'ഭക്ഷണം തനിക്ക് വേണ്ട, ചേട്ടന്‍ തന്നെ കഴിച്ചോളൂ..! ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ബോയിക്ക് തന്നെ നല്‍കി പെണ്‍കുട്ടി; ജോലിക്കിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് ഓണ്‍ലൈന്‍ ഡെലിവറി ബോയി
'ഭക്ഷണം തനിക്ക് വേണ്ട, ചേട്ടന്‍ തന്നെ കഴിച്ചോളൂ..!
കൊച്ചി: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ബോയിക്ക് തന്നെ നല്‍കി പെണ്‍കുട്ടി. സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത പൊറോട്ട റോളാണ് ഡെലിവറി ബോയിയായ അഖില്‍ കുമാറിന് പെണ്‍കുട്ടി നല്‍കിയത്. ഇക്കാര്യം അഖില്‍ കുമാര്‍ തന്നെയാണ് മറുനാടനോട് പങ്കു വച്ചത്.
അഖില്‍ പറയുന്നത് ഇങ്ങനെ; തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്കാണ് പാലാരിവട്ടം മാമംഗലത്തുള്ള ഗ്രില്‍ ഫാക്ടറി എന്ന റെസ്റ്റൊറന്റില്‍ നിന്നും ഒരു ഓര്‍ഡര്‍ ലഭിക്കുന്നത്. എംജി റോഡിന് സമീപമുള്ള കല്യാണ്‍ സില്‍ക്ക്സിന് സമീപത്ത് നിന്നുമായിരുന്നു ഓര്‍ഡര്‍. ഭക്ഷണവുമായി സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടി ഭക്ഷണം തനിക്ക് വേണ്ടെന്നും ചേട്ടന്‍ തന്നെ കഴിച്ചോളൂ എന്നും പറയുകയായിരുന്നു.
പെണ്‍കുട്ടിയോട് ഏറെ നിര്‍ബന്ധിച്ചെങ്കിലും ഭക്ഷണം വാങ്ങാന്‍ കൂട്ടാക്കിയില്ല. ഇതോടെ വഴിയിരികിലെ തണല്‍ മരത്തിന്‍ കീഴില്‍ വാഹനം പാര്‍ക്ക് ചെയ്ത് പോറോട്ട റോള്‍ കഴിക്കുകയും ചെയ്തു എന്നാണ് അഖില്‍ പറഞ്ഞത്. യാദൃച്ഛികമായി മറുനാടന്‍ ലേഖകന്‍ അഖിലിനെ കണ്ടപ്പോള്‍ സൊമാറ്റോ ഡെലിവറി ജോലിയുടെ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് അന്നേ ദിവസം നടന്ന ഈ സംഭവം പുറത്ത് പറയുന്നത്. ജോലിക്കിടയിലെ ഇത്തരം അനുഭവം ഏറെ സന്തോഷം പകരുന്നതാണെന്നും അഖില്‍ പറഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി അഖില്‍ സൊമാറ്റോ ഡെലിവറി ജോലി ചെയ്തു വരികയാണ്. പാര്‍ട്ട് ടൈം ആയാണ് ജോലി നോക്കുന്നത്. 4 മണിക്കൂര്‍ കൊണ്ട് അത്യാവശ്യം നല്ല വരുമാനമുണ്ട്. ജോലിയുടെ കഷ്ടപ്പാട് അറിയുന്നവര്‍ ചെറിയ തുകകള്‍ ടിപ്പായും നല്‍കുന്നുണ്ട്. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തനിക്ക് തന്നെ തന്നത് ആദ്യ അനുഭവമാണെന്നും അഖില്‍ പറഞ്ഞു.