യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കോവിഡ് വാക്‌സീനുമായി ബന്ധമില്ല; ജീവിതശൈലിയും രോഗാവസ്ഥയുമാകാം കാരണം; യുവാക്കള്‍ ഹൃദയാഘാതം മൂലം മരിക്കുന്നതിന് വാക്‌സിനെ പഴിക്കേണ്ട; നടക്കുന്നത് തെറ്റായ പ്രചരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടു

യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കോവിഡ് വാക്‌സീനുമായി ബന്ധമില്ല

Update: 2025-07-02 11:31 GMT

ന്യൂഡല്‍ഹി: യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കോവിഡ് വാക്‌സീനുമായി ബന്ധമില്ലെന്ന് പഠനറിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും എയിംസും നടത്തിയ വിശദമായ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ജീവിതശൈലിയും രോഗാവസ്ഥയുമാകാം മരണകാരണമെന്നാണ് വിലയിരുത്തല്‍. കോവിഡ് വാക്‌സീന്‍ തീര്‍ത്തും സുരക്ഷിതമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് കാലത്തിനും വാക്‌സീന്‍ സ്വീകരിച്ചതിനുംശേഷം ആരോഗ്യവാന്‍മാരായ യുവാക്കള്‍ ഹൃദയാഘാതം മൂലം പെട്ടെന്ന് മരിക്കുന്നത് ഏറുന്നു എന്ന ആരോപണങ്ങള്‍ ശക്തമായതോടെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും എയിംസും വിശദമായ പഠനം നടത്തിയത്. ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ആരോപണങ്ങള്‍ തള്ളിയത്.

യുവാക്കളില്‍ വിശദീകരിക്കാനാകാത്ത പെട്ടെന്നുണ്ടാകുന്ന മരണത്തിന് കോവിഡ് വാക്‌സിനുകള്‍ കാരണമാകുന്നില്ലെന്നാണ് കണ്ടെത്തല്‍. കോവിഡ് വാക്‌സിനുകളും ഹൃദയാഘാതവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

2021 ഒക്ടോബറിനും 2023 മാര്‍ച്ചിനും ഇടയില്‍ മരിച്ച 18 45 പ്രായപരിധിയില്‍ വരുന്ന ആരോഗ്യവാന്മാര്‍ എന്ന് തോന്നിയവരിലാണ് പഠനം നടത്തിയത്. 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ആശുപത്രികളിലാണ് പഠനം നടത്തിയത്. ജീവിതശൈലിയും രോഗാവസ്ഥയുമാകാം മരണങ്ങള്‍ക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തി വരുന്നു.

2020 മുതല്‍ ഹൃദയാഘാതം മൂലം നിരവധി യുവാക്കള്‍ ഹൃദയാഘാതം മൂലം മരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്നാണ് ഇതിന് കോവിഡ് വാക്‌സിനുമായി ബന്ധമുണ്ടെന്ന രീതിയില്‍ പ്രചാരണം നടന്നത്. അതിനിടെ, കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ കഴിഞ്ഞ 40 ദിവസത്തിനുള്ളില്‍ 21 പേര്‍ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഹാസനിലെ ഹൃദയാഘാത മരണങ്ങള്‍ക്ക് പിന്നില്‍ കോവിഡ് വാക്സിനുമായി ബന്ധമുണ്ടെന്ന തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആഗോളതലത്തില്‍ നടത്തിയ പഠനങ്ങളില്‍ കോവിഡ് വാക്സിനും ഹൃദയസംബന്ധമായ പഠനങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട്.അതിവേഗത്തില്‍ കോവിഡ് വാക്സിന് അനുമതി നല്‍കി വിതരണം ചെയ്തത് ചിലപ്പോള്‍ മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വാക്സിനേഷനു ശേഷമുള്ള ഫലങ്ങളും സംസ്ഥാനവ്യാപകമായി ചെറുപ്പക്കാര്‍ മരിക്കുന്നതിനെക്കുറിച്ചും പഠിക്കാന്‍ ഫെബ്രുവരിയില്‍ വിദഗ്ദ്ധ സമിതിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News