'കാന്തപുരത്തെ ആരോ തെറ്റിദ്ധരിപ്പിച്ചു; ആദരണീയ മതപണ്ഡിതനെ ഞങ്ങളുടെ കുടുംബത്തിലെ ആരാണ് ബന്ധപ്പെട്ടത്? തലാലിന്റെ രക്തം മധ്യസ്ഥ വിപണിയിലെ ചരക്കാക്കില്ല': വിട്ടുവീഴ്ചയുടെ സൂചന നല്‍കാതെ യെമന്‍ പൗരന്റെ സഹോദരന്റെ പോസ്റ്റ്; കാന്തപുരത്തെ അനുകൂലിച്ചും എതിര്‍ത്തും പോസ്റ്റിന് താഴെ കമന്റുകളുമായി മലയാളികള്‍
കാന്തപുരത്തെ ആരോ തെറ്റിദ്ധരിപ്പിച്ചു
സന: യെമന്‍ പൗരന്‍ തലാല്‍ അബ്ദോ മെഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസില്‍ സനയിലെ ജയിലില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ അറിയിച്ചതിന് പിന്നാലെ അതുശരിയല്ലെന്ന പ്രസ്താവനയുമായി തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തി. കാന്തപുരത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിലെ കുറിപ്പില്‍ പറഞ്ഞു.
വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്നും മോചനം സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ നടക്കുമെന്നുമാണ് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചത്. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ടെന്നാണ് കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചത്. എന്നാല്‍, ഇക്കാര്യം തലാലിന്റെ സഹോദരന്‍ നിഷേധിച്ചു.
'കാന്തപുരത്തെ ആരാണ് ബന്ധപ്പെട്ടത്, അവര്‍ക്ക് ഞങ്ങളുടെ കുടുംബത്തിലെ ആരെങ്കിലുമായി ബന്ധമുണ്ടോ, അവര്‍ ആരെയാണ് ബന്ധപ്പെട്ടത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. ഇത്തരത്തിലുള്ള കള്ള വാര്‍ത്തകള്‍ പ്രചരിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ എല്ലാം ലൈവായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യരഹിതമായ ക്രൂരത ചെയ്ത ഒരു കൊലയാളിയെ കരുണയോടെ സമീപിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ഇത്തരക്കാരോട് മതത്തിന്റെ പേരില്‍ ക്ഷമ ചോദിക്കാനും അതിന്റെ മറവില്‍ കുത്സിതമായ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാനും പാടില്ല.
യെമന്‍ ഭരണഘടനയും ന്യായവ്യവസ്ഥയും ഇസ്ലാമിക ശരീഅത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൊലയാളിക്കെതിരായ കോടതി വിധികളെ ആദരിക്കുകയും, ആ വിധിയില്‍ ഉള്ള നീതിയെ സംരക്ഷിക്കുകയും ചെയ്യുന്നത് ബാധ്യതയാണ്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ വേദനയും അവകാശവും ആദരിക്കുകയും അവരടയാളപ്പെടുത്തിയ ദൈവീക വിധിയെ കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് നീതിയുടെ ഏറ്റവും പരിശുദ്ധമായ രൂപമാണെന്നും മഹ്ദി തന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു.
സഹോദരന്റെ രക്തത്തിന് പ്രതികാരം ചെയ്യുക എന്ന ന്യായമായ ആവശ്യത്തില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നും വധശിക്ഷയില്‍ കുറഞ്ഞ ഒന്നും അംഗീകരിക്കില്ലെന്നുമാണ് മിക്ക പോസ്റ്റുകളിലും അബ്ദുല്‍ ഫത്താഹ് മഹ്ദി ആവര്‍ത്തിക്കുന്നത്. തലാലിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയ വാട്ടര്‍ ടാങ്കിന്റെ ചിത്രം കൂടി പങ്കുവച്ചാണ് മറക്കാനാവാത്ത ടാങ്ക് എന്ന കുറിപ്പ് ജൂലൈ 23 ന് പങ്കുവച്ചത്. യെമന്‍ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കുറ്റകൃത്യത്തിന്റെ നിശബ്ദ സാക്ഷിയായ ടാങ്ക് എന്നായിരുന്നു ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. ഹൃദയങ്ങളെ നടുക്കുകയും മനുഷ്യത്വത്തെ തകര്‍ക്കുകയും ചെയ്ത ഒരു കുറ്റകൃത്യത്തിന്റെ നിശബ്ദ സാക്ഷിയാണ് ഈ ടാങ്ക് എന്നായിരുന്നു അദ്ദേഹം എഴുതിയത്.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യെമന്‍ പണ്ഡിത സംഘത്തിനു പുറമെ വടക്കന്‍ യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് വധശിക്ഷ റദ്ദാക്കാന്‍ തീരുമാനം കൈക്കൊണ്ടത് എന്നാണ് വാര്‍ത്ത വന്നത്. നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എ.പി .അബൂബക്കര്‍ മുസലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താല്‍ക്കാലികമായി നീട്ടിവച്ചിരുന്നു.
അതിനിടെ, നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ തീയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു തലാലിന്റെ സഹോദരന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കി. ഈ കത്ത് തലാലിന്റെ സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. നേരത്തേയും, സഹോദരന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അല്ലാഹുവിന്റെ നിയമം നടപ്പാക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവര്‍ത്തിച്ചിരുന്നു.
2017ല്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. വിധി നടപ്പാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് വധശിക്ഷ നീട്ടിവച്ചത്. തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷപ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മഹ്ദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയയുടെ വാദം.