ശബരിമലയിലെ സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമാക്കാന്‍ പിണറായി സര്‍ക്കാര്‍; നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് സുപ്രീംകോടതിയില്‍ നിലപാട് മാറ്റത്തിന് ദേവസ്വം ബോര്‍ഡ്; എന്‍ എസ് എസ് ആവശ്യം ഇടതു സര്‍ക്കാര്‍ അംഗീകരിക്കുന്നു; ആഗോള അയ്യപ്പ സംഗമം 'വിശ്വാസ നവോത്ഥാനമാകും'
തിരുവനന്തപുരം: ഒടുവില്‍ എന്‍ എസ് എസ് സമ്മര്‍ദ്ദം വിജയത്തിലേക്ക്. എന്‍ എസ് എസിനേയും എസ് എന്‍ ഡി പിയേയും വിശ്വാസ വിഷയത്തില്‍ ചേര്‍ത്തു നിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. ആഗോള അയ്യപ്പ സംഗമത്തില്‍ രണ്ടു സംഘടനകളുടേയും പ്രാതിനിധ്യം ഉറപ്പിക്കുകയാണ് സര്‍ക്കാര്‍. ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തില്‍ നിലപാട് തിരുത്തുമെന്ന് സൂചന നല്‍കി ദേവസ്വം ബോര്‍ഡ് രംഗത്ത് എത്തുന്നു. ശബരിമലയിലെ ആചാരങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. എന്‍ എസ് എസും എസ് എന്‍ ഡി പിയും ഇതേ ആവശ്യം മുമ്പോട്ടു വച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും ഇതിന് അനുകൂലമാണെന്നാണ് സൂചന. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നവോത്ഥന മതില്‍ അടക്കം സിപിഎം കെട്ടി. നവോത്ഥാന കൂട്ടായ്മയും ഉണ്ടാക്കി. ഇതിലൊന്നും എന്‍ എസ് എസ് സഹകരിച്ചിരുന്നില്ല. നവോത്ഥാന സമിതിയുടെ നേതൃത്വത്തില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉണ്ടായിരുന്നു. പക്ഷേ ശബരിമലയിലെ വിശ്വാസ വിഷയത്തില്‍ എന്‍ എസ് എസിനോട് ചേര്‍ന്ന സമീപനമാണ് വിജയിച്ചത്. ഒടുവില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ വഴിയില്‍ വരുന്നു. ഇതിന്റെ സന്ദേശം ആഗോള അയ്യപ്പ സംഗമത്തിലുണ്ടാകും.
ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയെ ആഗോള തലത്തില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. വിദേശത്ത് നിന്നും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികള്‍ക്കാണ് സംഗമത്തില്‍ പങ്കെടുക്കാനാവുക. ശബരിമല പോര്‍ട്ടലില്‍ ആദ്യം രജിസ്ട്രര്‍ ചെയ്തവര്‍ക്കാകും മുന്‍ഗണന. സംഗമത്തിന് പിന്തുണയേറുന്നുണ്ടെന്നും മത സാമുദായിക സംഘടനകളുടെ പിന്തുണ കിട്ടുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. എന്‍ എസ് എസിന്റേയും എസ് എന്‍ ഡി പിയുടേയും പിന്തുണ പ്രതീക്ഷയോടെയാണ് ബോര്‍ഡ് കാണുന്നതെന്ന് വ്യക്തം. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സഹായത്തോടെയാണ് ആഗോള അയ്യപ്പസംഗമം നടത്തുന്നത്. പമ്പാ തീരത്ത് സെപ്തംബര്‍ 20ന് നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിശ്വാസ സംരക്ഷണത്തില്‍ മുഖ്യമന്ത്രി സുപ്രധാന പ്രഖ്യാപനം ഇവിടെ നടത്തിയേക്കും.
