തെരഞ്ഞെടുപ്പു ഗോദയില്‍ ചര്‍ച്ചയായി എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബില്‍; ആശങ്ക രേഖപ്പെടുത്തി വിവിധ സഭാ അധ്യക്ഷന്മാര്‍; വിദേശ സഹായം കുഴപ്പം പിടിച്ച സംഭവമായി കാണുന്നത് എന്തിനാണെന്നും ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്; ബിജെപിക്കെതിരെ ആയുധമാക്കി യുഡിഎഫും എല്‍ഡിഎഫും; ഭേദഗതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തെരഞ്ഞെടുപ്പു ഗോദയില്‍ ചര്‍ച്ചയായി എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബില്‍

Update: 2026-03-29 11:38 GMT

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു ഗോദയില്‍ ചര്‍ച്ചായി കേന്ദ്രസര്‍ക്കാറിന്റെ എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബില്‍. ബില്ലിലെ കരടുനിര്‍ദേശങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി സഭാ അധ്യക്ഷന്‍മാര്‍ രംഗത്തുവന്നതോടെയാണ് വിഷയം ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാന്‍ യുഡിഎഫും എല്‍ഡിഎഫും രംഗത്തുവന്നത്. എന്നാല്‍ ബില്‍ ഒരു മതത്തിനെതിരെ അല്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ പ്രതികരിച്ചത്.

വിദേശ സംഭാവന നിയന്ത്രിക്കാനുള്ള എഫ്‌സിആര്‍എ നിയമത്തിലെ ഭേദഗതിയില്‍ സിബിസിഐ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഒരു അതോറിറ്റി ഉണ്ടാക്കി മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാനിടയുണ്ട് എന്നതടക്കമുള്ള ആശങ്കയാണ് സഭ പങ്ക് വെക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധാ സഭാ അധ്യക്ഷന്മാരും ബില്ലിനോട് എതിര്‍പ്പ് ഉന്നയിക്കുകയാണ്. എഫ്‌സിആര്‍എ ഭേദഗതി ബില്‍ അപ്രതീക്ഷിതമെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പ്രതികരിച്ചു. ഇപ്പോള്‍ തന്നെ കര്‍ശനമായ ഉപാധികള്‍ ഉണ്ട്. പിന്നെ എന്തിനാണ് ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവരുന്നത്. വിദേശ സഹായം കുഴപ്പം പിടിച്ച സംഭവമായി കാണുന്നത് എന്തിനാണെന്നും ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ ചോദിച്ചു.

വിദേശത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് സഹായം നല്‍കാന്‍ കഴിയുന്നത് എഫ്‌സിആര്‍എ വഴിയാണ്. പാവപ്പെട്ടവരെ സഹായിക്കാന്‍ നല്‍കുന്നതാണ് വിദേശ ഫണ്ട്. ഇതിനെ ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന നിലയില്‍ കാണുന്നത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമപരമായാണ് പ്രവര്‍ത്തിക്കുന്നത്. അതല്ലെങ്കില്‍ അത് റദ്ദാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഫണ്ട് വരാറുണ്ട്. ജനാധിപത്യവ്യവസ്ഥയില്‍ നിയമ ഭേദഗതി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫ്‌സിആര്‍എ ഭേദഗതി ബില്‍ പുന പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തോമസ് തറ വ്യക്തമാക്കി.

എഫ്‌സിആര്‍എ നിയമത്തിലെ ഭേദഗതിയില്‍ സിബിസിഐ നേതൃത്വം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും കോഴിക്കോട് ആര്‍ച്ച് ബിഷപ്പും കെസിബിസി അധ്യക്ഷനുമായ വര്‍ഗീസ് ചക്കാലക്കലും പ്രതികരിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് ബില്ലെന്ന സിബിസിഐയുടെ ആശങ്ക ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപിയെ എല്‍ഡിഎഫും യുഡിഎഫും വെട്ടിലാക്കുന്നത്.

എഫ്.സി.ആര്‍എ ഭേദഗതി പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കുന്ന എഫ്.സി.ആര്‍എ ഭേദഗതി പിന്‍വിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ജീവജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെയും അവര്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നിയമ ഭേദഗതി പ്രതികൂലമായി ബാധിക്കുമെന്നും പുനപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

കത്ത് പൂര്‍ണരൂപത്തില്‍

Respected Hon'ble Prime Minister,

I write to express my deep concern regarding the proposed amendments to the Foreign Contribution (Regulation) Act (FCRA) presently under consideration in Parliament.

The scope and implications of these amendments have given rise to considerable apprehension among citizens, particularly minority institutions. Of specific concern is the provision that enables the central government to assume control over the assets of organisations in cases where licences are delayed in renewal or not renewed. Such a measure risks adversely affecting bona fide organisations due to procedural or administrative lapses rather than any deliberate wrongdoing.

Minority institutions, which have historically played a significant role in the fields of education, healthcare, and social service, are especially anxious about these developments. There is a genuine concern that the proposed amendments could disproportionately impact their functioning, impose additional administrative burdens, and hinder their ability to continue essential community-oriented work.

In light of these concerns, I respectfully urge the Government of India to reconsider the proposed amendments to the FCRA Act.

ബില്ലിലെ വിവാദമെന്ത്?

