പാലക്കാട്ടെ ജനസാഗരത്തിന് പിന്നാലെ തൃശൂരിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കിലോമീറ്ററുകള്‍ നീണ്ട റോഡ് ഷോ; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഒപ്പം പത്മജയും സി.സി. മുകുന്ദനും കെ.കെ. അനീഷ് കുമാറും; മോദിയെ വരവേറ്റ് വിവിധ കലാരൂപങ്ങള്‍; സാംസ്‌കാരിക തലസ്ഥാനം ആവേശത്തില്‍

Update: 2026-03-29 12:04 GMT

തൃശൂര്‍/പാലക്കാട്: കേരളത്തിന്റെ രാഷ്ട്രീയ മണ്ണില്‍ പുതിയ ചരിത്രം രചിക്കാനുറച്ച് തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പന്‍ പ്രചാരണ ജൈത്രയാത്ര. പാലക്കാട്ടെ ജനസാഗരത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെത്തിയ പ്രധാനമന്ത്രി, കിലോമീറ്ററുകള്‍ നീണ്ട റോഡ് ഷോയിലൂടെ അക്ഷരാര്‍ത്ഥത്തില്‍ പ്രവര്‍ത്തകരെ ആവേശക്കടലിലാഴ്ത്തി. കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ പത്മജ വേണുഗോപാല്‍, സി.സി. മുകുന്ദന്‍, കെ.കെ. അനീഷ് കുമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ റോഡ് ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പം അണിനിരന്നു.

പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജിലെ ഹെലിപാഡിലിറങ്ങിയ അദ്ദേഹം അവിടെനിന്ന് ഏഴ് കിലോമീറ്റര്‍ ദൂരം കാര്‍ മാര്‍ഗമാണ് സ്വരാജ് റൗണ്ടിലേക്ക് എത്തിയത്. റോഡിനിരുവശത്തും ആയിരക്കണക്കിന് ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മോദിയെ കാണാനായെത്തി. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവര്‍ത്തകര്‍ മോദിയെ സ്വീകരിച്ചത്. തൃശൂര്‍ ജനറല്‍ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തമാണ് ദൃശ്യമായത്. തൃശൂര്‍ നഗരം കാവിക്കടലായി മാറിയ കാഴ്ചയായിരുന്നു അത്. 900 മീറ്റര്‍ ദൂരത്തില്‍ പലയിടങ്ങളിലായി വിവിധ കലാരൂപങ്ങളുടെ അവതരണങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്കായി ഒരുക്കിയത്. രണ്ടരവര്‍ഷത്തിനിടയില്‍ മൂന്നാം തവണയാണ് പ്രധാനമന്ത്രി തൃശൂരില്‍ എത്തിയത്.

കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എടുത്ത് പറഞ്ഞും എല്‍ ഡി എഫിനും യു ഡി എഫിനുമെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് എന്‍ ഡി എ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തത് . കേരളത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാം ചെയ്തു എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ പണമെല്ലാം കട്ടുമുടിച്ചു. നിങ്ങള്‍ക്ക് നല്‍കിയ പണമാണ് കേരള സര്‍ക്കാര്‍ കൊള്ളയടിച്ചതെന്നും മോദി പറഞ്ഞു. പാലക്കാടിന് നല്‍കിയ വികസന പദ്ധതികളെയും മോദി എടുത്തു പറഞ്ഞു.

കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ വന്നപ്പോഴാണ് പാലക്കാട് ഐ ഐ ടി വന്നത്. നാഷണല്‍ ഹൈവേയുടെ വികസനവും നടന്നു. പാലക്കാട് സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റിയായി മാറിയെന്നും മോദി പറഞ്ഞു. എവിടെ ഇടതുഭരണം ഉണ്ടോ അതെല്ലാം ജനങ്ങള്‍ ഒഴിവാക്കുകയാണ് ഇപ്പോള്‍. ബംഗാളിലും ത്രിപുരയിലും അത് നമ്മള്‍ കണ്ടതാണ്. അതേ സംഭവം കേരളത്തിലും ആവര്‍ത്തിക്കാന്‍ പോകുന്നു. പെന്‍ഷനും ശമ്പളവും കൃത്യ സമയത്ത് കൊടുക്കുന്നില്ല. ഇതിനെല്ലാം ജനങ്ങള്‍ മറുപടി നല്‍കും.

ബി ജെ പി, എന്‍ ഡി എ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുമെന്നും പാലക്കാട് പൊതുസമ്മേളനത്തില്‍ മോദി അഭിപ്രായപ്പെട്ടു. ഡീല്‍ ആരോപണത്തിലും മോദി പ്രതികരിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നു കോണ്‍ഗ്രസുകാര്‍ ബി ജെ പിയുടെ ബി ടീം ആണെന്ന്. കോണ്‍ഗ്രസുകാരും ഇതേ വിമര്‍ശനം ഉന്നയിക്കുന്നു. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. കേരളത്തില്‍ ബി ജെ പി എ ടീമായി മാറുകയാണ്. രണ്ട് മുന്നണികളും ഭയക്കുന്നത് ബി ജെ പിയെയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

പാലക്കാടിന്റെ പൈതൃകത്തെ വാനോളം പുകഴ്ത്തിയ പ്രധാനമന്ത്രി കല്‍പ്പാത്തിയെ കാശിയോട് ഉപമിച്ചു. വാരണാസിയിലെ ജനപ്രതിനിധി എന്ന നിലയില്‍ പാലക്കാട് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മഹത്തുക്കളെ തന്റെ പ്രസംഗത്തില്‍ സ്മരിച്ച മോദി, വികസനം തന്റെ ഗ്യാരന്റിയാണെന്നും അത് കേരളത്തില്‍ നടപ്പിലാക്കുമെന്നും ഉറപ്പ് നല്‍കി.

തൃശൂരിലും പാലക്കാട്ടും മോദിക്ക് ലഭിച്ച സ്വീകരണം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതുമെന്ന സൂചനയാണ് നല്‍കുന്നത്. വരും ദിവസങ്ങളിലും കേരളത്തില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം എന്‍ഡിഎ ക്യാമ്പുകളില്‍ വലിയ ആത്മവിശ്വാസം പകരുമെന്നുറപ്പാണ്.

Tags:    

Similar News