'നിമിഷ പ്രിയക്ക് മാപ്പ് ഇല്ല'! ക്രൂരമായ കുറ്റകൃത്യംകൊണ്ട് മാത്രമല്ല, ഏറെ നീണ്ടുനിന്ന നിയമവ്യവഹാരത്താലും കുടുംബം ഏറെ പ്രയാസം അനുഭവിച്ചു; ദൈവത്തിന്റെ നിയമം നടപ്പാക്കണമെന്ന് നിര്‍ബന്ധിക്കുന്നു; വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ല; എന്തു കാരണംകൊണ്ടായാലും ഒരു കൊലപാതകത്തെ ന്യായീകരിക്കാനാകില്ല'; കടുത്ത നിലപാടില്‍ തലാലിന്റെ സഹോദരന്‍; അനുനയ ചര്‍ച്ചകള്‍ തുടരുന്നു
നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനെതിരെ തലാലിന്റെ കുടുംബം
സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്നും വധശിക്ഷ നല്‍കണമെന്നും ആവര്‍ത്തിച്ച് യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹദി. വധശിക്ഷയില്‍ കുറഞ്ഞതൊന്നും ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ് പറയാനുള്ളതെന്നും അബ്ദുല്‍ ഫത്താഹ് മെഹദി ബിബിസി അറബിക്കിനോട് പറഞ്ഞു. ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് സാമൂഹികമാധ്യമത്തിലൂടെയും തലാലിന്റെ സഹോദരന്‍ ആവര്‍ത്തിച്ചു.
കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി സത്യത്തെ വളച്ചൊടിക്കുകയാണെന്നും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്തൊക്കെ കാരണത്തിന്റെ പേരിലായാലും ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാനാകില്ല. കൊലപാതകം മാത്രമല്ല, മൃതദേഹം കഷ്ണങ്ങളാക്കി മറവു ചെയ്യുകയും ചെയ്തുവെന്നും സഹോദരന്‍ വ്യക്തമാക്കി.
നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സഹോദരന്റെ പ്രതികരണം പുറത്തുവന്നത്. സൂഫി പണ്ഡിതര്‍ നടത്തിയ മധ്യസ്ഥ ഇടപെടലിനു പിന്നാലെ ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നല്‍കാന്‍ തലാലിന്റെ കുടുംബം തയാറായെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാരുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന വധശിക്ഷ നീട്ടിവച്ചിരുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചെന്ന ഉത്തരവ് പുറത്തുവരുന്നതിന് തൊട്ടുമുന്‍പാണ് തലാലിന്റെ സഹോദരന്‍ അബ്ദല്‍ഫത്തേഹ് മഹ്ദി ബിബിസി അറബിക്കിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ക്രൂരമായ കുറ്റകൃത്യംകൊണ്ട് മാത്രമല്ല, ഏറെ നീണ്ടുനിന്ന നിയമവ്യവഹാരം കാരണവും കുടുംബം ഏറെ പ്രയാസം അനുഭവിച്ചു. അനുരഞ്ജനശ്രമങ്ങളെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമം നടപ്പാക്കണമെന്ന് തങ്ങള്‍ നിര്‍ബന്ധിക്കുന്നു.
വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ല. ഇന്ത്യന്‍ മാധ്യമങ്ങളില്‍ കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളിലും വിഷമമുണ്ട്. എന്തു തര്‍ക്കമായാലും എന്തു കാരണംകൊണ്ടായാലും ഒരു കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും സഹോദരന്‍ വ്യക്തമാക്കി.
