ശ്രീഹരിക്കോട്ടയില്‍ ചരിത്രമെഴുതി ഐ.എസ്.ആര്‍.ഒ; റോക്കറ്റ് വിക്ഷേപണത്തില്‍ സെഞ്ച്വറി തികച്ച് ഇന്ത്യ

ശ്രീഹരിക്കോട്ടയില്‍ ചരിത്രമെഴുതി ഐ.എസ്.ആര്‍.ഒ; റോക്കറ്റ് വിക്ഷേപണത്തില്‍ സെഞ്ച്വറി തികച്ച് ഇന്ത്യ

Update: 2025-01-29 02:26 GMT

ചെന്നൈ: ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി നൂറാം റോക്കറ്റ് വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ (എസ്ഡിഎസ്സി) നിന്ന് ഗതിനിര്‍ണയ സംവിധാനങ്ങള്‍ക്കുള്ള എന്‍.വി.എസ്.-02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എല്‍.വി.-എഫ്. 15 റോക്കറ്റ് ചൊവ്വാഴ്ച രാവിലെ 6.23ന് കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് 'ജിഎസ്എല്‍വിഎഫ്15 എന്‍വിഎസ് 02' കുതിച്ചുയര്‍ന്നത്. വിക്ഷേപണം നടന്ന് 19 മിനിറ്റില്‍ ഉപഗ്രഹത്തെ നിര്‍ണായക ഭ്രമണപഥത്തിലെത്തിച്ചു.

നൂറാം വിക്ഷേപണമെന്ന ചരിത്ര നേട്ടവും ഇതോടെ ഐഎസ്ആര്‍ഒ സ്വന്തമാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച 27 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജി.എസ്.എല്‍.വി.-എഫ്. 15 കുതിച്ചത്. രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് റോക്കറ്റ് ഉയര്‍ന്നത്. ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ വി. നാരായണന്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ചൊവ്വാഴ്ചത്തേത്.

സ്ഥാനനിര്‍ണയം, നാവിഗേഷന്‍, സമയം എന്നിവയുടെ കൃത്യതയ്ക്കായി ഐഎസ്ആര്‍ഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണു നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍ (നാവിക്). 2,250 കിലോഗ്രാം ഭാരമുള്ളതാണ് ഈ ഉപഗ്രഹം. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എന്‍.വി.എസ്.-01 വിക്ഷേപിച്ചത് 2023 മേയ് 29-നാണ്. ഈ ഉപഗ്രഹത്തെ 322.93 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം.

ജിപിഎസിനു സമാനമായി സ്റ്റാന്‍ഡേഡ് പൊസിഷന്‍ സര്‍വീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്. രാജ്യവും അതിര്‍ത്തിയില്‍നിന്ന് 1,500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും പരിധിയില്‍ വരും. എന്‍വിഎസ് 01 കഴിഞ്ഞ വര്‍ഷം മേയില്‍ വിക്ഷേപിച്ചിരുന്നു. ജിഎസ്എല്‍വിയുടെ പതിനേഴാം ദൗത്യം കൂടിയാണിത്.

Tags:    

Similar News