ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 385 എഫ്‌ഐആറുകള്‍; വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടു; ആസൂത്രണം ചെയ്തത് വന്‍ തട്ടിപ്പുകള്‍; പാതി വില തട്ടിപ്പ് കേസില്‍ അനന്തു പ്രഥമ ദൃഷ്ട്യാ കുറ്റക്കാരന്‍; ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യത; ജാമ്യാപേക്ഷ തള്ളി കോടതി

പാതി വില തട്ടിപ്പ് കേസില്‍ അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി

Update: 2025-02-11 10:37 GMT

കൊച്ചി: പാതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്ന് നിരീക്ഷിച്ചാണ് മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അനന്തു പ്രഥമ ദൃഷ്ട്യാ കുറ്റക്കാരന്‍ ആണെന്ന് കോടതി പറഞ്ഞു. അനന്തു കൃഷ്ണനെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും കേസുണ്ടെന്ന കാര്യങ്ങളടക്കം പരിഗണിച്ചാണ് നടപടി.

മൂവാറ്റുപുഴ സ്വദേശി ജുമാന നാസര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പിന്റെ ചുരുളഴിച്ചത്. സംഭവത്തിന്റെ വിശദ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മൂവാറ്റുപുഴ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.സി.ജയകുമാറും സംഘവും നടത്തിയ അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ കഥ പുറത്തുവന്നു.

ജുമാനയ്ക്ക് പണം നഷ്ടപ്പെട്ടിരുന്നില്ല. പൊതുതാത്പര്യം എന്ന നിലയില്‍ പകുതി വില പദ്ധതിയുടെ സുതാര്യത അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. അന്വേഷണത്തിനിടെ മൂവാറ്റുപുഴ പൊലീസ് അനന്തുകൃഷ്ണന്റെ പ്രൊഫഷണല്‍ സര്‍വീസസ് ഇന്നൊവേഷന്‍ എന്ന സ്ഥാപനത്തിന്റെ എച്ച് ഡി എഫ് സി ബാങ്കിന്റെ എറണാകുളം ശാഖയിലെ മൂന്നരകോടിയുടെ കറന്റ് അക്കൗണ്ട് മരവിപ്പിച്ചു. ഇതിലേക്ക് പണം വരുന്നതും തടഞ്ഞു. അനന്തുകൃഷ്ണനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പരാതി പ്രവാഹമായിരുന്നു.

ക്രൈംബ്രാഞ്ചിന് വെല്ലുവിളി

അതേസമയം, അനന്തു കൃഷ്ണനില്‍ നിന്നും സംഭാവന വാങ്ങിയവരെയും ഗുണഭോക്താക്കളെയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. പാതിവില വഴി ലഭിച്ച സാധനങ്ങള്‍ കസ്റ്റഡിയിലെടുക്കാതെ വിവരങ്ങള്‍ രേഖപ്പെടുത്തി തിരികെ നല്‍കും. ഇന്ന് രാവിലെ വരെ 385 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 33,000ത്തിലധികം പരാതികള്‍ വിവിധ സ്റ്റേഷനുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തട്ടിപ്പ് പണം ചില പാര്‍ട്ടികള്‍ക്കും, വ്യക്തികള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് അനന്തുകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്.

കൈമാറിയ തൊണ്ടിമുതലുകള്‍ കസ്റ്റഡിയില്‍ വാങ്ങി സൂക്ഷിക്കുക പ്രായോഗികമല്ലാത്തിനാല്‍ രേഖപ്പെടുത്തി കൈമാറും. കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നവരെ കൈമാറ്റമോ വില്‍പ്പനയോ പാടില്ലെന്ന് വ്യവസ്ഥയിലാകും ഗുണഭോക്താക്കള്‍ക്ക് സാധനങ്ങള്‍ മടക്കി നല്‍കുക. അങ്ങനെ വിപുലമായ പദ്ധതി തയ്യാറാക്കി അന്വേഷണം നടത്തിയാലും ഓരോ കുറ്റപത്രവും തയ്യാറാക്കാന്‍ സമയമെടുക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ അനന്തു കൃഷ്ണനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഓരോ ജില്ലകളിലുമായി നൂറുകണക്കിന് പ്രതികളുണ്ട്. ഓരോരുത്തരുടെയും പങ്ക് പരിശോധിച്ച് അറസ്റ്റിലേക്ക് കടക്കുകയാണ് അടുത്ത വെല്ലുവിളി.

