'ഇന്ത്യ പരിഗണിച്ചത് നിയമപരമായ വശങ്ങള്‍ക്കപ്പുറം മനുഷ്യത്വപരമായ കാഴ്ചപ്പാട്; ശരിയായ തീരുമാനമാണ് എടുത്തത്; ധാരാളം യുവ കേഡറ്റുകള്‍ കപ്പിലില്‍ ഉണ്ടായിരുന്നു'; ഇറാന്‍ യുദ്ധകപ്പലിന് കൊച്ചിയില്‍ അഭയം നല്‍കിയതില്‍ വിശദീകരണവുമായി എസ്. ജയശങ്കര്‍

Update: 2026-03-07 10:30 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചി തുറമുഖത്ത് അഭയം നല്‍കിയതില്‍ വിശദീകരണവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ന്യൂഡല്‍ഹിയില്‍ നടന്ന 2026-ലെ റൈസീന ഡയലോഗില്‍ സംസാരിക്കവെയാണ് ഐആര്‍ഐഎസ് ലവാന്‍ എന്ന ഇറാന്‍ കപ്പലിന് ഇന്ത്യ സഹായം നല്‍കിയതില്‍ എസ്. ജയശങ്കര്‍ വ്യക്തതവരുത്തിയത്. കപ്പലില്‍ നിരവധി യുവ കേഡറ്റുകള്‍ ഉണ്ടായിരുന്നുവെന്നും മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഇന്ത്യ ഈ തീരുമാനമെടുത്തതെന്നും ജയശങ്കര്‍ വ്യക്തമാക്കി. നിയമപരമായ വശങ്ങള്‍ക്കപ്പുറം മനുഷ്യത്വപരമായ കാഴ്ചപ്പാടിലൂടെയാണ് ഇന്ത്യ ഈ വിഷയത്തെ സമീപിച്ചതെന്നും ശരിയായ തീരുമാനമാണ് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഫെബ്രുവരി 28-ന് ഇന്ത്യയുടെ അതിര്‍ത്തിയോട് അടുത്തുണ്ടായിരുന്ന ഇറാനിയന്‍ കപ്പല്‍ ഇന്ത്യയുടെ തുറമുഖത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെന്ന് ഒരു സന്ദേശം ലഭിച്ചു. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നായിരുന്നു അവര്‍ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് ഒന്നിന്, നിങ്ങള്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തി കടക്കാമെന്ന് സന്ദേശമയച്ചു. തുടര്‍ന്ന് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു. ധാരാളം യുവ കേഡറ്റുകള്‍ കപ്പിലില്‍ ഉണ്ടായിരുന്നു', ജയ്ശങ്കര്‍ പറഞ്ഞു. ഇറാന്റെ മറ്റുരണ്ട് കപ്പലുകള്‍കൂടി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, അവര്‍ അതിര്‍ത്തിയില്‍ എത്തുന്നതിനുമുന്‍പ് സ്ഥിതിഗതികള്‍ മാറിമറിയുകയായിരുന്നുവെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് നാലിന് ഗാളിന് സമീപം അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വെച്ച് അമേരിക്കന്‍ ആക്രമണത്തിലാണ് 'ഐആര്‍ഐഎസ് ദെന' തകര്‍ന്നത്. ഐആര്‍ഐഎസ് ദെന യുഎസിന്റെ ആക്രമണത്തിനിരയായ അതേദിവസംതന്നെയാണ് ലവാന്‍ എന്ന യുദ്ധക്കപ്പലിന് ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയത്. ഇറാന്‍ യുദ്ധകപ്പലുകള്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തിയില്‍ അഭയം വാഗ്ദാനം ചെയ്തിരുന്നതായി പുറത്തുവന്ന വാര്‍ത്തകളിലാണ് ജയശങ്കറിന്റെ പ്രതികരണം.

വിശാഖപട്ടണത്തിന് സമീപം നടന്ന മിലാന്‍ 2026 സൈനികാഭ്യാസത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കപ്പലാണ് യുഎസ് മുക്കിയത്. മാര്‍ച്ച് നാലിനാണ് കപ്പലിനുനേരെ ആക്രമണമുണ്ടായത്. യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സുരക്ഷിത തുറമുഖം വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഐആര്‍ഐഎസ് ദേന യുഎസിന്റെ ആക്രമണത്തിനിരയായ അതേദിവസം തന്നെയാണ് ലവാന്‍ എന്ന യുദ്ധക്കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കിയത്. ഈ മേഖലയിലുണ്ടായിരുന്ന ലാവനില്‍നിന്ന് ഫെബ്രുവരി 28-ന് ഇന്ത്യയ്ക്ക് അഭ്യര്‍ഥന ലഭിച്ചിരുന്നു. മാര്‍ച്ച് 1-ന് ഇതിന് നങ്കൂരമിടാനുള്ള അനുമതി ലഭിക്കുകയും മാര്‍ച്ച് 4-ന് ലാവന്‍ കൊച്ചിയില്‍ എത്തുകയും ചെയ്തു. 183 അംഗങ്ങളുള്ള ഇതിലെ നാവികരെ കൊച്ചിയിലെ നാവിക താവളത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

മറ്റൊരു ഇറാനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ബുഷെഹ്റിന് ശ്രീലങ്ക വ്യാഴാഴ്ച അഭയം നല്‍കിയിരുന്നു. ഐആര്‍ഐഎസ് ദെനയ്ക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇത്. യുഎസ് ആക്രമണത്തില്‍ ഐആര്‍ഐഎസ് ദെനയിലുണ്ടായിരുന്ന 87 നാവികരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. 32 പേരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. 60 ഓളംപേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 180 നാവികരാണ് കപ്പലിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേന വിമാനങ്ങളും കപ്പലുകളും വിന്യസിച്ചിട്ടുണ്ട്.

Similar News