'ഞെട്ടിയോ, ഞെട്ടിയോ എന്ന് ആള്‍ക്കാര്‍ ചോദിച്ചു, ഇല്ല ഞെട്ടിയില്ല; എന്റെ അച്ഛന്‍ നക്‌സലൈറ്റായിരുന്നു, നക്‌സലൈറ്റിന്റെ മോള്‍ എങ്ങനെ സന്യാസിയായി എന്ന് ചിലര്‍ ചോദിക്കും; എന്റേത് നോര്‍മല്‍ വീടല്ല; സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചതില്‍ നിഖില വിമല്‍
സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചതില്‍ നിഖില വിമല്‍
കൊച്ചി: നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചതായി ജനുവരി അവസാനത്തോടെയാണ് വാര്‍ത്ത പുറത്തുവന്നത്. അഖില സന്യാസ വേഷത്തില്‍ പങ്കുവച്ച ഒരു ചിത്രവും അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയുടെ ഫെയ്സ്ബുക്ക് കുറിപ്പുമാണ് അത്തരത്തില്‍ സൂചന നല്‍കിയത്. തന്റെ സഹോദരി സന്യാസം സ്വീകരിച്ചതിനോട് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഖില വിമല്‍ പ്രതികരിച്ചു.
അഖില സന്യാസം സ്വീകരിച്ചത് മാധ്യമങ്ങള്‍ അറിഞ്ഞത് ഇപ്പോഴാണെന്ന് മാത്രമേയുള്ളൂ. പെട്ടന്ന് ഒരുദിവസം രാവിലെ പോയി സന്യാസം സ്വീകരിച്ചതൊന്നുമല്ല, വളരെക്കാലങ്ങളായി അവള്‍ ഈ പാതയിലായിരുന്നു. എന്റെ ചേച്ചിയായതാണ് അവള്‍ക്ക് ഇപ്പോഴുണ്ടായ ഈ ബുദ്ധിമുട്ടിന് കാരണം. അവള്‍ക്ക് നല്ല വിദ്യാഭ്യാസമുണ്ട്. അക്കാദമിക്കായി നമ്മളെക്കാള്‍ മുകളില്‍ നില്‍ക്കുന്നയാളാണ്, ബുദ്ധിയുള്ളയാളാണ്. അവളുടെ ലൈഫില്‍ അവളെടുക്കുന്ന ഒരു തീരുമാനത്തെ നമ്മള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുകയെന്നും നിഖില ചോദിക്കുന്നു
ചേച്ചിക്ക് 36 വയസായി. അങ്ങനെയുള്ള ആള്‍ അവരുടെ ലൈഫില്‍ ഒരു തീരുമാനമെടുക്കുന്നത് നമ്മള്‍ ചോദ്യം ചെയ്യാന്‍ പാടില്ല. അവള്‍ ആരോടും പറയാതെ പെട്ടെന്നൊരു ദിവസം പോയതല്ല. ശാസ്ത്രമൊക്കെ പഠിക്കുന്നുണ്ടായിരുന്നു. കൃത്യമായി എല്ലാം ചെയ്തിട്ടാണ് പോയത്. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെപ്പറ്റി നമ്മള്‍ വാതോരാതെ സംസാരിക്കും. എന്നാല്‍ ഒരു വ്യക്തി ഒരു സ്വാതന്ത്ര്യമെടുക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യും. അവള്‍ അടിപൊളിയായിട്ടുള്ളയാളാണ്. സിനിമയില്‍ ജോലി ചെയ്യുന്നതുകൊണ്ട് ഞാന്‍ പോപ്പുലറായി. അക്കാദമിയില്‍ ജോലി ചെയ്യുന്ന ഒരുപാട് പേരെ നമുക്കറിയില്ല. ബുദ്ധിയുള്ളതുകൊണ്ടും, നന്നായി പഠിച്ചതുകൊണ്ടും അവള്‍ ആ നിലയിലെത്തി. അവരെ ചോദ്യം ചെയ്യാന്‍ നമ്മള്‍ ആരുമല്ലെന്നും നിഖില കൂട്ടിച്ചേര്‍ത്തു.
ഞാന്‍ സിനിമയില്‍ അഭിനയിച്ചതിനെ ആരും ചോദ്യം ചെയ്തിട്ടില്ല. അവളുടെ തീരുമാനത്തില്‍ ഞാന്‍ സന്തോഷവതിയാണ്. അവളുടെ ലൈഫില്‍ അവള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശരിയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നെപ്പോലെ മണ്ടത്തരം പറ്റുന്നൊരാളല്ല.