പണം വാങ്ങിയ ജനപ്രതിനിധികളുടെ അടക്കം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പണം വാങ്ങാനിടയായ സാഹചര്യം ഇവര്‍ പൊലീസിന് മുന്നില്‍ വ്യക്തമാക്കേണ്ടിവരും. തട്ടിപ്പ് പണത്തിന്റെ പങ്ക് പറ്റിയിട്ടുണ്ടെങ്കില്‍ ഇവരെ പ്രതിയാക്കുമോ എന്നാണ് അറിയേണ്ടത്. പണം നഷ്ടമായവരുടെ മൊഴി എടുക്കുകയാണ് അടുത്ത വലിയ വെല്ലുവിളി. ഇതുകൂടാതെ പകുതി വിലയില്‍ സ്‌കൂട്ടറും, ലാപ്‌ടോപ്പും, രാസവളവും, തയ്യല്‍ മെഷീനും വാങ്ങിയവരുടെ മൊഴിയുമെടുക്കണം. 65,000 പേര്‍ക്ക് സാധനങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും പൊലീസിന്റെ നിഗമനം.

ലക്ഷ്യമിട്ടത് വന്‍ തട്ടിപ്പുകള്‍

പാതി വില തട്ടിപ്പിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ ആസൂത്രണം ചെയ്തത് വന്‍ തട്ടിപ്പുകള്‍. കഴിഞ്ഞ ഏപ്രിലില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ യോഗത്തിലാണ് അനന്തു പുതിയ തട്ടിപ്പ് പദ്ധതികള്‍ വിശദീകരിച്ചത്. പ്രധാനമന്ത്രിയുടെ അപ്പാരല്‍ പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി ഗാര്‍മെന്റ് ക്ലസ്റ്ററുകള്‍ തുടങ്ങുമെന്ന വ്യാജ വാഗ്ദാനമാണ് യോഗത്തില്‍ ഇയാള്‍ നല്‍കിയത്.

തന്റെ പദ്ധതിയില്‍ രൂപതകളുടെ സഹായവുമുണ്ടെന്ന അവകാശവാദവും ഇയാള്‍ യോഗത്തില്‍ നടത്തി. അറുപതിലധികം രൂപതകള്‍ സഹായിച്ചെന്നാണ് അവകാശവാദം. എന്നാല്‍ രൂപതകളുടെ പേര് അനന്തു പരാമര്‍ശിച്ചിട്ടില്ല. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വൊളന്റിയര്‍ ഗ്രാം തുടങ്ങാനിരുന്നു. ലാപ് ടോപ് നല്‍കിയത് ഇന്‍സ്റ്റഗ്രാമിന് ബദല്‍ പ്ലാറ്റ് ഫോം സൃഷ്ടിക്കാന്‍ എന്ന അവകാശവാദവും അനന്തു കൃഷ്ണന്‍ നടത്തി. കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഇതിലൂടെ തട്ടിപ്പില്‍ പങ്കാളിയാക്കാനായിരുന്നു ഇയാളുടെ നീക്കം. ഈ ആപ്പിനെ പിന്നീട് വില്‍ക്കുമെന്നും പറഞ്ഞു.

ലാപ്ടോപ് നല്‍കിയി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും അനന്തു പറഞ്ഞു. ഇതൊരു ബിസിനസ് ആണെന്നും അതിന് വേണ്ടി ഫീല്‍ഡിലിറങ്ങി പണിയെടുക്കാന്‍ കഴിയുന്ന കുട്ടികളെ ജോബ് പോര്‍ട്ടലിലേക്ക് സജ്ജമാക്കുകയെന്നതാണ് ലാപ്ടോപ്പ് കൊടുത്തപ്പോള്‍ ചെയ്തതെന്ന് അനന്തു പറയുന്നു. വ്യവസായ യൂണിറ്റുകള്‍ തുടങ്ങും എന്നും അനന്തു കൃഷ്ണന്‍ പ്രചരിപ്പിച്ചു.

Tags:    

Similar News