അടുത്തിടെ ഒരു പഴവും കഴിച്ചിട്ടില്ല; അണുബാധയുടെ പ്രധാന ഉറവിടമായ വവ്വാലുകളുമായി നേരിട്ട് സമ്പര്‍ക്കവുമില്ല; വീട്ടിലെ കോഴികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചത്തു; അയല്‍പക്കത്തെ പൂച്ച ചത്ത സംഭവവും ഗൗരവത്തില്‍ എടുത്ത് വൈറസിന്റെ ഉറവിടം തേടി അന്വേഷണം; മലപ്പുറത്തെ മുഖ്യമന്ത്രിയുടെ പരിപാടി ഉപേക്ഷിച്ചു; 42കാരി അതീവ ഗുരുതരാവസ്ഥയില്‍; നിപയില്‍ മലപ്പുറത്ത് അതീവ ജാഗ്രത; ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം

Update: 2025-05-09 08:38 GMT

മലപ്പുറം: വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലുള്ള രോഗിക്ക് മോണോക്ലോണല്‍ ആന്റിബോഡി നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 49പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 45പേര്‍ ഹൈറിസ്‌ക് കോണ്‍ടാക്ടിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു. 12പേര്‍ കുടുംബാംഗങ്ങളാണ്. ഇതില്‍ ആകെ ആറുപേര്‍ക്കാണ് രോഗലക്ഷണമുള്ളത്. ഇതില്‍ അഞ്ചുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഒരാള്‍ എറണാകുളത്ത് ഐസൊലേഷനില്‍ കഴിയുകയാണ്. കനത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.

രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിള്‍ ശേഖരിച്ചതായും മന്ത്രി പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനത്തിനായി 25 കമ്മിറ്റികള്‍ രൂപീകരിച്ചു. സമീപ ജില്ലകളിലും പരിശോധന നടത്തും. ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും രോഗം സ്ഥിരീകരിച്ച വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്കയച്ചെന്നും മന്ത്രി പറഞ്ഞു. രോഗിയുടെ റൂട്ട്മാപ്പും പുറത്തുവിട്ടു. ഇന്നലെയാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയുടെ ഫലം വന്നത്. നാല് ദിവസത്തിലേറെയായി പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് സ്രവം പരിശോധിച്ചത്. രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഈ വര്‍ഷത്തില്‍ ഇതാദ്യമായിട്ടാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്.

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കേണ്ടിയിരുന്ന ജില്ലാ പരിപാടി മാറ്റി വെച്ചു. മെയ് 12 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷിക പരിപാടിയാണ് മാറ്റിവെച്ചത്. നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡില്‍ 4 തദ്ദേശ സ്ഥാപനങ്ങളിലെ 9 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ തോണിക്കല്‍ (ഡിവിഷന്‍ 1), താണിയപ്പന്‍ കുന്ന് (ഡിവിഷന്‍ 2), കക്കാട്ടുപാറ (ഡിവിഷന്‍ 3), കാവുംപുറം (ഡിവിഷന്‍ 4), മാറാക്കര പഞ്ചായത്തിലെ മജീദ് കണ്ട് (വാര്‍ഡ് 9), മലയില്‍ (വാര്‍ഡ് 11), നീരടി (വാര്‍ഡ് 12), എടയൂര്‍ പഞ്ചായത്തിലെ വലാര്‍ത്തപടി (വാര്‍ഡ് 17), ആതവനാട് ഗ്രാമപഞ്ചായത്തിലെ കരിപ്പോള്‍ (വാര്‍ഡ് 6) എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് പ്രഖ്യാപിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം. രോഗ വ്യാപനം തടയാനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുമാണ് ഈ വാര്‍ഡുകളില്‍ വിവിധ നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ല.

പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.

മദ്രസകള്‍, അംഗനവാടികള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ല. എന്നാല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടില്ല.

പൊതുജനങ്ങള്‍ പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. കൂടിച്ചേരലുകള്‍ പരമാവധി കുറച്ച് സാമൂഹിക അകലം പാലിക്കണം.

പനി മുതലായ രോഗ ലക്ഷണങ്ങള്‍ കാണുന്ന സമയത്ത് സ്വയം ചികിത്സിക്കാതെ ഒരു രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടണം.

പക്ഷികള്‍, വവ്വാലുകള്‍, മറ്റ് ജീവികള്‍ കടിച്ചതോ ഫലവൃക്ഷങ്ങളില്‍ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കാന്‍ പാടുള്ളതല്ല. പഴം, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. ജനങ്ങള്‍ സഹകരിക്കണമെന്നും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം

