പ്രൊമോഷന്‍ കിട്ടാന്‍ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി; അഫ്ഗാനില്‍ ജോലി ചെയ്ത ആര്‍മി നഴ്സ് ആയിരുന്നെന്ന് അവകാശപ്പെട്ടു; സസ്‌പെന്‍ഷനിലായ നഴ്സിനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി
സസ്‌പെന്‍ഷനിലായ നഴ്സിനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി
ലണ്ടന്‍: ബ്രിഡ്‌ജെന്‍ഡിലെ ആശുപത്രിയിലെ നവജാതശിശു വിഭാഗത്തില്‍ സീനിയര്‍ നഴ്സിന്റെ ജോലി ലഭിക്കാനായി വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയ താനിയ നസീര്‍ എന്ന നഴ്സിന് അഞ്ചുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. വ്യാജ രേഖകള്‍ ചമച്ച ഒന്‍പത് കേസുകളില്‍ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, റിക്ക്മാന്‍സ്വര്‍ത്തിലുള്ള താനിയ കുറ്റക്കാരിയാണെന്ന് ജൂലായില്‍ കോടതി കണ്ടെത്തിയിരുന്നു. തന്റെ യോഗ്യതയെ കുറിച്ചും, പ്രവൃത്തി പരിചയത്തെ കുറിച്ചും താനിയ മനപ്പൂര്‍വ്വം കള്ളങ്ങള്‍ നിരത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
സത്യസന്ധത ആവശ്യമായ തൊഴിലില്‍ തീര്‍ത്തും വ്യാജമായ അവകാശവാദങ്ങള്‍ ഉയര്‍ത്തിയാണ് അവര്‍ ജോലി നേടിയതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അവര്‍ നഴ്സിംഗ് യോഗ്യത നേടിയ നഴ്സ് ആണെന്നും, ഇവര്‍ ജോലി ചെയ്തിരുന്ന സമയത്ത്, നവജാത ശിശു വിഭാഗത്തില്‍ മരണങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്നുമായിരുന്നു താനിയയുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ തൊഴില്‍ ദായകരോട് അവര്‍ വിശ്വാസ വഞ്ചന കാണിക്കുകയായിരുന്നു എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
താനിയ ചെയ്ത കുറ്റം ഗുരുതരമാണെന്നായിരുന്നു കോടതി കണ്ടെത്തിയത്. അതുകൊണ്ടു തന്നെ തടവ് ശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതി അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു തികച്ചും ശാന്തയായി, നിര്‍വികാരയായാണ് താനിയ വിധി പ്രസ്താവം കേട്ടത്. ആര്‍മി കേഡറ്റിലെ ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്റെ ലോഗിന്‍ വിശദാംശങ്ങള്‍ കരസ്ഥമാക്കിയാണ് സൈന്യത്തിലെ പ്രവൃത്തി പരിചയവുമായി ബന്ധപ്പെട്ട രേഖകള്‍ ഇവര്‍ തയ്യാറാക്കിയത് എന്ന് നേരത്തെ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. ഇതും ഗുരുതരമായ കുറ്റമായി കോടതി കണക്കിലെടുത്തു.
സൈന്യത്തിലെ പ്രായപൂര്‍ത്തിയായ ഒരു വോളന്റിയര്‍ മാത്രമായിരുന്ന താനിയ, ആര്‍മി കേഡറ്റ് ഫോഴ്സിന്റെ പ്രാദേശിക വിഭാഗവുമായി ചേര്‍ന്ന് പ്രവത്തിച്ചിരുന്നു. ഇക്കാലത്തായിരുന്നു ആര്‍മിയില്‍ നഴ്സ് ആയിരുന്നു എന്നും, അഫ്ഗാനില്‍ സേവനമനുഷ്ടിച്ചു എന്നതിനുമൊക്കെ വ്യാജ രേഖയുണ്ടാക്കിയത്. താനിയയുടെ പ്രവര്‍ത്തികള്‍, ഹോസ്പിറ്റലിലെ മറ്റ് ജീവനക്കാരുടെ വിശ്വാസ്യതയെ കൂടി സംശയത്തിന്റെ നിഴലിലാക്കി എന്നും രോഗികളുടെ ജീവന് അപകടകരമാം വിധമുള്ള ഭീഷണി സൃഷ്ടിച്ചെന്നും കോടതി നിരീക്ഷിച്ചു.