ശബരിമലയുടെ ആചാരം അനുഷ്ഠാനം എന്നിവ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കുമെന്ന് പ്രശാന്ത് പറഞ്ഞതും ഈ സാഹചര്യത്തിലാണ്. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും പ്രശാന്ത് വ്യക്തമാക്കി.നിയമവിധേയമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കും എന്നാണ് പറഞ്ഞതെന്നും അദ്ദേഹം ബിജെപിയെ ഓര്‍മ്മിപ്പിച്ചു. അങ്ങനെ ബിജെപിയെ രാഷ്ട്രീയ പ്രതിരോധത്തില്‍ ആക്കുകയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് ഗ്ലോബല്‍ ബ്രാഹ്‌മിന്‍ കണ്‍സോര്‍ഷ്യം പങ്കെടുക്കും. ദേവസ്വം മന്ത്രിയുടെ ക്ഷണമനുസരിച്ചാണ് ഇത്. സര്‍ക്കാര്‍ ആചാര അനുഷ്ഠാനങലെ സംരക്ഷിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് സ്വഗതാര്‍ഹമാണ്. രാഷ്ട്രീയത്തിന് ഉപരിയായി ശബരിമലയുടെ പുരോഗതിക്ക് പ്രവര്‍ത്തിക്കുമെന്ന ദേവസ്വം പ്രസിഡന്റന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായി ഗ്ലോബല്‍ ബ്രാഹ്‌മിന്‍ കണ്‍സോര്‍ഷ്യയത്തിന്റെ ഭാരരവാഹികള്‍ അറിയിച്ചു. പാലക്കാട് കല്പാത്തി അയ്യപ്പ ഭക്ത സംഘത്തിന്റെ പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും. ഇതും നേട്ടമായി സര്‍ക്കാര്‍ കാണുകയാണ്.
വിവിധ സ്ഥലങ്ങളില്‍ നിന്ന് ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ കണക്കിന് ആനുപാദികമായാണ് പ്രതിനിധികളെ തെരഞ്ഞെടുക്കുകയെന്ന് പ്രശാന്ത് വിശദീകരിക്കുന്നു കേരളത്തില്‍ നിന്ന് - 500, ആന്ധ്ര - തെലങ്കാനയില്‍ നിന്ന് -750, മറ്റ് സംസ്ഥാനങ്ങളില്‍ -200, വിദേശത്ത് നിന്നുള്ളവര്‍ - 500 എന്നിങ്ങനെ ആകെ 3000 പ്രതിനിധികളെ പങ്കെടുപ്പിക്കും. ആഗോള അയ്യപ്പ സംഗമത്തിന്റെ രജിസ്‌ട്രേഷനായുള്ള ഓപ്ഷന്‍ വിദേശികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ തുറന്ന് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാനുള്ള അവസരമൊരുക്കും. ശബരിമലയിലെ മാസ്റ്റര്‍ പ്ലാന്‍ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പ്രതിനിധികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതാണ് ആദ്യ സെക്ഷന്‍. അവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടും. ഉന്നതാധികാര കമ്മിറ്റി തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അതില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ തേടും. അടുത്ത സെക്ഷനുകളില്‍ ഗതാഗതം, തീര്‍ഥാടന ടൂറിസം തുടങ്ങിയ കാര്യങ്ങളും അവതരിപ്പിക്കും. ആത്മീയ നേതാക്കള്‍, പണ്ഡിതര്‍, ഭക്തര്‍, സാംസ്‌കാരിക പ്രതിനിധികള്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. 3000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യത്തിനായി ജര്‍മന്‍ പന്തല്‍ നിര്‍മിക്കും.
പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് പ്രധാന സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗതസംഘം ഓഫീസുകളുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തും. താമസസൗകര്യം, പ്രതിനിധികള്‍ക്ക് ദര്‍ശനത്തിനുള്ള അവസരം എന്നിവ ഒരുക്കും. പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികിത്സാ സൗകര്യം ഉറപ്പാക്കും. സന്നദ്ധ സംഘടനകളുടെ സേവനമടക്കം ശുചീകരണ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കും.