പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുയര്‍ന്നിട്ടും കന്യാസ്ത്രീകള്‍ നിരപരാധികള്‍ ആണെന്ന നിലപാടില്‍ ഉറച്ചു നിന്നു; അനൂപ് ആന്റണിയെ ഛത്തീസ്ഗഡിന് അയച്ച് ഏകോപനം ഒരുക്കി; ഡല്‍ഹിയില്‍ ചെന്ന് അമിത്ഷായെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി: കന്യാസ്ത്രീകളുടെ ജയില്‍ വാസം ക്രൈസ്തവരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന സാഹചര്യത്തില്‍ നിന്ന് ബിജെപിയെ രക്ഷിച്ചെടുത്തത് രാജീവ് ചന്ദ്രശേഖര്‍

ക്രൈസ്തവരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന സാഹചര്യത്തില്‍ നിന്ന് ബിജെപിയെ രക്ഷിച്ചെടുത്തത് രാജീവ് ചന്ദ്രശേഖര്‍

Update: 2025-08-02 11:48 GMT

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് മലയാളി കന്യാസ്ത്രീകള്‍ ജാമ്യം കിട്ടിയതോടെ മോചിതരായിരിക്കുകയാണ്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍, യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വലിയ രാഷ്ട്രീയ നാടകത്തിന് കൂടിയാണ് വിരാമമായിരിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന ബിജെപി വെട്ടിലായെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി കിട്ടുമെന്നും മറ്റുമായിരുന്നു മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍. അവസരം മുതലെടുത്ത് യുഡിഎഫും, എല്‍ഡിഎഫും ഇടപെടലിന്റെ ക്രെഡിറ്റ് എടുക്കാന്‍ മത്സരിക്കുകയായിരുന്നു. ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ ഗുണം ചെയ്യുന്നതിനേക്കാള്‍ ദോഷമേ ചെയ്യു എന്ന ബിജെപിയുടെ മുന്നറിയിപ്പ് ആരും ചെവിക്കൊണ്ടില്ല. അതേസമയം, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബഹളം കൂട്ടാതെ തികച്ചും ശാന്തനായി കന്യാസ്ത്രീകളുടെ മോചനത്തിനായി ക്യത്യമായ ഇടപടെലുകള്‍ നടത്തുകയായിരുന്നു.

വെളളിയാഴ്ച ഛത്തീസ്ഗഢിലേക്ക് ഇടത് പ്രതിനിധി സംഘത്തെ നയിച്ച അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അദ്ധ്യക്ഷ പി കെ ശ്രീമതി കോണ്‍ഗ്രസ് ക്രെഡിറ്റ് എടുക്കാന്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസും സിപിഎമ്മും ഇന്ത്യ ബ്ലോക്കിന്റെ ഭാഗമാണെങ്കിലും, കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാര്‍, സിപിഎം എംപിമാരോട് ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായിരുന്നില്ല. സംയുക്ത പ്രതിനിധി സംഘം വിഷയം കൈകാര്യം ചെയ്യാമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നെങ്കിലും കോണ്‍ഗ്രസിന് താല്‍പര്യം ഉണ്ടായിരുന്നില്ല. ജയിലിനുളളില്‍ കന്യാസ്ത്രീകളെ ഒന്നിച്ചുകാണാന്‍പോലും ഇടതിന്റെയും കോണ്‍ഗ്രസിന്റെയും എംപിമാര്‍ തയ്യാറായില്ല. കോണ്‍ഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും മാത്രമാണെന്നും അതൊരിക്കലും ജനങ്ങളെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ തുറന്നടിക്കുകയും ചെയ്തു.

അതേസമയം, രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെ പ്രമുഖ ബിഷപ്പുമാരെ കണ്ട് കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത്ഷായും അടക്കമുള്ളവര്‍ ഇടപെട്ട വിവരം ബിഷപ്പുമാരെ ധരിപ്പിച്ചു. ബിലാസ്പൂരിലെ എന്‍ഐഎ കോടതിയില്‍ പ്രോസിക്യൂഷന്‍ സ്വീകരിച്ച അനുകൂല നിലപാട് പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം അവരോട് വ്യക്തമാക്കി.

