'കുങ്കുമം വെടിമരുന്നായി മാറുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ശത്രുക്കള്‍ കണ്ടു; സിന്ദൂരം മായ്ച്ചവരെ മണ്ണില്‍ ലയിപ്പിച്ചു; 22 മിനിട്ടില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു'; ആണവഭീഷണി ഭാരതത്തോട് വേണ്ടെന്ന് നരേന്ദ്ര മോദി

ആണവഭീഷണി ഭാരതത്തോട് വേണ്ടെന്ന് നരേന്ദ്ര മോദി

Update: 2025-05-22 09:45 GMT

ബിക്കാനീര്‍: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വൈകാരികമായി വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ബിക്കാനീറില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കവെയാണ് പ്രതികരണം. ജനങ്ങള്‍ ആര്‍പ്പുവിളികളോടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേട്ടിരുന്നത്.

'ഭീകരര്‍ മതം നോക്കി പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ 22 മിനിട്ടില്‍ ഇന്ത്യ അതിന് മറുപടി നല്‍കി. ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. സിന്ദൂരം മായ്ച്ചാല്‍ തിരിച്ചടി എങ്ങനെയാകുമെന്ന് കാണിച്ച് കൊടുത്തു. സിന്ദൂരം മായ്ച്ചവരെ മണ്ണില്‍ ലയിപ്പിച്ചു. ചിലര്‍ കരുതി നമ്മള്‍ മിണ്ടാതിരിക്കുമെന്ന്. സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായി.

ഭീകരരെ ഇല്ലാതാക്കുമെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു. രാജ്യത്തെ സേന ജനങ്ങളുടെ ആശിര്‍വാദത്തോടെ തിരിച്ചടിച്ചു. ഈ സര്‍ക്കാര്‍ മൂന്ന് സേനകള്‍ക്കും സമ്പൂര്‍ണ സ്വാതന്ത്ര്യം നല്കി. മൂന്ന് സേനകളും ചേര്‍ന്ന് ചക്രവ്യൂഹം തീര്‍ത്തു. ഏപ്രില്‍ 22 ന് ഭീകരര്‍ നടത്തിയ ആക്രമണത്തിന് 22 മിനിറ്റില്‍ മറുപടി നല്‍കി. 9 ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു

നീതിയുടെ പുതിയ സ്വരൂപമാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഭീകരതയ്ക്ക് നമ്മള്‍ മറുപടി നല്‍കി. അണുബോംബിന്റെ പേരില്‍ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. പാകിസ്ഥാന്റെ യഥാര്‍ത്ഥ മുഖം ലോകത്തിന് മുന്നില്‍ ഇന്ത്യ തുറന്നുകാട്ടും.'

ഭീകരവാദികളോട് ഈ രീതിയിലായിരിക്കും രാജ്യം പെരുമാറുക. സംഘര്‍ഷത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഇന്ത്യ പ്രതിനിധിസംഘത്തെ വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരിക്കുകയാണ്. വിവിധ രാഷ്ട്രീയപാര്‍ട്ടികളിലുള്ളവര്‍ സംഘത്തിലുണ്ട്. ഇതോടെ, പാക്കിസ്ഥാന്റെ യഥാര്‍ഥ മുഖം ലോകത്തിനു മനസ്സിലാകുമെന്നും മോദി പറഞ്ഞു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും യുഎഇ, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു. ഭീകരര്‍ക്കെതിരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറെന്ന പേരില്‍ നടത്തിയ സൈനിക നടപടിയിലൂടെ ഒട്ടേറെ ഭീകരക്യാംപുകളും വ്യോമത്താവളങ്ങളും തകര്‍ത്തിരുന്നു.

Tags:    

Similar News