കിന്‍ഫ്രയിലെ പുതിയ പ്ലാന്റിലെ വെള്ളമെല്ലാം ബ്രൂവറിക്ക്; കുടിവെള്ളത്തിനും കാര്‍ഷികാവശ്യത്തിനും ജലമില്ലാതെ വലയുന്ന എലപ്പുള്ളിയില്‍ ഒയാസിസിന് വെള്ളമെത്തിക്കാന്‍ ഖജനാവിലെ പണം! കോളയെ ഓടിച്ചവര്‍ക്ക് പുതിയ വെല്ലുവിളി; ഡല്‍ഹിയിലെ 'അഴിമതി' പ്രതികള്‍ എങ്ങനെ കേരളം നോട്ടമിട്ടു? പഞ്ചായത്തിന്റെ എതിര്‍പ്പ് സര്‍ക്കാര്‍ കണക്കിലെടുക്കില്ല
തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് വെള്ളമില്ല. പക്ഷേ കുത്തകകള്‍ക്ക് എല്ലാം സര്‍ക്കാര്‍ നല്‍കും. പാലക്കാട് ജില്ലയില്‍ പുതുതായി അനുമതി നല്‍കിയ മദ്യക്കമ്പനിക്ക് സര്‍ക്കാര്‍ തന്നെ വെള്ളവും നല്‍കും. കമ്പനിക്ക് ആവശ്യമായ മുഴുവന്‍ ജലവും നല്‍കാമെന്ന് ജല അതോറിറ്റി സമ്മതിച്ചിട്ടുണ്ടെന്ന് പദ്ധതിക്കുള്ള ശുപാര്‍ശയില്‍ എക്സൈസ് കമ്മിഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.. ഇതടക്കം ഉള്‍പ്പെടുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. ഒയാസിസ് കൊമേഴ്‌സ്യല്‍ എന്ന കമ്പനിക്കാണ് മദ്യനിര്‍മാണത്തിന് അനുമതി നല്‍കിയത്. ഭൂഗര്‍ഭജലം ആവശ്യമില്ലെന്ന് കമ്പനി നല്‍കിയ പദ്ധതിരേഖയിലുണ്ട്. മഴവെള്ളം ശേഖരിക്കാനാണ് ആലോചന. ആദ്യ ഘട്ടത്തില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ നിര്‍മാണ യൂണിറ്റാണ് വരുന്നത്. 16 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ളതാണ് ആദ്യ യൂണിറ്റ്. വര്‍ഷത്തില്‍ 330 ദിവസം പ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ ഉത്തരവില്‍ നല്‍കിയിട്ടുണ്ട്. എത്ര ലിറ്റര്‍ വെള്ളം വേണമെന്നത് വ്യക്തവുമല്ല.
എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തില്‍ 500 കിലോലിറ്റര്‍ ഉത്പാദനശേഷിയുള്ള എഥനോള്‍ പ്ലാന്റ് ഉള്‍പ്പെടെ ആരംഭിക്കാന്‍ സംസ്ഥാന മന്ത്രിസഭ അനുമതിനല്‍കിയ പശ്ചാത്തലത്തില്‍ എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതി അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. തിങ്കളാഴ്ച രാവിലെ 11-നാണ് യോഗമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍ അറിയിച്ചു. മന്ത്രിസഭാ യോഗതീരുമാനം ചര്‍ച്ചചെയ്യാന്‍ മാത്രമാണ് യോഗം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതാണ് എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്ത് പദ്ധതിയെ എതിര്‍ക്കും. എന്നാല്‍ ഇത് സര്‍ക്കാര്‍ വകവയ്ക്കില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എല്ലാ അനുമതിയും നല്‍കും. കഞ്ചിക്കോട് വ്യവസായമേഖലയോട് ചേര്‍ന്നാണ് എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളിലുള്‍പ്പെടുന്ന മണ്ണുക്കാട് പ്രദേശം. ഭൂഗര്‍ഭജലവിതാനം ആശങ്കാജനകമെന്ന് കണ്ടെത്തിയിട്ടുള്ള ചിറ്റൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്നതാണ് ഈ പഞ്ചായത്ത്. തൊട്ടടുത്തുള്ള പുതുശ്ശേരി മേഖലയിലും ഭൂഗര്‍ഭജലവിതാനം ഗുരുതരമായി താണ അവസ്ഥയിലാണ്. വ്യവസായമേഖലയോട് ചേര്‍ന്ന് കൈവശമുള്ള 24 ഏക്കര്‍ ഭൂമിയില്‍ ബ്രൂവറിക്ക് അനുമതിതേടിയാണ് സ്ഥാപനം അപേക്ഷനല്‍കിയിരുന്നത്.
