ആള്‍മാറാട്ടം! ഡോ.എ.ജയതിലകിന് വീണ്ടും അമളി! ടൈം മെഷീന്‍ ഇല്ലാത്തതിനാല്‍ ഹിയറിംഗ് മിസ്സായെന്ന് എന്‍.പ്രശാന്ത്; കുറ്റം ചാര്‍ത്തലിന് മുഖ്യമന്ത്രി നേരിട്ട് വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പകരം അഡീഷണല്‍ സെക്രട്ടറി; തിങ്കളാഴ്ച രാവിലത്തെ ഹിയറിംഗിന് നോട്ടീസ് കിട്ടിയത് വൈകുന്നേരവും; ചീഫ് സെക്രട്ടറി ഹിയറിംഗ് തടസ്സപ്പെടുത്തുവെന്ന് മുഖ്യമന്ത്രിക്ക് പ്രശാന്തിന്റെ പരാതി
ചീഫ് സെക്രട്ടറി ഹിയറിംഗ് തടസ്സപ്പെടുത്തുവെന്ന് മുഖ്യമന്ത്രിക്ക് പ്രശാന്തിന്റെ പരാതി
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ.ജയതിലക് തന്റെ വാദം( ഹിയറിംഗ്) തടസ്സപ്പെടുത്തുന്നതായി കാട്ടി എന്‍.പ്രശാന്ത് ഐഎഎസ് മുഖ്യമന്ത്രിക്ക് മെയില്‍ അയച്ചു. ഐഎഎസ് ഉദ്യോഗസ്ഥന്റെ വാദം കേള്‍ക്കേണ്ട അച്ചടക്ക അധികാരി (Disciplinary Authority) മുഖ്യമന്ത്രിയാണ്. തന്റെ സസ്‌പെന്‍ഷന്‍ ചീഫ് സെക്രട്ടറി തുടര്‍ച്ചയായി നീട്ടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് തനിക്ക് കിട്ടിയ ചാര്‍ജ് മെമ്മോയ്ക്ക് മറുപടിയായി റൂള്‍ 8 പ്രകാരം മുഖ്യമന്ത്രി നേരിട്ട് വാദം കേള്‍ക്കണമെന്ന് പ്രശാന്ത് അഭ്യര്‍ഥിച്ചത്.
ഈ ആവശ്യം അംഗീകരിച്ചതായി ചീഫ് സെക്രട്ടറിയുടെ കത്ത് ഇന്ന് ലഭിച്ചെങ്കിലും, കത്തിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡിസിപ്ലിനറി അഥോറിറ്റിയായ മുഖ്യമന്ത്രിയുടെ സ്ഥാനത്ത് പൊതുഭരണ വകുപ്പിലെ ഒരു അഡീഷണല്‍ സെക്രട്ടറിയാകും വാദം കേള്‍ക്കുക എന്നാണ് കത്തില്‍ പറയുന്നത്. 'ഉള്ളടക്കം പോലും വായിച്ചുനോക്കാതെ തയ്യാറാക്കിയ പൊതുഭരണ വകുപ്പിലെ സ്ഥിരം ഹിയറിംഗ് നോട്ടീസ് 'കട്ട്-പേസ്റ്റ്' ചെയ്തതാണെന്ന് വ്യക്തം. ഇത് അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ചുള്ള നടപടിയാണെന്ന് പൊതുഭരണ വകുപ്പ് നോക്കുന്ന ഡോ. ജയതിലകിന് അറിയില്ലല്ലോ'- എന്‍.പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. തന്നെ തരംതാഴ്ത്താന്‍ ശ്രമിച്ചുകൊണ്ട് നല്‍കിയ ചാര്‍ജ് മെമോയുടെ ഹിയറിംഗ് തടസ്സപ്പെടുത്താന്‍ ജയതിലക് ശ്രമിക്കുന്നുവെന്നാണ് ബ്രോയുടെ ആരോപണം.
ടൈം മെഷീന്‍ ഇല്ലാത്തതിനാല്‍ ഹിയറിംഗ് മിസ്സായി!
പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സമയം പോലും നേര്‍രേഖയില്‍ സഞ്ചരിക്കുന്നില്ല എന്നാണ് പ്രശാന്തിന്റെ പരിഹാസം.വാദം കേള്‍ക്കുന്നതിനുള്ള അനുമതി ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചത് തിങ്കളാഴ്ച വൈകുന്നേരമാണ്. എന്നാല്‍ ഹിയറിംഗ് സമയം തിങ്കളാഴ്ച രാവിലെ ആയിരുന്നു!