ഞാനാണ് അത് ചെയ്തതെങ്കില്‍ അത് വാര്‍ത്തയായിരുന്നു. 50 ദിവസം നിങ്ങള്‍ക്ക് വേണമെങ്കില്‍ ചര്‍ച്ചയാക്കാമായിരുന്നു. അവളുടെ കാര്യത്തില്‍ അതിനൊരു വാര്‍ത്താ പ്രാധാന്യമോ, ആര്‍ക്കും ഞെട്ടലോ ഇല്ല. അവള്‍ സമാധാനമായി ജീവിക്കുന്നു. അവള്‍ക്ക് വേണ്ടതെല്ലാം അവള്‍ ചെയ്തിട്ടുണ്ട്. യാത്രകള്‍ ചെയ്തിട്ടുണ്ട്. ഫോട്ടോഗ്രഫിയൊക്കെ ഇഷ്ടമുള്ള, ഭക്ഷണം കഴിക്കാനിഷ്ടമുള്ളയാളാണ്. മണ്ടത്തരം പറ്റി പോയതല്ല. ഇന്‍ഡിപെന്‍ഡന്റ് ആയിട്ടുള്ളയാളെന്ന് പറയുമ്പോള്‍ അവളെ കാണിക്കാം. ഞെട്ടിയോ, ഞെട്ടിയോ എന്ന് ആള്‍ക്കാര്‍ ചോദിച്ചു. ഇല്ല ഞെട്ടിയില്ല. നമുക്കിതിനെപ്പറ്റി കാര്യമായി അറിയില്ല.
അത്രയും വിവരമോ, ബുദ്ധിയോ വിദ്യാഭ്യാസമോ എനിക്കില്ല. കേള്‍ക്കുന്ന നിങ്ങള്‍ക്ക് ഞെട്ടലുണ്ടെന്നല്ലാതെ ഞങ്ങള്‍ക്കില്ല. സാധാരണ ഒരു വീട്ടില്‍ ആളുകള്‍ പഠിക്കും, ജോലി ചെയ്യും, വിവാഹം കഴിക്കും. എന്റെ വീട്ടില്‍ അങ്ങനെയല്ല, വ്യത്യാസമാണ്. എന്റെ അച്ഛന്‍ നക്‌സലൈറ്റായിരുന്നു. നക്‌സലൈറ്റിന്റെ മോള്‍ എങ്ങനെ സന്യാസിയായി എന്ന് ചിലര്‍ ചോദിക്കും. ഞാന്‍ കമ്യൂണിസ്റ്റുകാരിയാണെന്ന് ധാരണയുണ്ട്. അതൊക്കെ ആള്‍ക്കാരുടെ ചോയിസല്ലേ. നോര്‍മലായ ഒരു വീടല്ല എന്റേത്. എന്റെ വീട്ടില്‍ നോര്‍മലായിട്ട് അമ്മ മാത്രമേയുള്ളൂ. എന്റെ വീട്ടില്‍ ഇതൊന്നും ഒരു പ്രശ്‌നമേയല്ല. എന്റെ വീട്ടുകാര്‍ക്കില്ലാത്ത ഞെട്ടല്‍ നാട്ടുകാര്‍ക്ക് ഉണ്ടാകേണ്ട കാര്യമില്ലെന്നും അഭിമുഖത്തില്‍ നിഖില പറഞ്ഞു
ഡിസംബര്‍ 12 ന് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. പിന്നീട് അഖില കുറിപ്പൊന്നും പങ്കുവച്ചില്ലെങ്കിലും 'ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും എന്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്ന ജനുവരി 29 ലെ അഭിനവ ബാലാനന്ദഭൈരവയുടെ കുറിപ്പാണ് ഈ വിഷയം ചര്‍ച്ചയാവാന്‍ കാരണം. അഭിനവ പങ്കുവച്ച ഗുരുവിനൊപ്പമുള്ള ചിത്രത്തില്‍ സന്യാസ വേഷത്തില്‍ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയെയും കാണാം.
കലാമണ്ഡലം വിമലാദേവിയുടെയും എം. ആര്‍ പവിത്രന്റെ മകളാണ് അഖില വിമലും നടി നിഖില വിമലും. നിഖില വിമല്‍ ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ പഠനത്തിലാണ് അഖില വിമല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്സിലായിരുന്നു ഗവേഷണം. ഇതിന് ശേഷം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ മെലോണ്‍ സ്‌കൂള്‍ ഒഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ച് ഫെലോയായിരുന്നു.