്ത ഒരാളുടേതിനേക്കാള്‍, കഴുത്തില്‍ ശക്തമായി ബലം പ്രയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ഒരാളുടെ പരിക്കുകള്‍ക്ക് സമാനമായ അടയാളങ്ങളാണ്,' അദ്ദേഹം ടെലിഗ്രാഫിനോട് പറഞ്ഞു. അതേസമയം നീതിന്യായ വകുപ്പും എഫ്.ബി.ഐയും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത് എപ്സ്റ്റീന്‍ സ്വയം ജീവനൊടുക്കിയതാണെന്നും ജയിലിനുള്ളില്‍ അദ്ദേഹം കൊല്ലപ്പെട്ടതിന് യാതൊരു തെളിവുമില്ലെന്നുമാണ്.
ഔദ്യോഗിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം എപ്സ്റ്റീന്റെ കഴുത്തില്‍ മൂന്ന് വ്യത്യസ്ത ഒടിവുകള്‍ (fractures) കണ്ടെത്തിയിരുന്നു: ഇടത് വശത്തെ ഹൈയോയ്ഡ് അസ്ഥിയിലും, തൈറോയ്ഡ് തരുണാസ്ഥിയുടെ വലത് ഭാഗത്തും ഇടത് ഭാഗത്തുമാണ് ഈ ഒടിവുകള്‍ കണ്ടത്. ന്യൂയോര്‍ക്കിലെ ജയിലുകളില്‍ തടവുകാര്‍ മരിച്ച സംഭവങ്ങളില്‍ കഴിഞ്ഞ 50 വര്‍ഷമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്ന താന്‍, ആത്മഹത്യ ചെയ്ത ഒരാളുടെ കഴുത്തില്‍ ഇത്തരത്തില്‍ മൂന്ന് ഒടിവുകള്‍ ഇന്നുവരെ കണ്ടിട്ടില്ലെന്ന് 92-കാരനായ ഡോ. ബാഡന്‍ പറയുന്നു.
ജനുവരി 30-ന് പുറത്തുവിട്ട 30 ലക്ഷത്തോളം ഫയലുകളിലെ പൊരുത്തക്കേടുകള്‍ എപ്സ്റ്റീന്റെ മരണത്തിലെ ദുരൂഹത വീണ്ടും വര്‍ദ്ധിപ്പിച്ചു. എപ്സ്റ്റീന്‍ മരിച്ച വിവരം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുന്‍പുള്ള തീയതി രേഖപ്പെടുത്തിയ ഒരു ഫെഡറല്‍ പ്രസ്താവന ഈ ഫയലുകളില്‍ കണ്ടെത്തി. 2019 ഓഗസ്റ്റ് 9 വെള്ളിയാഴ്ച രേഖപ്പെടുത്തിയ ഈ രേഖയില്‍ എപ്സ്റ്റീന്‍ മരിച്ചതായി പറയുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം ഓഗസ്റ്റ് 10 ശനിയാഴ്ച പുലര്‍ച്ചെ മാത്രമാണ് ജയില്‍ ഉദ്യോഗസ്ഥന്‍ എപ്സ്റ്റീനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന ജയിലിലെ വലിയ വീഴ്ചകള്‍ക്കിടയിലാണ് ഈ മരണം സംഭവിച്ചത്. മരണത്തിന് മുന്‍പുള്ള രാത്രിയില്‍ ജയില്‍ ഗാര്‍ഡുകള്‍ കൃത്യമായ ഇടവേളകളില്‍ നടത്തേണ്ട പരിശോധനകള്‍ നടത്തിയിരുന്നില്ല. പുലര്‍ച്ചെ 3 മണിക്കും 5 മണിക്കും നടത്തേണ്ടിയിരുന്ന പരിശോധനകള്‍ ഗാര്‍ഡുകള്‍ ഒഴിവാക്കി. കൂടാതെ, എപ്സ്റ്റീന്റെ സെല്ലിന് പുറത്തെ സി.സി.ടി.വി ക്യാമറകള്‍ അന്ന് രാത്രി പ്രവര്‍ത്തിച്ചിരുന്നില്ല. രണ്ട് ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായത് കാരണം എപ്സ്റ്റീന്റെ അവസാന നിമിഷങ്ങളില്‍ അവിടെ എന്ത് നടന്നുവെന്ന് അറിയാന്‍ മാര്‍ഗ്ഗമില്ലാതെയായി.
ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം, സെല്ലിനുള്ളില്‍ കണ്ടെത്തിയ ഓറഞ്ച് നിറത്തിലുള്ള ബെഡ്ഷീറ്റ് കൊണ്ടുണ്ടാക്കിയ കുരുക്കല്ല മരണത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം സമയത്ത് താന്‍ ഇത് ശ്രദ്ധിച്ചിരുന്നുവെന്നും കഴുത്തിലെ പാടുകളും ബെഡ്ഷീറ്റും തമ്മില്‍ പൊരുത്തമില്ലായിരുന്നുവെന്നും ഡോ. ബാഡന്‍ വെളിപ്പെടുത്തി. മൃതദേഹം കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ പിഴവുകള്‍ കാരണം നിര്‍ണ്ണായക തെളിവുകള്‍ നഷ്ടപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. മൃതദേഹം ഉടന്‍ മാറ്റിയതും, ഗാര്‍ഡുകള്‍ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചതും അസാധാരണമായ നടപടികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും പ്രധാനമായി, എപ്സ്റ്റീന്റെ കൃത്യമായ മരണസമയം കണ്ടെത്താന്‍ ഇന്നും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
