മാമോഗ്രാം ചിത്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി രോഗം തിരിച്ചറിയാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത രോഗനിര്‍ണയ സംവിധാനം; സ്തനാര്‍ബുദം മുന്‍കുട്ടി കണ്ടെത്താന്‍ സഹായകമായ ഗവേഷണത്തിന് ഇന്ത്യന്‍ പേറ്റന്റ്

Update: 2026-02-20 06:56 GMT

സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തപ്പെടുന്ന കാന്‍സറായ സ്തനാര്‍ബുദം മുന്‍കൂട്ടി തിരിച്ചറിയുന്നതിന് സഹായകമായ ഒരു ഗവേഷണത്തിന് ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചു. ഈ പഠനം പിറവം ബി.പി.സി കോളേജ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷേബ കെ.യു. സര്‍ക്കാര്‍ കോളേജ് കാര്യവട്ടം കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ ഡോ. ഗ്ലാഡ്സ്റ്റണ്‍ രാജ് എസിന്റെ മേല്‍ നോട്ടത്തിലാണ് നടത്തിയത്.

മാമോഗ്രാം ചിത്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി സ്തനാര്‍ബുദം കൃത്യമായി തിരിച്ചറിയാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത രോഗനിര്‍ണയ സംവിധാനമാണ് ഈ ഗവേഷണത്തിന്റെ പ്രധാന നേട്ടം. ഫസി ലോജിക്, പാര്‍ട്ടിക്കിള്‍ സ്വോം ഒപ്റ്റിമൈസേഷന്‍ തുടങ്ങിയ ആധുനിക സോഫ്റ്റ് കംപ്യൂട്ടിംഗ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് രോഗനിര്‍ണയത്തിന്റെ കൃത്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കാന്‍ ഗവേഷണത്തിന് കഴിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലും അന്താരാഷ്ട്ര തലത്തിലുള്ള മിനി-മിംമസ് ഡാറ്റാബേസിലും നിന്നുള്ള മാമോഗ്രാം ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളില്‍, ഉയര്‍ന്ന കൃത്യതയും കാര്യക്ഷമതയും കൈവരിച്ചതായി ഗവേഷകര്‍ വ്യക്തമാക്കി. സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനും ചികിത്സാ സാധ്യതകള്‍ വര്‍ധിപ്പിക്കാനും ഈ ഗവേഷണം വലിയ സഹായമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Similar News