നിശ്ചിത സമയപരിധിക്കുള്ളില്‍ എഫ്‌സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ നിയമം) ലൈസന്‍സ് പുതുക്കി ലഭിക്കാതിരിക്കുകയോ റദ്ദായ ലൈസന്‍സ് പുനഃസ്ഥാപിക്കപ്പെടാതിരിക്കുകയോ ചെയ്താല്‍ സംഭാവന ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികള്‍ കേന്ദ്രസര്‍ക്കാരിന് സ്ഥിരമായി ഏറ്റെടുക്കാന്‍ വ്യവസ്ഥയാണ് വിവാദത്തിന് ആധാരം. വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്‌സിആര്‍എ) ഇതടക്കമുള്ള നിര്‍ണായക ഭേദഗതികള്‍ വരുത്താനുള്ള ബില്‍ വരും പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കയാണ്.

ഇത്തരത്തില്‍ സ്ഥിരമായി ഏറ്റെടുക്കുന്ന ആസ്തികള്‍ കേന്ദ്രസര്‍ക്കാരിന് വില്‍ക്കുകയോ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറുകയോ ചെയ്യാം. വിറ്റുകിട്ടുന്ന പണം സര്‍ക്കാരിന്റെ സഞ്ചിതനിധിയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ആസ്തിയുടെ യഥാര്‍ഥ ഉടമസ്ഥരേഖയില്ലാതെ പോലും സര്‍ക്കാരിന് ഇത് കൈമാറ്റം ചെയ്യാന്‍ അധികാരമുണ്ടാകും. നിലവിലെ നിയമത്തില്‍ താല്‍ക്കാലികമായി ഏറ്റെടുക്കാനും പ്രവര്‍ത്തിപ്പിക്കാനും മാത്രമാണ് അധികാരമുള്ളത്.

ഏറ്റെടുക്കുന്ന ആസ്തികളില്‍ ആരാധനാലയങ്ങളുണ്ടെങ്കില്‍ അതിന്റെ സ്വഭാവം മതപരമായ സ്വഭാവം മാറ്റില്ല. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ നിശ്ചിതയാളുകളെ നിയോഗിക്കും. സര്‍ക്കാര്‍ നിയോഗിക്കുന്ന പ്രത്യേക അതോറിറ്റിയാകും ഇവയെല്ലാം ചെയ്യുക. എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കപ്പെടുക, സറണ്ടര്‍ ചെയ്യുക, കാലഹരണപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ആസ്തികള്‍ ഏറ്റെടുക്കുന്നത്. റദ്ദാക്കപ്പെടുകയോ സറണ്ടര്‍ ചെയ്യപ്പെടുകയോ ചെയ്യുമ്പോള്‍ ആസ്തികള്‍ താല്‍ക്കാലികമായി ഏറ്റെടുക്കാന്‍ മാത്രമാണ് നിലവില്‍ വ്യവസ്ഥയുള്ളത്.

ആദ്യം താല്‍ക്കാലികമായാണ് ഏറ്റെടുക്കുന്നതെങ്കിലും അതോറിറ്റി നിശ്ചയിക്കുന്ന നിശ്ചിത കാലാവധിക്കുള്ളില്‍ ലൈസന്‍സ് പുനഃസ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥിരമായി ഏറ്റെടുക്കും. ഈ സമയപരിധി നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല. വിദേശസംഭാവന ഭാഗികമായി ഉപയോഗിച്ച് നിര്‍മിച്ച ആസ്തിയെങ്കിലും സര്‍ക്കാരിന് ഏറ്റെടുക്കാം. മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള ഫണ്ട് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വേര്‍തിരിക്കാവുന്ന ആസ്തികളെങ്കില്‍, അവ സ്ഥാപനത്തിന് ക്ലെയിം ചെയ്യാം. ആവശ്യമെങ്കില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി ഏറ്റെടുത്ത് നടത്താനും അതോറിറ്റിക്ക് അധികാരമുണ്ടാകും. നിശ്ചിത സമയപരിധിക്കുള്ളില്‍ ലൈസന്‍സ് തിരികെ ലഭിച്ചാല്‍ ആസ്തികള്‍ തിരികെ കൈമാറും. അതോറിറ്റിക്ക് സിവില്‍ കോടതിയുടെ അധികാരങ്ങളുണ്ടാകും.

ആളുകളെ വിളിച്ചുവരുത്താം, രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാം, ഒപ്പം തെളിവു ശേഖരിക്കുകയുമാകാം. അതോറിറ്റിയുടെ ഉത്തരവിനെതിരെ 90 ദിവസത്തനുള്ളില്‍ അപ്പീല്‍ നല്‍കാം. അവിടെയും തീര്‍പ്പായില്ലെങ്കില്‍ ജില്ലാ ജഡ്ജിയെ സമീപിക്കാം. വിദേശ സംഭാവന സ്വീകരിക്കാനായി രാജ്യത്ത് നിലവില്‍ 16,000 സ്ഥാപനങ്ങള്‍ക്കാണ് എഫ്‌സിആര്‍എ ലൈസന്‍സ് ഉള്ളത്. പ്രതിവര്‍ഷം 22,000 കോടി രൂപയാണ് ആകെ സംഭാവനയായി എത്തുന്നത്.

Tags:    

Similar News