നാലു കൊല്ലം മുമ്പത്തെ ഹരിപ്പാട്ടെ പപ്പടത്തല്ല് പാഠമാകുന്നില്ല; ഇക്കുറി തിരുവനന്തപുരത്ത് അടിപൂരം; പപ്പടം കിട്ടിയില്ലെങ്കില്‍ പിന്നെന്ത് കല്യാണം? ഊരുട്ടമ്പലത്ത് സദ്യക്കിടെ കസേരകള്‍ ആകാശത്തേക്ക് ഉയര്‍ന്നു; പപ്പടപ്പേരില്‍ അടിയുണ്ടാക്കി നാണംകെട്ട് നാട്ടുക്കാരും വീട്ടുകാരും; പരാതിയില്ലെന്ന് പറഞ്ഞ് കേസൊഴിവാക്കി വരനും വധുവും

Update: 2026-02-14 03:20 GMT

തിരുവനന്തപുരം: പപ്പടം ചോദിച്ചാല്‍ കിട്ടണം, ഇല്ലെങ്കില്‍ അടിച്ചു പഞ്ചറാക്കും! പപ്പടം കിട്ടാത്തതിന്റെ പേരില്‍ ഹരിപ്പാട് നടന്ന കൂട്ടത്തല്ലിന്റെ ആവേശം ഇങ്ങ് തലസ്ഥാനത്തുമെത്തി. ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കരയില്‍ നടന്ന വിവാഹ സല്‍ക്കാരമാണ് പപ്പടത്തിന്റെ പേരില്‍ യുദ്ധക്കളമായി മാറിയത്. പപ്പടം വിളമ്പാന്‍ വൈകിയതിനെ ചൊല്ലി തുടങ്ങിയ വാക്കേറ്റം ഒടുവില്‍ ഇരു വീട്ടുകാരും തമ്മിലുള്ള പൊരിഞ്ഞ തല്ലിലാണ് കലാശിച്ചത്. ആറന്മുള വള്ളസദ്യയുടെ ആവേശത്തില്‍ 'പപ്പടം പപ്പടം' എന്ന് പാടി വിളിക്കുന്ന മലയാളിയെ കണ്ടിട്ടുണ്ടെങ്കിലും, പപ്പടം കിട്ടാത്തതിന്റെ പേരില്‍ പന്തലിലെ കസേരകള്‍ കൊണ്ട് തല തല്ലിപ്പൊളിക്കുന്ന ക്രൂര വിനോദം തിരുവനന്തപുരത്തും ആവര്‍ത്തിക്കപ്പെടുകയാണ്.

മാറനല്ലൂര്‍ - നരുവാമൂട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള വിവാഹ ഹാളിലായിരുന്നു ഈ 'പപ്പട സമരം' അരങ്ങേറിയത്. സദ്യ പാതിയാകുമ്പോഴേക്കും ഊട്ടുപുരയില്‍ പപ്പടത്തിന്റെ സ്റ്റോക്ക് തീര്‍ന്നതാണ് കയ്യാങ്കളിക്ക് കാരണമായത്. നേരിയ തര്‍ക്കമായി തുടങ്ങിയ സംഗതി വൈകാതെ തന്നെ ഇരു വീട്ടുകാരും തമ്മിലുള്ള അന്തസ്സും ആഭിജാത്യവും നോക്കിയുള്ള ഏറ്റുമുട്ടലായി മാറി. കസേരകളും പാത്രങ്ങളും വായുവില്‍ പറന്നതോടെ പോലീസ് സ്ഥലത്തെത്തി. ഹരിപ്പാട്ട് ഓഡിറ്റോറിയം ഉടമയ്ക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെങ്കില്‍ ഇവിടെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