ബിബിസി അറബിക്കിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെ ഇതേ കാര്യങ്ങള്‍ തലാലിന്റെ സഹോദരന്‍ സാമൂഹികമാധ്യമത്തിലും ആവര്‍ത്തിച്ചു. മധ്യസ്ഥശ്രമങ്ങളെ സംബന്ധിച്ച് ഇന്ന് കേട്ടതൊന്നും പുതിയതോ ആശ്ചര്യകരമോ അല്ലെന്നും വര്‍ഷങ്ങള്‍ക്കിടെ പല മധ്യസ്ഥ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ സമ്മര്‍ദങ്ങള്‍ തങ്ങളില്‍ ഒരുമാറ്റവും ഉണ്ടാക്കിയിട്ടില്ല. ഞങ്ങളുടെ ആവശ്യം വ്യക്തമാണ്. ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചു. എന്തായാലും ഏതുതരത്തിലുള്ള അനുരഞ്ജനത്തിനും ഞങ്ങള്‍ പൂര്‍ണമായും വിസമ്മതം അറിയിക്കുന്നു. വധശിക്ഷ നടപ്പാക്കും വരെ ഇതിനെ പിന്തുടരും. എത്ര കാലതാമസമെടുത്താലും ഒരു സമ്മര്‍ദവും പിന്തിരിപ്പിക്കില്ലെന്നും സഹോദരന്‍ പറഞ്ഞു.
യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകള്‍ക്കായുള്ള ഇടപെടലുകള്‍ക്ക് തിരിച്ചടിയാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന നിലപാടിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബന്ധുക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചര്‍ച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികള്‍ പറയുന്നത്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള ഊര്‍ജ്ജിത ശ്രമം തുടരുകയാണ്. അനുനയശ്രമം തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം പരസ്യപ്രതികരണം ഒഴിവാക്കാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യെമനില്‍ ഇത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അനാവശ്യ തര്‍ക്കങ്ങള്‍ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നതിനാലാണ് ഇത്. തിങ്കളാഴ്ച തന്നെ യെമന്‍ പ്രസിഡന്റ് വിഷയത്തില്‍ ഇടപെട്ടിരുന്നു എന്നും കേന്ദ്രം സൂചന നല്‍കിയിട്ടുണ്ട്.
അതേസമയം ഇന്നലെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വധ ശിക്ഷ നിര്‍ത്തി വച്ചിരിക്കുന്നു എന്നാണ് വിധിപകര്‍പ്പില്‍ ഉള്ളത്. എന്നാല്‍ കേസ് ഇനി എന്ന് പരിഗണിക്കും എന്നും ഉത്തരവില്‍ ഇല്ല. എന്നത്തേക്ക് മാറ്റി എന്നും ഉത്തരവില്‍ ഇല്ല. നിമിഷ പ്രിയയുടെ കാര്യത്തില്‍ തുടര്‍ന്നും ഇടപെടല്‍ നടത്തും എന്ന് കാന്തപുരം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബവുമായി ദയ ദനത്തില്‍ ചര്‍ച്ച നടക്കുന്നെന്നും കോടതിയില്‍ അറിയിച്ചിരുന്നു. ഇതില്‍ തീരുമാനം ആകുന്നത് വരെ വധശിക്ഷ നടപ്പിലാക്കരുത് എന്നായിരുന്നു ഹര്‍ജി നല്‍കിയത്. ഇത് അംഗീകരിച്ചാണ് കോടതി, വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതെന്നാണ് വിവരം.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു നിമിഷപ്രിയ. ഇന്നാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് കാന്തപുരം മുസ്ലിയാരുടെ നേതൃത്വത്തില്‍ യെമനിലെ മത പണ്ഡിതന്‍ വഴിയുള്ള ഇടപെടലുണ്ടായതും കോടതി, വധശിക്ഷ നീട്ടിവച്ചതും. സെയ്ദ് ഉമര്‍ ഹഫീസ് എന്ന യെമന്‍ സുന്നി പണ്ഡിതന്‍ മുഖേനെയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാന്‍ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരം കിട്ടിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സഹായികള്‍ നേരത്തെ അറിയിച്ചിരുന്നു. തലാലിന്റെ കുടുംബവുമായി ബന്ധപ്പെടുവാന്‍ നേരത്തെ നിയമസഹായ സമിതിക്ക് കഴിഞ്ഞിരുന്നില്ല. തലാലിന്റെ സഹോദരനുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ പ്രതീക്ഷയുണ്ടെന്നും ചര്‍ച്ച തുടരുകയാണെന്നും കാന്തപുരം വിഭാഗം അറിയിച്ചു.