മുഖ്യമന്ത്രിയുടെ ജോലി ഡെലിഗേറ്റ് ചെയ്യാന്‍ ആര് അധികാരം നല്‍കി?
അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം അച്ചടക്ക നടപടിയുടെ ഡിസിപ്ലിനറി അതോറിറ്റി (DA) മുഖ്യമന്ത്രിയാണ്. ക്വാസി-ജുഡീഷ്യല്‍ സ്വഭാവമുള്ള ഈ ഉത്തരവാദിത്തം കൈമാറ്റം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി വാദം കേള്‍ക്കേണ്ട സ്ഥാനത്ത്, പൊതുഭരണ വകുപ്പിലെ ഒരു അഡീഷണല്‍ സെക്രട്ടറിയെ വാദം കേള്‍ക്കാന്‍ നിയമിച്ചു എന്നാണ് കത്തില്‍ പറയുന്നത്. ഇത് 'ആള്‍മാറാട്ടം' ആണെന്നും, നിയമപരമായ ഉത്തരവാദിത്തം മറ്റൊരു ഉദ്യോഗസ്ഥന് കൈമാറുന്നത് അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രശാന്ത് വാദിക്കുന്നു.
ഡിസിപ്ലിനറി അതോറിറ്റിയായ മുഖ്യമന്ത്രിയെ ഫയല്‍ പോലും കാണിക്കാതെ ഡോ. ജയതിലക് എടുത്ത തീരുമാനമാണിതെന്നും GAD ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കുറിപ്പില്‍ പറയുന്നു.
കൊല്ലം കളക്ടറായിരിക്കെ ഡോ. ജയതിലക് സ്റ്റാറ്റിയൂട്ടറി ഹിയറിങ്ങുകള്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് കൈമാറിയ ചരിത്രമുള്ളത് ഓര്‍മ്മിപ്പിച്ച പ്രശാന്ത് നിയമം അനുവദിക്കുന്നതും അല്ലാത്തതും അദ്ദേഹത്തിന് അറിയില്ലെന്നും വിമര്‍ശിച്ചു. ചട്ടപ്രകാരം മുഖ്യമന്ത്രി നേരിട്ട് ചെയ്യേണ്ട ഉത്തരവാദിത്തം അണ്ടര്‍ സെക്രട്ടറിക്കോ അഡീഷണല്‍ സെക്രട്ടറിക്കോ ചെയ്യാന്‍ നിയമം അനുവാദം നല്‍കുന്നില്ല. തന്റെ ഹിയറിംഗ് തടസ്സപ്പെടുത്താനുള്ള ഡോ. ജയതിലകിന്റെ നീക്കം ഡിസിപ്ലിനറി അതോറിറ്റിയുടെ( മുഖ്യമന്ത്രിയുടെ) ശ്രദ്ധയില്‍പ്പെടുത്തി മെയില്‍ അയച്ചിട്ടുണ്ടെന്നും, ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിരവധി വിധികള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.പ്രശാന്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ആള്‍മാറാട്ടം
AIS (D&A) ചട്ടങ്ങളിലെ റൂള്‍ 8 പ്രകാരം, അച്ചടക്ക അധികാരിയായ (Disciplinary Authority) ബഹു. മുഖ്യമന്ത്രി നേരിട്ട് എന്റെ വാദം കേള്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ചാര്‍ജ് മെമോയ്ക്കുള്ള മറുപടി നല്‍കിയിരുന്നു. ആ ആവശ്യം അംഗീകരിച്ചതായി അറിയിച്ചുകൊണ്ട് ചീഫ് സെക്രട്ടറിയുടെ കത്ത് ഇന്ന് എനിക്ക് ലഭിച്ചു.
