മലയാളി കന്യാസ്ത്രീകളുടെ മോചനം അകലുന്നു; ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി; ഗുരുതര വകുപ്പുകള്‍ ചുമത്തിയതു കൊണ്ട് കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം; കേസ് എന്‍ഐഎ കോടതിയിലേക്ക്; കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോള്‍ 'ജയ് ശ്രീരാം' മുദ്രാവാക്യം വിളിച്ച് ആഹ്ലാദ പ്രകടനവുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍
മലയാളി കന്യാസ്ത്രീകളുടെ മോചനം അകലുന്നു
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി. ദുര്‍ഗ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കാതിരുന്നത്. കേസ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റി. കന്യാസ്ത്രീകള്‍ക്കെതിരേ ചുമത്തപ്പെട്ട വകുപ്പുകള്‍ ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. സാധാരണഗതിയില്‍ ഇത്തരം കേസുകള്‍ പരിഗണിക്കുന്നത് എന്‍ഐഎ കോടതിയാണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും.
കന്യാസ്ത്രീകള്‍ക്കായി ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. രാജ്കുമാര്‍ തിവാരിയാണ് ഹാജരായത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെയാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. ഇതിനിടെ നിയമ, വനിത വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും അടങ്ങുന്ന സിബിസിഐ സംഘവും റായ്പുരില്‍ എത്തിയിട്ടുണ്ട്. കേസ് ഇനി ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാകും കേസ് പരിഗണിക്കുക.
അതേസമയം കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കാത്ത വാര്‍ത്ത പുറത്തുവന്നതോടെ 'ജയ് ശ്രീരാം' മുദ്രാവാക്യം വിളിച്ച് ആഹ്ലാദ പ്രകടനവുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. കേസ് പരിഗണിക്കുന്നത് അറിഞ്ഞ് നേരത്തെ തന്നെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സംഘ്പരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗം ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ സ്ത്രീകളും യുവാക്കളും അടക്കമുള്ള തീവ്രഹിന്ദുത്വവാദികള്‍ ജയ്ശ്രീറാം മുഴക്കി രംഗത്തുവന്നത്. ഒരുകാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടു.'മിണ്ടരുത്, മിണ്ടിയാല്‍ മുഖമടിച്ചുപൊളിക്കും' എന്നു പറഞ്ഞ ജ്യോതി ശര്‍മയാണ് പ്രകടനത്തില്‍ മുന്നില്‍ നിന്നത്.
കന്യാസ്ത്രീകള്‍ മതപ്രവര്‍ത്തനം നടത്തി. ഇത് തെളിയിക്കാനുള്ള ശക്തമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും ബ്ജരംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ പറഞ്ഞു. കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനം നടത്തി. ഏത് കോടതിയിലും ഇത് തെളിയിക്കും. കുട്ടികള്‍ കരഞ്ഞു പറയുന്ന വീഡിയോ കോടതിയില്‍ ഹാജരാക്കും. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കും. ജാമ്യം അനുവദിച്ചാല്‍ അതിനെതിരെ മേല്‍ കോടതിയെ സമീപിക്കുമെന്നും ജ്യോതി ശര്‍മ പറഞ്ഞു.
മതപരിവര്‍ത്തനം നടത്താന്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അറസ്റ്റിലായ കന്യാസ്ത്രീകളെ നിലവില്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.