35 ആഡംബര കാറുകളുമായി പൊതുഗതാഗതം തടസ്സപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ റോഡ് ഷോ! അകമ്പടിയായി അനിമലിലെ 'അരജന്‍ വല്ലി' ഗാനവും; ഡ്രോണ്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടപടിയെടുത്ത് പോലീസ്‌

35 ആഡംബര കാറുകളുമായി പൊതഗതാഗതം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ തടസപ്പെടുത്തി റോഡ് ഷോ!

Update: 2025-02-11 08:05 GMT

സൂറത്ത്: പൊതുനിരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയ 'വാഹന ഷോ'യുമായി സൂറത്തിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥികള്‍. 35 ആഡംബര കാറുകളുമായി നിരത്തിലിറങ്ങിയ 12ാം ക്ലാസ് വിദ്യാര്‍ഥികളാണ് വാഹനങ്ങളുമായി ഷോ നടത്തിയത്. വാഹന പരേഡിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് ഗതാഗത നിയമ ലംഘനത്തിന് നടപടി സ്വീകരിച്ചു.

സൂറത്തിലെ ജഹാംഗിര്‍പുരയില്‍ ഫെബ്രുവരി ഏഴിനാണ് സംഭവം. സ്‌കൂളിലെ യാത്രയയപ്പ് പരിപാടിയോടനുബന്ധിച്ചാണ് വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങിയത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ബോളിവുഡ് സിനിമയായ അനിമലിലെ 'അരജന്‍ വല്ലി' ഗാനവും കേള്‍ക്കാം. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ നടപടിയെടുക്കാത്തതില്‍ അധികൃതര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒന്നിലധികം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടതായി ഡെപ്യൂട്ടി കമീഷണര്‍ അമിത വനാനി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരവാദികളായവര്‍ക്കെതിരെ ആവശ്യമായ നടപടിയെടുക്കുമെന്നും വനാനി അറിയിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ പൊലീസ് സന്ദര്‍ശിച്ചു. അതേസമയം, ഇത്തരം പ്രവര്‍ത്തനങ്ങളെ സ്ഥാപനം അംഗീകരിക്കുന്നില്ലെന്ന് സ്‌കൂള്‍ സ്ഥാപകന്‍ വര്‍ദന്‍ കബ്ര പറഞ്ഞു.

'പൊലീസുമായി പൂര്‍ണാര്‍ഥത്തില്‍ സഹകരിക്കും. ആവശ്യമായ വിവരങ്ങള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. സാധുവായ ലൈസന്‍സ് ഉണ്ടെങ്കിലും, യാത്രയയപ്പ് പരിപാടിക്ക് സ്വകാര്യ വാഹനങ്ങളില്‍ വരരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് മുന്‍കൂട്ടി മെയില്‍ അയച്ചിരുന്നു. രക്ഷിതാക്കളോ ഡ്രൈവര്‍മാരോ വിദ്യാര്‍ഥികളെ വാഹനങ്ങളില്‍ സ്‌കൂളുകളിലെത്തിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ ബസും ഒരുക്കിയിരുന്നു' -കബ്ര പറഞ്ഞു. 26 കാറുകള്‍ തിരിച്ചറിഞ്ഞതായും 12 കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായും ഡി.സി.പി രാകേഷ് ബാരോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News