അമിത വേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; മീഡിയനിലും മരത്തിലുമിടിച്ച് റോഡില്‍ വട്ടം കറങ്ങി കാര്‍ നിന്നു; അഞ്ചു കോടിയുടെ ഫെരാരി ആയതു കൊണ്ട് മാത്രം ആ കാറിലുള്ളവര്‍ രക്ഷപ്പെട്ടു; ശതകോടി ആസ്തിയുള്ള വ്യവസായിയുടെ കാര്‍ അപകടത്തില്‍ പെട്ടിട്ടും എഫ് ഐ ആര് ഇല്ല; ആഡംബര സ്പോര്‍ട്സ് കാര്‍ കളമശേരിയെ നടുക്കിയപ്പോള്‍
കൊച്ചി: കളമശേരിയില്‍ ആഡംബര സ്പോര്‍ട്സ് കാറായ ഫെരാരി അപകടത്തില്‍പ്പെട്ടത് അമതി വേഗതയുടെ ഫലം. കളമശേരി മെഡിക്കല്‍ കോളേജ് റോഡിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഒരു മരത്തിലിടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തെ ചെറുക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ളതു കൊണ്ടാണ് ഫെരാരിയിലുള്ളവര് രക്ഷപ്പെട്ടത്. മറ്റേതെങ്കിലും വാഹനത്തിലാണ് അതിവേഗതയില്‍ വന്ന കാര്‍ ഇടിച്ചിരുന്നതെങ്കില്‍ ആളപായവും ഉണ്ടാകുമായിരുന്നു. അത്രയേറെ വേഗത ഫെരാരിക്കുണ്ടായിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നും വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നുമാണ് വിവരം. ഫെരാരി മിഡ് എന്ജിന് സ്പോര്‍ട്സ് കാറായ 488 ജിടിബിയാണ് അപകടത്തില്‍പ്പെട്ടത്. 2015 മുതല്‍ 2019 വരെയാണ് ഈ കാര്‍ കമ്പനി പുറത്തിറക്കിയത്. ഏകദേശം അഞ്ച് കോടി രൂപയാണ് ഈ വാഹനം ഇറങ്ങിയ സമയത്തെ ഓണ്‍ റോഡ് വില. 3.9 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 8 എഞ്ചിനാണ് വാഹനത്തിലുള്ളത്. കാറിന്റെ ഏറ്റവും ഉയര്‍ന്ന വേഗത 330 കിലോ മീറ്ററാണ്. ഫെരാരിയുടെ 458ന് പകരക്കാരനായാണ് ഈ വാഹനം നിരത്തിലെത്തിയത്.
കളമശ്ശേരിയില്‍ അപകടമുണ്ടായ വാഹനത്തിന് കാര്യമായ കേടുപാടുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന് പിന്നാലെ റോഡില്‍ ഗതാഗത തടസമുണ്ടായി. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. അമിത വേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം. മീഡിയനിലും മരത്തിലുമിടിച്ച് റോഡില്‍ വട്ടം കറങ്ങിയാണ് കാര്‍ നിന്നത്. ഒരു വ്യവസായിയുടെ വാഹനമെന്നാണ് പൊലീസ് പറയുന്നത്. ഈ അപകടത്തില്‍ ഇതുവരെ പോലീസ് എഫ് ഐ ആര് ഇട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വ്യവസായിയെ രക്ഷിക്കാനാണ് ഇത്. പരാതിയില്ലെന്ന നിലപാടിലാണ് വ്യവസായി. പേരും മറ്റും പുറത്തു വരാതിരിക്കാനാണ് കേസൊഴിവാക്കാനുള്ള നീക്കം.
ദിവസങ്ങള്‍ക്ക് മുമ്പ് ഓടിക്കൊണ്ടിരുന്ന ആഡംബര കാര്‍ ബ്രേക്ക്ഡൗണായതിനെ തുടര്‍ന്ന് കത്തി നശിച്ച സംഭവവും അടുത്ത് കൊച്ചിയിലുണ്ടായിരുന്നു. കുസാറ്റ് ക്യാമ്പസിലായിരുന്നു അപകടം. പാലക്കാട് സ്വദേശിയുടെ ജാഗ്വാര്‍ കാറാണ് കത്തി നശിച്ചത്. ഉണിച്ചിറയിലെ വര്‍ക്ക് ഷോപ്പില്‍ അറ്റക്കുറ്റപ്പണിക്കായി എത്തിച്ച കാര്‍ തിരികെ കൊണ്ടു പോകമ്പോഴായിരുന്നു അപകടം.കാര്‍ ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് വാഹനം ഓടിച്ചിരുന്നയാള്‍ ഇറങ്ങി ബോണറ്റ് തുറന്ന് പരിശോധിച്ചപ്പോഴേക്കും തീയും പുകയും ഉയരുകയായിരുന്നു. ഇതുകണ്ട സമീപത്തെ സ്കൂള്‍ ഒഫ് മാനേജ്മെന്റെ സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഓഗസ്റ്റില്‍ ടെസ്റ്റ് ഡ്രൈവിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബെന്‍സ് കാറുകള്‍ കൂട്ടിയിടിച്ചും അപകടമുണ്ടാക്കിയിരുന്നു. കോടികള്‍ വിലയുള്ള ഇവയ്ക്കൊപ്പം മറ്റൊരു കാറും അകപ്പെട്ടു. കാറുകളിലുണ്ടായിരുന്ന യുവതിയടക്കം അഞ്ചുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മെഴ്സിഡസ് ബെന്‍സിന്റെ എ.എം.ജി എസ്.എല്‍. 55 റോഡ്സ്റ്റര്‍, എ.എം.ജി ജി.ടി 63എസ്.ഇ കാറുകളും ഒരു ഹ്യുണ്ടായ് ആക്സന്റ് കാറുമാണ് അപകടത്തില്‍പ്പെട്ടത്.