ഹിയറിംഗ് എന്നാണെന്ന് അറിയണ്ടെ? അത് ഇന്ന് രാവിലെ ആയിരുന്നു - ടൈം മഷീന്‍ ഇല്ലാത്തതിനാല്‍ അനുവദിച്ച ഹിയറിംഗ് മിസായല്ലോ! പിന്നോട്ട് സഞ്ചരിക്കുന്ന സമയം പോലെ വേറെ എന്തെങ്കിലും കൗതുകം ഉണ്ടോ എന്നറിയാന്‍ കത്ത് ശരിക്കും വായിച്ചു നോക്കി. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡിസിപ്ലിനറി അഥോറിറ്റിയായ മുഖ്യമന്ത്രിയുടെ സ്ഥാനത്ത് പൊതുഭരണ വകുപ്പിലെ ഒരു അഡീഷണല്‍ സെക്രട്ടറിയാകും വാദം കേള്‍ക്കുക എന്നാണ് കത്തില്‍ പറയുന്നത്! ഉള്ളടക്കം പോലും വായിച്ചുനോക്കാതെ തയ്യാറാക്കിയ പൊതുഭരണ വകുപ്പിലെ സ്ഥിരം ഹിയറിംഗ് നോട്ടീസ് 'കട്ട്-പേസ്റ്റ്' ചെയ്തതാണെന്ന് വ്യക്തം. ഇത് അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ചുള്ള നടപടിയാണെന്ന് പൊതുഭരണ വകുപ്പ് നോക്കുന്ന ഡോ. ജയതിലകിന് അറിയില്ലല്ലോ.
ഡോ. ജയതിലക് കൊല്ലം കലക്ടറായിരിക്കെ പല നിയമങ്ങളുടെ കിഴിലായുള്ള എല്ലാ സ്റ്റാറ്റിയൂട്ടറി ഹിയറിങ്ങുകളും ഡെപ്യൂട്ടി കളക്ടര്‍മാരുടെ തലയില്‍ നൈസ് ആയി വെച്ചതും സര്‍ക്കാര്‍ കേസുകള്‍ കൂട്ടത്തോടെ തോറ്റതും ഇന്നും കൊല്ലം കളക്ടറേറ്റില്‍ ഉള്ളവര്‍ക്ക് ഓര്‍മ്മയുണ്ട്. വിരമിക്കാരായിട്ടും നിയമം അനുവദിക്കുന്നതും അനുവദിക്കാത്തതും എന്തെന്ന് അദ്ദേഹത്തിന് നിശ്ചയമില്ല. നന്ദി ഡോ. ജയതിലക്, പക്ഷേ അച്ചടക്ക അധികാരിയായ മുഖ്യമന്ത്രി വാദം കേള്‍ക്കണമെന്ന് വ്യക്തമായി അച്ചടക്ക അധികാരിയോട് തന്നെയാണ് രേഖാമൂലം ആവശ്യപ്പെട്ടത്. നിയമം അത് വ്യക്തമായി അനുവദിക്കുന്നുമുണ്ട്. ഫയല്‍ കൈമാറുക എന്നല്ലാതെ താങ്കള്‍ക്ക് ഈ വിഷയത്തില്‍ ഔദ്യോഗികമായി റോളൊന്നുമില്ല. (ഡിസിപ്ലിനറി അഥോറിറ്റിയായ മുഖ്യമന്ത്രിയെ ഫയല്‍ പോലും കാണിക്കാതെ ഡോ.ജയതിലക് സ്വന്തമായി എടുത്ത തിരുമാനമാണെന്ന് പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.)
ചട്ടപ്രകാരം എനിക്ക് നേരിട്ട് ഹിയറിംഗ് അനുവദിക്കേണ്ട ഡിസിപ്ലിനറി അഥോറിറ്റിയാണ് ബഹു.മുഖ്യമന്ത്രി. ഇത് ക്വാസി ജൂഡിഷ്യല്‍ ഉത്തരവാദിത്തമാണ്. എന്‍ക്വയറി ഉദ്യോഗസ്ഥനായി ആരെയും നിയമിക്കാത്തിടത്തോളം ഡിസിപ്ലിനറി അഥോറിറ്റി നേരിട്ട് ഹിയറിംഗ് നടത്തണം എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. സ്റ്റാറ്റിയൂട്ടറി ഉത്തരവാദിത്തം എന്ന് പറയും. ഇത് ഡെലിഗേറ്റ് ചെയ്യാന്‍ പറ്റാത്ത ഉത്തരവാദിത്തമാണെന്ന് ഒരു പക്ഷേ ഡോ. ജയതിലകിന് അറിയില്ലായിരിക്കും.
