സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 96-ാം റാങ്ക് നേടി ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍; അജിത് ഡോവലിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത ഐഎഫ്എസ് ഉദ്യോഗസ്ഥ; മെഹ്‌മുര്‍ഗഞ്ജ് സ്വദേശിനി നിധി തിവാരി ഇനി പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
നിധി തിവാരി ഇനി പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു. 2014 സിവില്‍ സര്‍വീസ് ബാച്ച് ഉദ്യോഗസ്ഥയായ നിധി, പിഎംഒ (പ്രൈം മിനിസ്റ്റേഴ്സ് ഓഫീസ്)യിലെ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തുനിന്നാണ് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിലെ മെഹ്‌മുര്‍ഗഞ്ച് സ്വദേശിയാണ് നിധി.
2013ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 96ാം റാങ്ക് നേടി. പ്രധാനമന്ത്രിയുടെ ഓഫിസില്‍ ചേരുന്നതിനു മുന്‍പ്, വിദേശകാര്യ മന്ത്രാലയത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ രാജ്യാന്തര സുരക്ഷാകാര്യ വിഭാഗത്തിലാണ് ജോലി ചെയ്തത്. രാജ്യാന്തര ബന്ധങ്ങളിലെ വൈദഗ്ധ്യമാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ സുപ്രധാന പദവിയിലേക്ക് നിധി തിവാരിയെ എത്തിച്ചത്. വിദേശകാര്യ സുരക്ഷാ വിഭാഗത്തില്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്താണ് നിധി തിവാരി പ്രവര്‍ത്തിച്ചിരുന്നത്.
അതീവപ്രാധാന്യമുള്ള പദവിയിലെത്തിയതിന് പിന്നാലെ ആരാണ് നിധി എന്നുള്ള അന്വേഷണത്തിലാണ് പലരും. ഉത്തര്‍പ്രദേശിലെ മെഹ്‌മുര്‍ഗഞ്ജ് സ്വദേശിനിയാണ് നിധി. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയിലാണ് മെഹ്‌മുര്‍ഗഞ്ജ്. പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവി ഭരണപരവും നയതന്ത്രപരവുമായ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്.
സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 96-ാം റാങ്ക് നേടിയാണ് നിധി ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നത്. ഇതിന് മുന്‍പ് വാരാണസിയില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ (കൊമേഴ്സ്യല്‍ ടാക്സ്) ആയി ജോലിചെയ്യുകയായിരുന്നു നിധി. ഇക്കാലത്താണ് സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.
2022-ല്‍ പിഎംഒയില്‍ അണ്ടര്‍ സെക്രട്ടറിയായി ചുമതലയേറ്റ നിധി, 2023 ജൂണ്‍ ആറുമുതല്‍ ഡെപ്യൂട്ടി സെക്രട്ടറിയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ അജിത് ഡോവലിന് റിപ്പോര്‍ട്ട് ചെയ്യേണ്ട, ഫോറിന്‍ ആന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു നിധി ജോലി ചെയ്തിരുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ഡിസാംമെന്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അഫയേഴ്സ് വിഭാഗത്തിന്റെ കീഴിലും നിധി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.