മതമോ വോട്ടോ പണമോ നോക്കിയിട്ടല്ല ബിജെപി കന്യാസ്ത്രീ വിഷയത്തില്‍ ഇടപെടുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍, തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ ആന്‍ഡ്രൂസ് താഴത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. ' പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. ജാമ്യം കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ആഭ്യന്തരമന്ത്രി അമിത്ഷായും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതില്‍ രാഷ്ട്രീയം കാണരുത്. ജനങ്ങളെ സഹായിക്കാന്‍ രാഷ്ട്രീയമോ മതമോ ബിജെപി നോക്കില്ല. അറസ്റ്റ് ഒരു തെറ്റിദ്ധാരണയെ തുടര്‍ന്നായിരുന്നു', രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാജീവ്ചന്ദ്രശേഖര്‍ ഡല്‍ഹിയില്‍ എത്തി ആഭ്യന്തരമന്ത്രിയേയും പ്രധാനമന്ത്രിയെയും കണ്ടതിന്റെ ഗുണഫലമായാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ കടുത്ത നിലപാടില്‍ അയവു വരുത്തിയത്. ബജ്‌റംഗ് ദളും, കേരള വിശ്വ ഹിന്ദു പരിഷത്തും, കുറ്റം ചെയ്ത കന്യാസ്ത്രീകള്‍ ശിക്ഷ അനുഭവിക്കണമെന്ന നിലപാട് സ്വീകരിച്ചപ്പോഴും സിസ്റ്റര്‍മാര്‍ നിരപരാധികളാണെന്ന നിലപാടാണ് രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചത്. കേക്ക് നല്‍കാനും ചായ കുടിക്കാനും മാത്രമല്ല, ഏതു പ്രതിസന്ധി ഘട്ടത്തിലും ഒപ്പമുണ്ടാകുമെന്ന സന്ദേശം നല്‍കാനാണ് അദ്ദേഹം ശ്രമിച്ചത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയെ കാര്യങ്ങള്‍ ഏകോപിപ്പിക്കാനായി ഛത്തീസ്ഗഡിലേക്ക് അയച്ച ശേഷം ബിജെപി കേന്ദ്ര നേതൃത്വത്തെ ക്യത്യമായ വിവരം ധരിപ്പിച്ച് കന്യാസ്്ത്രീകളുടെ മോചനത്തിന് കളമൊരുക്കുകയായിരുന്നു സംസ്ഥാന അദ്ധ്യക്ഷന്‍. പ്രതിപക്ഷ പാര്‍ട്ടികളും സോഷ്യല്‍ മീഡിയയും ഒക്കെ ബിജെപിയെ പഴിച്ചെങ്കിലും, നിയമപരമായ പ്രശ്‌നമായിരുന്നതിനാല്‍ നിയമനടപടികളിലൂടെയാണ് പരിഹാരം കണ്ടത്. എന്‍ഐഎ കോടതിയില്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു എന്ന പ്രചാരണം ഉണ്ടായപ്പോഴും അത് തികച്ചും സാങ്കേതികം മാത്രമാണെന്ന് ധരിപ്പിക്കാനും സാധിച്ചു. രാജീവ് ചന്ദ്രശേഖറിനൊപ്പം ഷോണ്‍ ജോര്‍ജ്, അനൂപ് ആന്റണി എന്നിവരും സജീവമായി ഇടപെട്ടു. കന്യാസ്ത്രീകളുടെ മോചനം സാധ്യമായതോടെ, കേന്ദ്രസര്‍ക്കാരിനും ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരിനും സി ബി സി ഐ നന്ദി അറിയിച്ചത് ഈ പരിശ്രമങ്ങള്‍ക്കുളള അംഗീകാരമാണ്.

''കേന്ദ്ര സര്‍ക്കാരും ഛത്തീസ്ഗഡ് സര്‍ക്കാരും അനുകൂല നിലപാടെടുത്തതിനാലാണ് ജാമ്യം സാധ്യമായത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ ഇടപെടല്‍ ജാമ്യം ലഭിക്കാന്‍ നിര്‍ണായകമായി. പ്രധാനമന്ത്രിയുടെ ഓഫീസ് നിരന്തരം ഇടപെട്ടു. കൂടെ നിന്ന മുഴുവന്‍ ആളുകള്‍ക്കും നന്ദി'' ഡല്‍ഹിയില്‍ സി ബി സി ഐ ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ മാത്യു കോയിക്കല്‍ പറഞ്ഞു.

ആര്‍ക്കും എതിരായിട്ടും അനുകൂലമായിട്ടും നിലപാടില്ലെന്നും ഛത്തീസ്ഗഢിലെ സിസ്റ്റേഴ്‌സിന് ജാമ്യം ലഭിച്ചുവെന്നത് അനുകൂലമായ കാര്യമാണെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാപ്ലാനി.പറഞ്ഞു. 'ബിജെപിയെ വിമര്‍ശിക്കാന്‍ മടിക്കുന്നില്ലെന്ന് ഈ ദിവസങ്ങളില്‍ സ്വീകരിച്ച നിലപാടുകളില്‍ വ്യക്തമാണ്. തൂമ്പായെ തൂമ്പ എന്നു തന്നെ എല്ലാ കാലത്തും വിളിക്കും. തെറ്റിനെ തെറ്റ് എന്നു തന്നെ വിളിക്കും. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെ ഒരു പാര്‍ട്ടിയെ നിരന്തരമായി ആക്രമിച്ചുക്കൊണ്ടിരിക്കുക എന്ന നിലപാടില്ല.'കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ വാക്ക് പാലിച്ചെന്നും കാര്യമായ ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ബിഷപ്പ് പറഞ്ഞു.

എന്തായാലും 9 ദിവസം കന്യാസ്ത്രീകള്‍ ജയിലില്‍ കിടക്കേണ്ടി വന്ന സാഹചര്യം തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും മോചനം സാധ്യമാക്കാന്‍ ആവതെല്ലാം ചെയ്തുവെന്നും ക്രൈസ്തവ സഭകളെ ബോധ്യപ്പെടുത്താന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞതാണ് ബിജെപിക്ക് നേട്ടമായത്.മറുവശത്ത് യുഡിഎഫും, എല്‍ഡിഎഫും ക്രെഡിറ്റിനായി മത്സരിക്കുകയായിരുന്നു.


Tags:    

Similar News