BNSS പ്രകാരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടത് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (SHO) ആണെന്ന് നിയമ പുസ്തകത്തില്‍ പറയുന്ന പോലെ, അഖിലേന്ത്യാ സര്‍വീസ് ചട്ട പ്രകാരം ഡിസിപ്ലിനറി അതോറിറ്റിക്ക് പറഞ്ഞിട്ടുള്ളതാണ് ഈ ജോലി. ഓരോരുത്തര്‍ക്ക് ഓരോരോ ഉത്തരവാദിത്തങ്ങള്‍ കല്‍പ്പിച്ച് നല്‍കുന്നതാണല്ലോ നിയമം. അതായത് സ്റ്റേഷന്‍ SI യുടെ ജോലി ചെയ്യാന്‍ മുഖ്യമന്ത്രിക്കോ, മുഖ്യമന്ത്രിയുടെ ജോലി ചെയ്യാന്‍ അണ്ടര്‍ സെക്രട്ടറിക്കോ നിയമം അനുവാദം നല്‍കുന്നില്ല.
ചട്ടപ്രകാരം മുഖ്യമന്ത്രി നേരിട്ട് ചെയ്യേണ്ട ഉത്തരവാദിത്തം സെക്രട്ടേറിയറ്റിലെ അഡീഷണലോ അണ്ടര്‍ സെക്രട്ടറിയോ ചെയ്താല്‍ മതി എന്ന് ഇതുമായി ബന്ധമൊന്നുമില്ലാത്ത ഡോ.ജയതിലക് എങ്ങനെ തിരുമാനിച്ചു എന്ന് മാത്രം മനസ്സിലാവുന്നില്ല. മുഖ്യമന്ത്രിക്ക് ഏറെ തിരക്കുകള്‍ ഉണ്ടെങ്കിലും പരാതികളൊക്കെ ധാരാളം നേരിട്ട് കേള്‍ക്കാറുണ്ട്, അതിനായി സമയവും അനുവദിക്കാറുണ്ട്.
ഡോ.ജയതിലക് ഇപ്രകാരം എന്റെ ഹിയറിംഗ് തടസ്സപ്പെടുത്തുന്നത് ബഹു. ഡിസിപ്ലിനറി അഥോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തി ഇന്ന് വൈകിട്ട് മെയില്‍ അയച്ചിട്ടുണ്ട്. ഒരല്പം നിയമവിദ്യാഭ്യാസമുള്ളവര്‍ക്ക് വായിക്കാനായി സുപ്രീം കോടതി ഈ വിഷയത്തില്‍ ഇറക്കിയ വിധികളുടെ ലിസ്റ്റ് ഉദ്ധരിക്കട്ടെ:
1. Gullapalli Nageswara Rao & Ors v. APSRTC & Anr., AIR 1959 SC 308
2. T. Sudheer & Ors v. M.V. Susheela & Ors, 2009 (4) KLT 817 (FB)
3. State of Orissa v. Dr (Miss) Binapani Dei, AIR 1967 SC 1269
4. Pradyat Kumar Bose v. Chief Justice of Calcutta High Court, AIR 1956 SC 285
5. Shardul Singh v. State of Madhya Pradesh, AIR 1966 MP 193 / 1967 MPLJ 347
6. Vine v. National Dock Labour Board, [1957] AC 488 (HL)
7. Roop Singh Negi v. Punjab National Bank & Ors, (2009) 2 SCC 570
8. Sur Enamel and Stamping Works Ltd v. Their Workmen, AIR 1963 SC 1914
9. Manak Lal v. Dr. Prem Chand Singhvi, AIR 1957 SC 425
10. A.K. Kraipak & Ors v. Union of India, (1969) 2 SCC 262
11. Ranjit Thakur v. Union of India & Ors, (1987) 4 SCC 611
12. Barium Chemicals Ltd v. Company Law Board, AIR 1967 SC 295
13. Ganpati Singhji v. State of Ajmer, AIR 1955 SC 188
സസ്‌പെന്‍ഷന്‍ നീട്ടാന്‍ പകപോക്കല്‍ തുടരുന്നു
എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്പെന്‍ഷന്‍ നീട്ടാന്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് പകപോക്കല്‍ നടപടികള്‍ തുടരുന്നതായി ആരോപണം നിലനില്‍ക്കുകയാണ്. ഡോ.ജയതിലകിന് എതിരെ പ്രശാന്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് ശേഷം നാലാമത്തെ അച്ചടക്ക നടപടിക്ക് കഴിഞ്ഞ മാസം 28 ന് മെമ്മോ ഇറക്കിയിരുന്നു.