അടി കഴിഞ്ഞ് പോലീസ് എത്തിയപ്പോള്‍ പരാതിയില്ലെന്ന പല്ലവിയാണ് ഇരു വീട്ടുകാരും പാടിയത്. അടിയും ഇടിയും കൊണ്ട് അവശരായെങ്കിലും പോലീസിന് പരാതി നല്‍കാന്‍ മാത്രം ആര്‍ക്കും താല്പര്യമില്ല. സ്വന്തം കല്യാണത്തിന് പപ്പടത്തിന്റെ പേരില്‍ അടിയുണ്ടാക്കി എന്ന് നാട്ടുകാര്‍ അറിയുന്നതിലെ നാണക്കേട് ഭയന്നാണ് ഈ പിന്‍മാറ്റം. എന്നാല്‍ കാര്യങ്ങള്‍ അവിടം കൊണ്ടും തീര്‍ന്നില്ല. കല്യാണത്തിന് കൂടിയ വിരുന്ന്കാര്‍ തല്ലിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെ പപ്പടത്തല്ല് കേരളമാകെ വൈറലായി. ഹരിപ്പാട്ടെ പപ്പടത്തല്ലിന് ലഭിച്ച ട്രോളുകളെ വെല്ലുന്ന രീതിയിലുള്ള പരിഹാസങ്ങളാണ് തിരുവനന്തപുരത്തെ ഈ 'സംഭവത്തിനും' ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കരയിലാണ് പുതിയ സംഭവം. വിവാഹ സല്‍ക്കാര ഹാളില്‍ പപ്പടം എത്താതിരുന്നതോടെയാണ് ഊട്ടുപുരയില്‍ നിന്ന് അടി തുടങ്ങിയത്. നേരിയ വാക്കേറ്റം പിന്നീട് തര്‍ക്കത്തിലേക്കു നീങ്ങി. പിന്നീട് ഇരുഭാഗത്തെയും ആളുകള്‍ ഏറ്റുപിടിച്ചതോടെ തല്ലിലേക്കു നീങ്ങുകയായിരുന്നു. മാറനല്ലൂര്‍ നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശത്തായിരുന്നു വിവാഹ സല്‍ക്കാരം. വിവരമറിഞ്ഞ് മാറനല്ലൂരില്‍ നിന്നും നരുവാമൂട്ടില്‍ നിന്നും പൊലീസ് എത്തി. എന്നാല്‍ പരാതി നല്‍കാന്‍ ഇരുകൂട്ടരും തയാറായില്ല. ഇതോടെ പൊലീസ് മടങ്ങി. പരാതിയില്ലെന്ന് പെണ്ണിന്റെയും ചെറുക്കന്റെയും കൂട്ടര്‍ പറഞ്ഞുവെങ്കിലും അടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

ഹരിപ്പാട് വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ ചൊല്ലി കൂട്ടത്തല്ലില്‍ ഓഡിറ്റോറിയത്തില്‍ സംഭവിച്ചത് വലിയ നഷ്ടമായിരുന്നു. കസേരകള്‍ ഉപയോഗിച്ച് വരെ നടന്ന തല്ല് കല്യാണ ഓഡിറ്റോറിയത്തിന് പുറത്തേക്കും വ്യാപിച്ചു. ഓഡിറ്റോറിയത്തിന്റെ ഉടമ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവം കേസായിരുന്നു. പപ്പടം അധികം ചോദിച്ചതിന്റെ പേരില്‍ വിവാഹ സദ്യക്കിടെ കൂട്ടത്തല്ല് നടന്ന സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്ന് കരീലകുളങ്ങര പൊലീസാണ് കേസെടുത്തത്.

ഹരിപ്പാട് മുട്ടം ചൂണ്ടുപലക ജംഗ്ഷന് സമീപത്തെ ഓഡിറ്റോറിയത്തിലാണ് വിവാഹസദ്യക്കിടെ പപ്പടത്തിന്റെ പേരില്‍ നാലു വര്‍ഷം മുമ്പ് അടി നടന്നത്. സദ്യ വിളമ്പുന്നതിനിടെ വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ വീണ്ടും പപ്പടം ചോദിച്ചതിനെത്തുടര്‍ന്നുള്ള വാക്കേറ്റമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

Tags:    

Similar News