ഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്ക് സന്ദേശം അയച്ചതിന് വീട്ടിലെത്തി മര്‍ദ്ദിച്ചു; നാട്ടിലെ സല്‍പ്പേര് കളങ്കപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; പതിനഞ്ചുകാരന്‍ ജീവനൊടുക്കിയത് അയല്‍വാസികളായ ബന്ധുക്കളുടെ ആക്രമണത്തിന് പിന്നാലെ; ദമ്പതികള്‍ പിടിയിലായത് ഒളിവില്‍ കഴിയവെ
ദമ്പതികള്‍ പിടിയിലായത് ഒളിവില്‍ കഴിയവെ
കൊല്ലം: കുന്നത്തൂരില്‍ പത്താം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസികളും ബന്ധുക്കളുമായ ദമ്പതികള്‍ അറസ്റ്റിലായത് ഒളിവില്‍ കഴിയവെ. പതിനഞ്ചുകാരനായ ആദി കൃഷ്ണന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കുന്നത്തൂര്‍ പടിഞ്ഞാറ് തിരുവാതിരയില്‍ ഗീതു, ഭര്‍ത്താവ് സുരേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവില്‍പോയ ദമ്പതിമാരെ ചവറയില്‍നിന്നാണ് ശാസ്താംകോട്ട പോലീസ് സംഘം പിടികൂടിയത്.
2024 ഡിസംബര്‍ ഒന്നാം തീയതി ഉച്ചയോടെയാണ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ അമ്പലത്തില്‍ പോയ സമയത്തായിരുന്നു വിദ്യാര്‍ഥി കടുംകൈ ചെയ്തത്. ഇതിനുപിന്നാലെ സംഭവത്തില്‍ പ്രതികളായ ഗീതുമോളും സുരേഷും ഒളിവില്‍പോവുകയായിരുന്നു. ദമ്പതികളുടെ മകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചെന്നാരോപിച്ച് പ്രതിയായ ഗീതു ആദികൃഷ്ണന്റെ മുഖത്ത് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഇതിന്റെ മനോവിഷമത്തില്‍ കുട്ടി ആത്മഹത്യ ചെയ്തെന്നുമാണ് പരാതിയില്‍ പറയുന്നത്.
പ്രതികളായ ഗീതുമോളും ഭര്‍ത്താവ് സുരേഷും 15-കാരനെ വീട്ടിലെത്തി മര്‍ദിച്ചിരുന്നു. പോലീസ് സൈബര്‍ സെല്ലില്‍ പരാതി കൊടുക്കുമെന്നും നാട്ടിലെ സല്‍പ്പേര് കളങ്കപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. ഗീതുമോള്‍ 15-കാരന്റെ മുഖത്തടിക്കുകയുംചെയ്തു. ഇതിന്റെ മാനസികപ്രയാസത്തിലാണ് 15-കാരന്‍ ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.
ആദികൃഷ്ണനെ വീടിനുള്ളില്‍ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസികളായ ദമ്പതികള്‍ക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് തള്ളിയതിനെ തുടര്‍ന്നാണ് ശാസ്താംകോട്ട പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അയല്‍വാസികളും ബന്ധുക്കളുമായ ദമ്പതികളുടെ മാനസിക, ശാരീരിക പീഡനമാണ് കുട്ടിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് എഫ്ഐആറില്‍ പറയുന്നു.
മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസം രാത്രി ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും അടിക്കുകയും ചെയ്തിരുന്നു. പ്രതികളുടെ മകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു. ആ തര്‍ക്കം ഉന്നയിച്ചാണ് കുട്ടിയെ പ്രതികള്‍ അടിച്ചത്. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ മുഖത്തു നീരും ചെവിയില്‍നിന്നു രക്തസ്രാവവും ഉണ്ടായി. സംഭവത്തില്‍ ബാലാവകാശ കമ്മിഷനു പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണു കുട്ടി ജീവനൊടുക്കിയത്.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഓഫാക്കിയ ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ ബന്ധുവീടുകളിലും ഇവര്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ശാസ്താംകോട്ട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ എസ്എച്ച്ഒ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
കുന്നത്തൂര്‍ പടിഞ്ഞാറ് ഗോപി വിലാസം (ശിവരഞ്ജിനി) ഗോപുവിന്റെയും രഞ്ജിനിയുടെയും മകനും നെടിയിവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ആദികൃഷ്ണനെ (15) ഡിസംബര്‍ 1ന് ഉച്ചയ്ക്കാണ് വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ഭിന്നശേഷിക്കാരനായ ഇളയ സഹോദരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ശാസ്താംകോട്ട പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്നു പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതു വരെ പൊലീസ് കാത്തിരിക്കുകയാണെന്നു പരാതി ഉയര്‍ന്നിരുന്നു. രോഗിയായ പിതാവും ഭിന്നശേഷിക്കാരനായ സഹോദരനും ഉള്‍പ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു ആദികൃഷ്ണന്‍. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുമിടുക്കനായിരുന്നു ആദികൃഷ്ണന്‍.