കീം പ്രവേശന പരീക്ഷയുടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ തിരുത്താനുള്ള നിയമവിരുദ്ധ നീക്കം ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയ വിധി ഉദ്ധരിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിനാണ് ബ്രോയ്ക്ക് പുതിയ ചാര്‍ജ് മെമ്മോ കിട്ടിയത്. ഈ വര്‍ഷത്തെ നിയമവിരുദ്ധമായ തീരുമാനത്തിന് പിന്നില്‍ ചീഫ് സെക്രട്ടറിയുടെ മോശം ഉപദേശമാണ് എന്ന് ചില മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും അഭിപ്രായപ്പെട്ടിരുന്നു. വിമര്‍ശനങ്ങളോട് ഡോ. ജയതിലകിനുള്ള അസഹിഷ്ണുതയാണ് അച്ചടക്ക നടപടിക്ക് പിന്നിലെന്നാണ് ആക്ഷേപം. കോടതിയുടെ ഉത്തരവ് ഉദ്ധരിക്കുന്നത് വഴി ജയതിലകിന്റെ/സര്‍ക്കാറിന്റെ പ്രതിച്ഛായ ഇല്ലാതാക്കിയെന്നാണ് മെമ്മോയില്‍ കുറ്റം ചുമത്തുന്നതെന്ന് എന്‍. പ്രശാന്ത് കുറിച്ചു. ജയതിലക് തന്നോട് പകപോക്കുകയാണെന്നും, നിയമവിരുദ്ധമായി സസ്പെന്‍ഷനിലാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കീമുമായി ബന്ധപ്പെട്ട. കോടതി വിധി ഉദ്ധരിച്ച് ജൂലൈ 10ന് ഒരു ചെറിയ പോസ്റ്റ് ഇട്ടതിനാണ് അച്ചടക്ക നടപടി വന്നിരിക്കുന്നത്. എന്നാല്‍, നിയമപരമായ തത്വങ്ങളെയും ഭരണഘടനാ മേധാവിത്വത്തെയും പരസ്യമായി ഉയര്‍ത്തിപ്പിടിക്കാനും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുമുള്ള കടമയുടെ ഭാഗമായാണ് താന്‍ വിധി പങ്കുവെച്ചതെന്നും, കോടതി വിധി വായിക്കുന്നതോ അതിലെ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതോ കുറ്റകരമല്ലെന്നും പ്രശാന്ത് പറഞ്ഞു. നിയമ ലംഘനത്തെ പ്രകീര്‍ത്തിക്കണമെന്നും കോടതി വിധിയെ തമസ്‌കരിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നത് ശുദ്ധമായ ധാര്‍ഷ്ട്യമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഴിമതി ആരോപണങ്ങളും പകപോക്കല്‍ നടപടികളും
ഡോ. ജയതിലകിന്റെ അഴിമതി ചുണ്ടിക്കാണിച്ചതിന് ശേഷം തനിക്കെതിരെ ലഭിക്കുന്ന നാലാമത്തെ അച്ചടക്ക നടപടിയാണ് ഇതെന്നും ബ്രോ പറഞ്ഞു. ഫേസ്ബുക്ക് അരിച്ചു പെറുക്കി ദിവസേന ഓരോ കാരണമുണ്ടാക്കി അച്ചടക്ക നടപടികള്‍ എടുക്കുന്നത്, തന്നെ നിയമപരമല്ലാത്ത രീതിയില്‍ സസ്പെന്‍ഷനില്‍ നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. അതേസമയം, ഡോ. ജയതിലകിനെതിരെയുള്ള ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന വിരോധാഭാസവും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.
ജയതിലകിന് എതിരെ ചെറുവിരല്‍ അനക്കില്ല
സര്‍ക്കാര്‍ മുന്‍പാകെ വ്യാജ സത്യവാങ്ങ്മൂലം നല്‍കിയതും, സ്വത്ത് വിവരങ്ങള്‍ മറച്ച് വെച്ചതുമായി ബന്ധപ്പെട്ട് ഡോ. ജയതിലകിനെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് അഖിലേന്ത്യാ സര്‍വീസ് ചട്ടം റൂള്‍ 7 പ്രകാരം പ്രശാന്ത് നവംബര്‍ 17 ന് മുഖ്യമന്ത്രിക്ക് (ഡിസിപ്ലിനറി അതോറിറ്റി) പരാതി നല്‍കിയിരുന്നു.
