ഡ്രാഗണ്‍ പടയെ 'ലോക്ക്' ചെയ്ത് ഇന്ത്യയുടെ എഐ കണ്ണ്! അരുണാചല്‍ അതിര്‍ത്തിയിലെ ചൈനയുടെ രഹസ്യനീക്കം മുന്‍കൂട്ടി പ്രവചിച്ചു; ഇന്ത്യന്‍ സേനയെ വിന്യസിച്ചു; ഒരു ജീവന്‍ പോലും നഷ്ടപ്പെടാതെ അപ്രതീക്ഷിത നീക്കം പരാജയപ്പെടുത്തി; ഉത്തരവാദിത്തമുള്ള 'എഐ ശക്തി'യായി ഇന്ത്യ മാറുന്നുവെന്ന് ജനറല്‍ ദിനേഷ് സിങ് റാണ

Update: 2026-02-18 08:39 GMT

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ഇന്ത്യാ- ചൈന യഥാര്‍ഥ നിയന്ത്രണരേഖയില്‍ (എല്‍എസി) ചൈന നടത്തിയ അപ്രതീക്ഷിത നീക്കം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത പ്രവചന ടൂളുകള്‍ ഉപയോഗിച്ച് ഇന്ത്യ വിജയകരമായി പരാജയപ്പെടുത്തിയതായി സൈന്യം. തര്‍ക്കമേഖലയിലെ ചൈനീസ് സാന്നിധ്യത്തെക്കുറിച്ച് സൂചനകള്‍ നല്‍കാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതും ചെലവ് കുറഞ്ഞതുമായ എഐ സംവിധാനം സഹായിച്ചതായി സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ ദിനേഷ് സിങ് റാണ പറഞ്ഞു. ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടി 2026-ല്‍ സംസാരിക്കവെയാണ് ലഫ്റ്റനന്റ് ജനറല്‍ ദിനേഷ് സിങ് റാണ ഇക്കാര്യം വെളിപ്പെടുത്തിയത്. ആധുനിക യുദ്ധം, തന്ത്രപരമായ സിദ്ധാന്തങ്ങള്‍, ദേശീയ സുരക്ഷാ ആസൂത്രണം എന്നിവയെ എഐ പരിവര്‍ത്തനം ചെയ്യുകയാണെന്നും അദ്ദേഹം സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി

'അവര്‍ എന്തോ ഒരു കാര്യത്തിന് തയ്യാറെടുക്കുന്നത് എഐ സംവിധാനത്തിലൂടെ നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അവരുടെ നീക്കത്തിന്റെ സമയം പ്രവചിക്കാനും ഞങ്ങള്‍ക്ക് കൃത്യമായി കഴിഞ്ഞു. അഭൂതപൂര്‍വമായ നീക്കമായിരുന്നു ചൈന നടത്തിയത്. എഐ സഹായത്തോടെ സമയബന്ധിതമായി രഹസ്യാന്വേഷണ വിഭാഗം പ്രവര്‍ത്തിച്ചു. ഇതിലൂടെ സേനയെ കൃത്യമായി വിന്യസിച്ചു, ഒഴിപ്പിക്കല്‍ ആസൂത്രണം ചെയ്തു. അതിന്റെ ഫലമായി ഇന്ത്യന്‍ ഭാഗത്ത് ആര്‍ക്കും ജീവന്‍ നഷ്ടമായില്ല. ഇന്ത്യ ഒരു സൂപ്പര്‍ പവര്‍ ആകാന്‍ ആഗ്രഹിക്കുമ്പോള്‍, ഉത്തരവാദിത്തമുള്ള ആണവ ശക്തിയായിരിക്കുന്നതുപോലെ നമ്മള്‍ ഉത്തരവാദിത്തമുള്ള ഒരു എഐ ശക്തിയായും മാറണം'- അദ്ദേഹം വ്യക്തമാക്കി.