വളാഞ്ചേരിയില്‍ രോഗിയുടെ വീടിനയല്‍പക്കത്തെ പൂച്ച ചത്ത സംഭവം ആരോഗ്യവകുപ്പ് ഗൗരവത്തിലെടുത്തിട്ടുണ്ട്. പൂച്ചയില്‍ നിന്ന് വൈറസ്ബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണിത്. പൂച്ചയുടെ ജഡം പോസ്റ്റ് മോര്‍ട്ടം നടത്തി സാമ്പിള്‍ ഭോപ്പാലിലേക്ക് പരിശോധനക്കയക്കുന്നുണ്ട്. 25 നാണ് വളാഞ്ചേരിയിലെ സ്ത്രീക്ക് പനി തുടങ്ങിയത്. ഏപ്രില്‍ 26ന് വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ കൂടെ വളാഞ്ചേരി ബി.കെ. മെഡിക്കല്‍ സ്റ്റോറിനോട് ചേര്‍ന്നുള്ള ഡോ. വിനീത ക്ലിനിക്കില്‍ ഭര്‍ത്താവിനൊപ്പം പോയി. രാവിലെ 7.30 മുതല്‍ 8.30 വരെ അവിടെ ചെലവഴിച്ചു. അവിടെ നിന്ന് കാറില്‍ വീട്ടിലേക്ക് പോയി. ഏപ്രില്‍ 27 ന് വീട്ടില്‍ തന്നെ ചെലവഴിച്ചു. 28ന് ബൈക്കില്‍ ഭര്‍ത്താവിനൊപ്പം വളാഞ്ചേരി ബ്ലോക് കുടുംബാരോഗ്യകേന്ദ്രത്തില്‍ പോയി. അവിടെ 10.30 മുതല്‍ 3.30 വരെ ഒ.പി വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു.

പിന്നീട് ബൈക്കില്‍ വീട്ടിലേക്ക് പോയി. 29 ന് വീട്ടില്‍ നിന്ന് ബൈക്കില്‍ 8.25ന് സുധര്‍മ ലാബില്‍ പോയി. 7.25ന് വളാഞ്ചേരി ബി.കെ.മെഡിക്കല്‍സിനോട് ചേര്‍ന്നുള്ള ഡോ. വിനീത ക്ലിനിക്കില്‍ പോയി. അവിടെ 7.30 മുതല്‍ 8.30 വരെ ചെലവഴിച്ചു. പിന്നീട് ബൈക്കില്‍ വീട്ടിലേക്ക് പോയി. 30ാം തിയതി വീട്ടില്‍ നിന്ന് ബ്രദേഴ്‌സ് ലാബില്‍ പോയി. 8.മുതല്‍ 8.30 വരെ അവിടെ ചെലവഴിച്ചു. മെയ് ഒന്നിന് വീട്ടില്‍ നിന്ന് ബൈക്കില്‍ ബ്രദേഴ്‌സ് ലാബില്‍ പോയി (രാവിലെ 7.50) അവിടെ നിന്ന് വീട്ടിലേക്ക്. രാത്രി വളാഞ്ചേരി ബി.കെ. മഡിക്കല്‍സിനോട് ചേര്‍ന്നുള്ള ഡോ. വിനീത ക്ലിനിക്കില്‍ പോയി. രാത്രി 7.30 മുതല്‍ 8.30 വരെ അവിടെ ചെലവഴിച്ചു. അവിടെ നിന്ന് പെരിന്തല്‍മണ്ണ ഇ.എം.എസ് ഹോസ്പിറ്റലില്‍ പോയി. രാത്രി 10 മണിമുതല്‍ 11 വരെ അത്യാഹിത വിഭാഗത്തില്‍ ആയിരുന്നു. 11 മണിക്ക് റൂമിലേക്ക് മാറ്റി. മെയ് രണ്ടിനാണ് ഐ.സിയുവിലേക്ക് മാറ്റിയത്. 42 കാരിയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നത്.

നിപ രോഗബാധ സ്ഥിരീകരിച്ച സ്ത്രീ അടുത്തിടെ ഒരു പഴവും കഴിച്ചിട്ടില്ലെന്നും അണുബാധയുടെ പ്രധാന ഉറവിടമായ വവ്വാലുകളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇവരുടെ വീട്ടിലെ കോഴികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചത്തതായി കുടുംബം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. പുതിയ രോഗബാധയ്ക്ക് പിന്നില്‍ ഇതിനു ബന്ധമുണ്ടോയെന്നും വിദഗ്ധര്‍ അന്വേഷിക്കുന്നുണ്ട്. വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാത്ത സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അപൂര്‍വമായി മാത്രമേ ഇവര്‍ പുറത്ത് യാത്ര ചെയ്തിട്ടുള്ളൂവെന്നാണ് വിവരം. രോഗം ബാധിച്ച സ്ത്രീയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഏഴു പേരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം നെഗറ്റീവാണ്. അതേസമയം നിപ സ്ഥിരീകരിച്ച സ്ത്രീയുടെ വീട്ടിലെ മറ്റ് രണ്ട് കുടുംബാംഗങ്ങളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

രോഗബാധയുടെ കൃത്യമായ ഉറവിടം അജ്ഞാതമായി തുടരുന്നതിനാല്‍ സമ്പര്‍ക്കം കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലും സങ്കീര്‍ണ്ണത വര്‍ധിക്കുന്നു. മലപ്പുറം ജില്ലയില്‍ മൂന്നാം തവണയാണ് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മലപ്പുറം ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News