പാലക്കാട് കിന്‍ഫ്രപാര്‍ക്കില്‍ ജല അതോറിറ്റി തുടങ്ങുന്ന പ്ലാന്റില്‍നിന്നാണ് കമ്പനിക്ക് വെള്ളം നല്‍കുക. വ്യാവസായിക നിരക്ക് ഈടാക്കും. മലമ്പുഴ അണക്കെട്ടില്‍നിന്നാണ് ഇവിടേക്ക് വെള്ളം എത്തിക്കുന്നത്. വെള്ളം നല്‍കുന്നതിനുള്ള പ്ലാന്റിന്റെ പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങി. അതായത് ഓയാസിസിന് വെള്ളം കൊടുക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണമെടുത്ത് പ്ലാന്റുണ്ടാക്കുന്നു. ആദ്യഘട്ടത്തില്‍ 12.5 ദശലക്ഷം യൂണിറ്റ് ശേഷിയുള്ള ശുദ്ധീകരണ ശാലയാകും തുടങ്ങുക. സാധാരണക്കാരുടെ കുടിവെള്ള പ്രശ്‌നവും കൃഷിക്കാരുടെ ആവശ്യവും പരിഗണിക്കാത്ത സര്‍ക്കാരാണ് വന്‍കിടക്കാര്‍ക്ക് വേണ്ടി ഇതെല്ലാം ചെയ്തു നല്‍കുന്നത്. ഏത് സാഹചര്യത്തിലും പദ്ധിതിയുമായി മുമ്പോട്ട് പോകും. കോള കമ്പനിയെ സമരംചെയ്ത് ഓടിച്ചയിടത്ത് ജലമൂറ്റാന്‍ മറ്റൊരുകമ്പനിയെ കൊണ്ടുവന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് പ്രതിപക്ഷം പറയുന്നു. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചില ഉദ്യോഗസ്ഥരുംമാത്രം ഒത്തുചേര്‍ന്നുള്ള തീരുമാനമാണിത്. വന്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നിലപാട്.
ആദ്യം മദ്യ നിര്‍മ്മാണം. രണ്ടാംഘട്ടത്തിലേ സ്പിരിറ്റുണ്ടാക്കുന്നുള്ളൂ. മൂന്നാംഘട്ടത്തില്‍ ബ്രാണ്ടി, വൈനറി പ്ലാന്റും നാലാം ഘട്ടത്തില്‍ ബ്രുവറി പ്ലാന്റുമാണ് നിര്‍മിക്കുക. 600 കോടിയാണ് കമ്പനിയുടെ മുതല്‍മുടക്ക്. രണ്ടുവര്‍ഷം മുന്‍പ് കഞ്ചിക്കോട്ട് കമ്പനി 24 ഏക്കര്‍ വാങ്ങിയിരുന്നു. മദ്യനിര്‍മാണമാണ് ലക്ഷ്യമിടുന്നതെന്ന വിവരം പരസ്യമാക്കിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ അഴിമതി ആരോപണത്തില്‍ കുടുങ്ങിയ കേസില്‍ ഉള്‍പ്പെട്ടതാണ് ഒയാസിസ് കൊമേഴ്‌സ്യല്‍. പഞ്ചാബില്‍ കുഴല്‍ക്കിണറിലേക്ക് മാലിന്യം ഒഴുക്കിയെന്ന ആരോപണവും കമ്പനി നേരിട്ടു. അഞ്ച് സംസ്ഥാനങ്ങളില്‍ മദ്യനിര്‍മാണ യൂണിറ്റുണ്ട്. ഈ പ്രവര്‍ത്തന മികവ് മാത്രമാണ് പിണറായി സര്‍ക്കാര്‍ കണക്കിലെടുക്കുന്നത് മദ്യനയത്തിലെ സ്പിരിറ്റ് നിര്‍മാണം പ്രോത്സാഹിപ്പിക്കുമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ യോഗ്യത നോക്കി അനുമതി നല്‍കിയതെന്നുമാണ് ഔദ്യോഗിക ഭാഷ്യം.
പദ്ധതിരേഖ പരിശോധിച്ച് ചട്ടങ്ങള്‍ പ്രകാരമാണ് അനുമതി നല്‍കിയത്. ഒരു കമ്പനി മാത്രമാണ് അപേക്ഷിച്ചത്. നിലവിലുള്ള നിയമങ്ങള്‍ പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. സംസ്ഥാനത്തിന് വരുമാനനേട്ടവും ഉണ്ടാകുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. ഒയാസിസ് കമേഴ്‌സ്യല്‍ കമ്പനി ഡല്‍ഹിയിലെ മദ്യനയ അഴിമതിക്കേസില്‍ വിവാദത്തിലായതാണ്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ ജയിലിലായ കേസില്‍ ഉള്‍പ്പെട്ട ഗൗതം മല്‍ഹോത്രയാണ് ഒയാസിസിന്റെ ഡയറക്ടര്‍മാരിലൊരാള്‍. കേസില്‍ മല്‍ഹോത്ര ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.
മല്‍ഹോത്ര സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പല സമന്‍സുകളിലും ഹാജരാകാന്‍ കൂട്ടാക്കിയില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബ്രൂവറിക്ക് അനുമതി നല്‍കി കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ കമ്പനിയെ പുകഴ്ത്തിയിരിക്കുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 20 വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിച്ചതിന്റെ പാരമ്പര്യം, സാങ്കേതികപ്രാവീണ്യം എന്നിവകൊണ്ടാണു കമ്പനിയെ തിരഞ്ഞെടുത്തതെന്ന് ഉത്തരവിലുണ്ട്.