ആധുനിക യുദ്ധമുറകളിലും ദേശീയ സുരക്ഷാ ആസൂത്രണത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അരുണാചലിലെ തര്‍ക്ക മേഖലയില്‍ ചൈനീസ് സൈനിക നീക്കത്തിന്റെ ആദ്യ സൂചനകള്‍ കണ്ടെത്താന്‍ പ്രാദേശികമായി വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ ഒരു എ.ഐ സംവിധാനം സഹായിച്ചതായാണ് ലഫ്റ്റനന്റ് ജനറല്‍ റാണ പറഞ്ഞത്. ഈ സംവിധാനത്തിലൂടെ ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ കൃത്യമായി മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. സൈനികരുടെ വിന്യാസം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും ഈ സാങ്കേതികവിദ്യ ഇന്ത്യക്ക് വലിയ മുന്‍തൂക്കം നല്‍കി.

ചൈനയുടെ ഈ നീക്കം മുമ്പ്‌നടന്നിട്ടില്ലാത്തത് ആയിരുന്നെങ്കിലും കൃത്യസമയത്ത് ലഭിച്ച എ.ഐ വിവരങ്ങള്‍ സൈന്യത്തെ കൃത്യമായി വിന്യസിക്കാനും ഒഴിപ്പിക്കല്‍ നടപടികള്‍ ആസൂത്രണം ചെയ്യാനും സഹായിച്ചു. ഇതിന്റെ ഫലമായി ഇന്ത്യന്‍ ഭാഗത്ത് യാതൊരുവിധ ആള്‍നാശവും സംഭവിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എ.ഐ ഇപ്പോള്‍ കേവലം ഒരു ഭാവി സങ്കല്പമല്ലെന്നും ആഗോള ശക്തികളുടെ പോരാട്ടത്തില്‍ അത് നിര്‍ണ്ണായകമായ ഒരു ഘടകമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസും ചൈനയും ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ എഐ മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ടെന്നും ഇത് ലോകക്രമത്തെ മാറ്റുന്ന ഒരു എ.ഐ റേസായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുധങ്ങള്‍, ലക്ഷ്യങ്ങള്‍ തിരിച്ചറിയല്‍, സൈബര്‍ പ്രതിരോധം, വ്യാജ വാര്‍ത്തകളെ നേരിടല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ എ.ഐ ഉപയോഗിക്കുന്നുണ്ട്. സോഫ്റ്റ്വെയറിന് അപ്പുറം സൈനിക സിദ്ധാന്തങ്ങളിലും കമാന്‍ഡ് ഘടനകളിലും ഇത് വലിയ സ്വാധീനം ചെലുത്തുന്നു.

എ.ഐയുടെ വളര്‍ച്ച ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഇന്റലിജന്‍സ് തലത്തിലേക്ക് മാറുന്നത് വലിയ അവസരങ്ങള്‍ക്കൊപ്പം വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആണവായുധങ്ങള്‍ പോലെ തന്നെ തന്ത്രപരമായ സമ്മര്‍ദ്ദങ്ങള്‍ക്കായി എഐയും ഉപയോഗിക്കപ്പെട്ടേക്കാം. എന്നാല്‍ ഡിജിറ്റല്‍ സ്വഭാവമുള്ളതിനാല്‍ ഇതിനെ നിയന്ത്രിക്കുന്നത് ആണവ സാങ്കേതികവിദ്യയേക്കാള്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ചെലവ് കുറഞ്ഞ എ.ഐ സംവിധാനങ്ങള്‍ ഇന്ത്യ വികസിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യക്ക് സമഗ്രമായ ഒരു എ.ഐ സുരക്ഷാ നയം ആവശ്യമാണെന്നും ഒരു ഉത്തരവാദിത്വമുള്ള ആണവശക്തി എന്നപോലെ തന്നെ ഉത്തരവാദിത്വമുള്ള എ.ഐ ശക്തിയായി ഇന്ത്യ മാറണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News