ഓപ്പറേഷന്‍ സൗന്ദര്യ മൂന്നാം ഘട്ടത്തിലേക്ക്; 7 ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു; ആ സ്ഥാപനങ്ങള്‍ ഏതെന്ന് പുറത്തു പറയാതെ സര്‍ക്കാര്‍

Update: 2025-01-27 16:29 GMT

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ 'ഓപ്പറേഷന്‍ സൗന്ദര്യ' മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. പക്ഷേ ഇതുവരെ നടപടി എടുത്ത സ്ഥാപനങ്ങളുടേ പേര് മന്ത്രി വിശദീകരിക്കുന്നുമില്ല.

ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. ഇത്തരം ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബല്‍ പരിശോധിച്ച് വാങ്ങണം. പരാതിയുള്ളവര്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

ഓപ്പറേഷന്‍ സൗന്ദര്യയിലൂടെ 2023 മുതല്‍ രണ്ടു ഘട്ടങ്ങളിലായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയിരുന്നു. മതിയായ ലൈസന്‍സുകളോ കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകളെടുക്കുകയും ചെയ്തു. ഈ സ്ഥാപനങ്ങളുടെ പേര് പുറത്തു വിട്ടിട്ടില്ല. അതുണ്ടായാല്‍ മാത്രമേ ജനങ്ങള്‍ക്ക് തട്ടിപ്പ് സ്ഥാപനങ്ങള്‍ തിരിച്ചറിയാന്‍ കഴിയൂവെന്നതാണ് വസ്തുത.

ശേഖരിച്ച സാമ്പിളുകള്‍ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ഗുണമേന്‍മയില്ലാത്ത ഫേസ് ക്രീം നിര്‍മ്മിച്ചിരുന്ന തൃശൂര്‍ മനക്കൊടിയിലെ ഒരു സ്ഥാപനം പൂട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ നിന്നുവരുന്ന വ്യക്തികളുടെ കൈവശം പെട്ടിയിലാക്കി കൊടുത്തുവിടുന്ന ഇത്തരം സാധനങ്ങള്‍ കസ്റ്റംസ് ഗൗനിക്കാറില്ല. മലപ്പുറം തിരൂരിലേക്കാണ് ഇവ പ്രധാനമായും എത്തുന്നത്. തിരൂരില്‍ നിന്നാണ് മറ്റു ജില്ലകളിലേക്ക് വില്പനയ്ക്ക് എത്തുന്നത്. കാസര്‍കോട് ഹോംകെയര്‍ മാര്‍ക്കറ്റിംഗ് എന്ന സ്ഥാപനത്തില്‍ നിന്നാണ് ഏറ്റവും കൂടതല്‍ സാധനങ്ങള്‍ പിടിച്ചെടുത്തത് എന്നാണ് സൂചന. കണ്ണൂര്‍ ടൗണില്‍ നിന്നും തളിപ്പറമ്പില്‍ നിന്നുമായി 40,000 രൂപയുടെയും കോഴിക്കോട് നിന്ന് 20,500 രൂപയുടെയും വസ്തുക്കള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഗുണനിലവാരമില്ലാത്ത വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ധാരണയില്ലെന്നും ബോധവത്കരണ ക്ലാസുകള്‍ അത്യാവശ്യമാണെന്നും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു. തുടക്കത്തില്‍ വ്യാപാരികള്‍ക്കും ബ്യൂട്ടീഷ്യന്മാര്‍ക്കും ബോധവത്കരണ ക്ലാസ് നടത്താനാണ് തീരുമാനം.

Similar News