നിത്യാനന്ദ ഒളിവിലിരുന്ന് നിയമത്തെ വെല്ലുവിളിക്കുന്നു; അറസ്റ്റ് വാറന്റ് ഉണ്ടായിട്ടും ഹാജറാകുന്നില്ല; സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ എന്ന് കോടതിയുടെ ചോദ്യം? 'കൈലാസ' രാജ്യം സൃഷ്ടിച്ച ആള്‍ദൈവത്തിന്റെ ഇന്ത്യയിലെ സ്വത്തുക്കള്‍ നഷ്ടമാകുമോ?

നിത്യാനന്ദ ഒളിവിലിരുന്ന് നിയമത്തെ വെല്ലുവിളിക്കുന്നു

Update: 2024-10-23 05:44 GMT

ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്നു നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതായി തമിഴ്‌നാട് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറന്റ് ഉണ്ടായിട്ടും അദ്ദേഹം ഹാജരാകുന്നില്ലെന്നു പറഞ്ഞ കോടതി, ഇത്തരത്തിലുള്ള ആളുകളുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോയെന്നും ചോദിച്ചു. നിത്യാനന്ദയുടെ ശിഷ്യയായ കര്‍ണാടക സ്വദേശിനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ബലാത്സംഗം ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായ നിത്യാനന്ദ ഏറെക്കാലമായി ഒളിവിലാണ്. ഇന്ത്യയില്‍ നിന്നും രക്ഷപെട്ട് വിദേശത്തു താമസമാക്കിയ 2010ല്‍ നിത്യാനന്ദയുടെ ഡ്രൈവറുടെ പരാതിയില്‍ കേസെടുത്തിരുന്നു. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം കിട്ടി. നിത്യാനന്ദ രാജ്യം വിട്ടതായി 2020ല്‍ ഇതേ ഡ്രൈവര്‍ വെളിപ്പെടുത്തിയിരുന്നു. നിത്യാനന്ദ എവിടെയാണുള്ളതെന്നു വ്യക്തമല്ല. കഴിഞ്ഞവര്‍ഷം, നിത്യാനന്ദ സ്ഥാപിച്ച സാങ്കല്‍പിക രാജ്യമായ കൈലാസയുമായി കരാര്‍ ഒപ്പിട്ട് പാരഗ്വായ് കൃഷിമന്ത്രാലയം പുലിവാലു പിടിച്ചിരുന്നു. സംഭവം വിവാദമായതോടെ വകുപ്പു തലവന്‍ അര്‍നാള്‍ഡോ ചമോറോയെ നീക്കി.

നേരത്തേ, കൈലാസയുടെ പ്രതിനിധി ജനീവയിലെ യുഎന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം കിട്ടിയെന്നു നിത്യാനന്ദ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതു ചര്‍ച്ചയായി. മരിച്ച ശേഷം തന്റെ സമ്പത്തും മൃതദേഹവും ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്നു നിത്യാനന്ദ പറഞ്ഞിരുന്നു. ഹിന്ദുത്വം സംരക്ഷിക്കാന്‍ എന്തും ചെയ്യുമെന്നും മൃതദേഹം ബെംഗളൂരുവിലെ ആശ്രമത്തില്‍ സംസ്‌കരിക്കണമെന്നും സമ്പത്ത് ഇന്ത്യയ്ക്കു നല്‍കണമെന്നുമാണു പറഞ്ഞത്.

'കൈലാസ'ത്തില്‍ സ്ഥിരതാമസത്തിനായി ഒരു ലക്ഷം പേര്‍ക്ക് വീസ നല്‍കുമെന്നും നിത്യാനന്ദ പറഞ്ഞിരുന്നു. അഹമ്മദാബാദിലെ ആശ്രമത്തില്‍നിന്ന് പെണ്‍കുട്ടികളെ കടത്തിയെന്ന കേസില്‍ വിചാരണ നേരിടുന്നതിനിടെയാണു നിത്യാനന്ദ 2019ല്‍ നേപ്പാള്‍ വഴി ഇക്വഡോറിലേക്കു കടന്നത്. ഇന്റര്‍പോളിന്റെ ബ്ലൂ കോര്‍ണര്‍ നോട്ടിസ് നിലവിലുണ്ട്. ഇതിനു ശേഷമാണ് ഹിന്ദുരാജ്യം എന്നവകാശപ്പെട്ടു കൊണ്ട് 'കൈലാസ' എന്ന പേരില്‍ സ്വകാര്യദ്വീപ് വാങ്ങി അത് സ്വന്തം രാജ്യമായി പ്രഖ്യാപിച്ചത്.

ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടര്‍ന്ന് ഇന്ത്യ വിട്ട നിത്യാനന്ദ ഹിന്ദുമതത്തിന്റെ പരമോന്നത നേതാവായാണ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യനെ വരെ നിയന്ത്രിക്കാന്‍ തനിക്ക് കഴിയുമെന്നും പശുക്കളെ ഇംഗ്ലീഷില്‍ സംസാരിപ്പിക്കാന്‍ സാധിക്കിപ്പിക്കും എന്നൊക്കെ ഇയാള്‍ അവകാശപ്പെടുന്നു. തെക്കേ അമേരിക്കയില്‍ 'കൈലാസം' എന്ന പേരില്‍ ഹിന്ദുമതസ്ഥര്‍ക്കായി ഒരു ദ്വീപ് സൃഷ്ടിച്ചതായും ഇയാള്‍ പറയുന്നു.

നിത്യാനന്ദ തന്റെ ദ്വീപ് രാഷ്ട്രമായ കൈലാസത്തിലാണ് താമസിക്കുന്നതെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇയാള്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കയിലായിരിക്കാമെന്നും അവിടെ തന്റെ ആരാധകവൃന്ദത്തെ വിപുലീകരിച്ചെന്നും കാലിഫോര്‍ണിയയില്‍ ഒരു താവളം സ്ഥാപിക്കാന്‍ ശ്രമിച്ചു വരികയാണെന്നുമാണ് സൂചന. സ്വാമി നിത്യാനന്ദയുമായോ അയാളുടെ അനുയായികളുമായോ യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യന്‍ വ്യക്തമാക്കിയിരുന്നു. ാസ?

1978 ജനുവരി 1 ന് തമിഴ്നാട്ടിലാണ് നിത്യാനന്ദ ജനിച്ചത്. അരുണാചലം രാജശേഖരന്‍ എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. നിത്യാനന്ദ അമേരിക്കയില്‍ എവിടെയോ ആണെന്നും ഇക്വഡോറിനടുത്തുള്ള ദ്വീപല്ല കൈലാസ എന്നും ഇതയാളുടെ സ്വന്തമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ''അയാള്‍ കാലിഫോര്‍ണിയയിലാണ്. ഇയാള്‍ക്ക് സാന്‍ ജോസില്‍ ഒരു വലിയ ഓഫീസ് ഉണ്ടെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കരീബിയന്‍ ദ്വീപുകളിലെ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നിത്യാനന്ദയും അയാളുടെ കുറേ അനുയായികളും ആളുകളും താമസിക്കാന്‍ സ്ഥലം അന്വേഷിക്കുകയാണ്'', ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News