കേരളത്തിലെ കാപ്പാട് കോളനിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി തമിഴ്‌നാട്ടിലെ വെള്ളരി കോളനി നിവാസി; കാപ്പാട്ടെ ബന്ധുവീട്ടില്‍ വിരുന്നു വന്നാല്‍ മടങ്ങുന്നത് ഏറെ നാള്‍ കഴിഞ്ഞും; കവലയില്‍ നിന്നും ഭാര്യയും ഭര്‍ത്താവും വരുമ്പോള്‍ മുന്നില്‍ കാട്ടുകൊമ്പന്‍; മാനുവിനെ ആനപ്പക തീര്‍ത്തത് ഭാര്യയുടെ കണ്‍മുന്നില്‍; ചന്ദ്രികയെ കണ്ടെത്തി അന്വേഷണം; നൂല്‍പുഴയിലേത് ദാരുണ കാട്ടാനാക്രമണം
കല്‍പറ്റ: നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍. മൃതദേഹം സ്ഥലത്ത് നിന്നു മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. കളക്ടര്‍ വരാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
അതേസമയം, മരിച്ച മാനുവിന്റെ ഭാര്യയെ കണ്ടെത്തി. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ചന്ദ്രികയെ കണ്ടെത്തിയത്. ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. മൃതദേഹത്തിന് തൊട്ടടുത്ത് നിന്നും ഭാര്യയുടെ ഷാള്‍ കണ്ടെടുത്തിട്ടരുന്നു. ഇത് ആശങ്കയായി മാറുകയും ചെയ്തു. കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് കൂടി പരിക്കേറ്റതായി സംശയമുണ്ടെന്ന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് കാട്ടാന ശല്യമുള്ള വനാതിര്‍ത്തി മേഖലയായ നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പിന്നീട് പാടത്ത് മരിച്ച നിലയില്‍ മനുവിനെ കണ്ടെത്തുകയായിരുന്നു. മനുവിന്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.
ഇന്നലെ രാത്രിയാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. തമിഴ്‌നാട് അതിര്‍ത്തിയാണ് നൂല്‍പ്പുഴ. തമിഴ്‌നാട്ടിലെ വെള്ളരി കവലയില്‍ നിന്നു വരുമ്പോള്‍ വയലില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. ഇരുവരെയും കാണാതായതോടെ ഇന്നു പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. കേരളത്തിലെ കാപ്പാട് കോളനിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി തമിഴ്‌നാട്ടിലെ വെള്ളരി കോളനി നിവാസിയാണ് മനു. ബന്ധുക്കള്‍ ഉള്ള കാപ്പാട് കോളനിയിലേക്ക് മനുവും കുടുംബവും വിരുന്ന് വന്നതാണ്. വിരുന്നു വന്നാല്‍ ഏറെ നാള്‍ ഈ കോളനിയില്‍ താമസിച്ച ശേഷമായിരിക്കും മടങ്ങിപ്പോകുന്നത്. മനുവിന് മൂന്ന് മക്കളുണ്ട്.
ബത്തേരിയില്‍ നിന്ന് 14 കിലോമീറ്റര്‍ മാറി നൂല്‍പ്പുഴയില്‍ നിന്ന് കാപ്പാടിനു പോകുന്ന വഴിയില്‍ ഇരുമ്പു പാലത്തിനു സമീപമാണ് സംഭവം. കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് നൂല്‍പ്പുഴ. ഇവിടെ നിന്നും നേരത്തേ കുടുംബങ്ങളെ പുനരധിവാസ പദ്ധതി പ്രകാരം മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. നെല്ലിവിള പുത്തന്‍ വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആണ് മരിച്ചത്. ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്.
അരുവിയിലേക്ക് കുളിക്കാന്‍ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.വനാതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് സോഫിയയുടെ വീട്. സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ മകള്‍ക്ക് ജോലി നല്‍കുമെന്ന ഉറപ്പും കളക്ടര്‍ നല്‍കയിട്ടുണ്ട്.
ഇടുക്കിയില്‍ ഈ മാസം കാട്ടാനയുടെ ആക്രണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. ഇടുക്കി മറയൂരില്‍ ഫെബ്രുവരി ആറിനുണ്ടായ ആക്രമണത്തില്‍ ചഫക്കാട് കുടി സ്വദേശി വിമലന്‍ (57) കൊല്ലപ്പെട്ടിരുന്നു.