ഓപ്പറേഷന്‍ സിന്ദൂറിനിടെ സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ വ്യോമ പ്രതിരോധ തോക്കുകള്‍ വിന്യസിച്ചിട്ടില്ല; തിരുത്തുമായി സൈന്യത്തിന്റെ കുറിപ്പ്; പാക്‌ഡ്രോണുകളെ നേരിടാന്‍ വ്യോമ പ്രതിരോധ സംവിധാനം വിന്യസിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ക്ഷേത്ര തലവനും; ആശയക്കുഴപ്പം ഉണ്ടായത് ഇങ്ങനെ
ഓപ്പറേഷന്‍ സിന്ദൂറിനിടെ സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ വ്യോമ പ്രതിരോധ തോക്കുകള്‍ വിന്യസിച്ചിട്ടില്ല
അമൃത്സര്‍: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനിടെ, അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ആക്രമിക്കാന്‍ പാക്ക് സൈന്യം ശ്രമിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ക്ഷേത്രത്തിനുള്ളില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍, പാക് ഡ്രോണ്‍, മിസൈലാക്രമണങ്ങളെ ചെറുക്കാന്‍ വ്യോമ പ്രതിരോധ തോക്കുകള്‍ സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ വിന്യസിച്ചതായ റിപ്പോര്‍ട്ടുകള്‍ തള്ളി സൈന്യം ഔദ്യോഗിക കുറിപ്പിറക്കി.
സുവര്‍ണ ക്ഷേത്രത്തെ ലാക്കാക്കി പലവട്ടം പാക് ഡ്രോണുകള്‍ പാഞ്ഞുവന്നിരുന്നു. ഇവയെല്ലാം സേന ചെറുത്തു. ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ വ്യോമ പ്രതിരോധ സംവിധാനം വിന്യസിച്ചുവെന്ന വാര്‍ത്ത ക്ഷേത്ര തലവന്‍ സിങ് സാഹിബ് ഗ്യാനി രഘ്ഭീര്‍ സിങ്ങും തള്ളി. ' ഇന്ത്യ സൈന്യം അക്കാര്യത്തിനായി ഞങ്ങളെ സമീപിച്ചതായി എനിക്ക് വിവരമില്ല. ഞാന്‍ സ്ഥലത്തില്ലായിരുന്നു. ഇക്കാര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തും'- അദ്ദേഹം പറഞ്ഞു.
ക്ഷേത്ര സമുച്ചയത്തില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കാന്‍ ക്ഷേത്ര തലവന്‍ അനുമതി നല്‍കിയെന്ന് വ്യോമ പ്രതിരോധ തലവന്‍ ജനറല്‍ സുമെര്‍ ഇവാന്‍ ഡി കുന്‍ഹയാണ് നേരത്തെ അവകാശപ്പെട്ടത്. ' വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായിട്ടായിരിക്കും സുവര്‍ണ ക്ഷേത്രത്തിലെ വിളക്കുകള്‍ കെടുത്തുന്നത്. അതുകൊണ്ട് ഡ്രോണുകള്‍ വരുന്നത് കാണാമായിരുന്നു' -സുമെര്‍ ഇവാന്‍ ഡി കുന്‍ഹ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
കരസേനാ മേജര്‍ ജനറല്‍ കാര്‍ത്തിക്.സി.ശേഷാദ്രിയാണ് നേരത്തെ സുവര്‍ണ ക്ഷേത്രത്തിനെതിരായ പാക്ക് ആക്രമണശ്രമം സ്ഥിരീകരിച്ചത്. സുവര്‍ണ ക്ഷേത്രത്തിനു നേരെയുള്ള എല്ലാ ഭീഷണികളെയും ഇന്ത്യന്‍ സേന തടഞ്ഞിരുന്നുവെന്നും മേജര്‍ ജനറല്‍ കാര്‍ത്തിക്.സി.ശേഷാദ്രി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിനു പ്രതികാരമായി മേയ് 7,8 ദിവസങ്ങളില്‍ പാക്കിസ്ഥാന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ലക്ഷ്യമിടാന്‍ ശ്രമിച്ചെന്നാണു സൈന്യം സ്ഥിരീകരിച്ചത്. 15-ാമത് ഇന്‍ഫന്‍ട്രി ഡിവിഷനിലെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് (ജിഒസി) ആണ് മേജര്‍ ജനറല്‍ കാര്‍ത്തിക്.സി.ശേഷാദ്രി.
''പാക്ക് സൈന്യത്തിനു നിയമാനുസൃതമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അറിയാമായിരുന്നതിനാല്‍ അവര്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയും മതകേന്ദ്രങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് സുവര്‍ണ ക്ഷേത്രമായിരുന്നു. ഇതോടെ സുവര്‍ണ ക്ഷേത്രത്തിന് വ്യോമപ്രതിരോധ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചു. മേയ് 8 ന് പുലര്‍ച്ചെ, ക്ഷേത്രം ലക്ഷ്യമാക്കി ഡ്രോണുകളും ദീര്‍ഘദൂര മിസൈലുകളും ഉപയോഗിച്ച് പാക്കിസ്ഥാന്‍ ഒരു വലിയ വ്യോമാക്രമണം നടത്തി. എന്നാല്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണമായും സജ്ജരായിരുന്നു. പാക്കിസ്ഥാന്റെ മിസൈല്‍ ഡ്രോണ്‍ ഭീഷണികളെ പൂര്‍ണമായും നശിപ്പിച്ചു. സുവര്‍ണ ക്ഷേത്രത്തെ ലക്ഷ്യമിട്ട് വന്ന എല്ലാ ഡ്രോണുകളും മിസൈലുകളും വെടിവച്ചിട്ടു.'' അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു. ആകാശ് മിസൈല്‍ സിസ്റ്റം, എല്‍-70 എയര്‍ ഡിഫന്‍സ് ഗണ്‍സ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും നശിപ്പിച്ചതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും ക്ഷേത്രത്തിനുള്ളില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചിരുന്നില്ല എന്നാണ് സൈന്യം ഇപ്പോള്‍ വ്യക്തമാക്കുന്നത്. ബ്ലാക്ക് ഔട്ടിനിടെ പുറത്തെയും മുകളിലെയും വിളക്കുകള്‍ ക്ഷേത്രാധികാരികള്‍ അണച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.