'സഭാ പിതാക്കന്‍മാരും വൈദികരും ഔദ്യോഗികമായും അല്ലാതെയും പല തവണ വിശ്വാസികളെയും, വേദപഠന ക്ലാസ്സുകളിലും കുട്ടികളെയും പറഞ്ഞു മനസ്സിലാക്കിയ കാര്യമാണ് ഞാന്‍ പറഞ്ഞത്; സമാനമായ കാര്യം പറഞ്ഞ കല്ലറങ്ങാട്ടു പിതാവും അധിക്ഷേപം നേരിട്ടു; ലൗ ജിഹാദ് വിവാദത്തില്‍ പിന്തുണച്ച സഭാ നേതൃത്വത്തിന് നന്ദി പറഞ്ഞ് പി സി ജോര്‍ജ്ജ്

ലൗ ജിഹാദ് വിവാദത്തില്‍ പിന്തുണച്ച സഭാ നേതൃത്വത്തിന് നന്ദി പറഞ്ഞ് പി സി ജോര്‍ജ്ജ്

Update: 2025-03-12 16:39 GMT

കോട്ടയം: ലൗ ജിഹാദുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തി വിവാദത്തിലായ പി സി ജോര്‍ജ്ജിനെ പിന്തുണച്ച സിറോ മലബാര്‍ സഭ രംഗത്തു വന്നത് ഇന്നാണ്. ജോര്‍ജ്ജ് പറഞ്ഞ കാര്യങ്ങളില്‍ അന്വേഷണം വേണമെന്നാണ് സഭ ആവശ്യപ്പെട്ടത്. വിഷയത്തില്‍ പിന്തുണ അറിയിച്ച സഭാ നേതൃത്വത്തിന് പിന്തുണ അറിയിച്ചു ജോര്‍ജ്ജും രംഗത്തു വന്നു.

ലഹരി വിപത്തിനെതിരെ സീറോ മലബാര്‍ സഭ പാലായില്‍ കല്ലറങ്ങാട്ടു പിതാവിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിച്ചതിന്റെ പേരിലാണ് താന്‍ മാധ്യമ വിചാരണ നേരിടുന്നതെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. സഭയും, സഭ പിതാക്കന്മാരും വൈദികരും സിസ്റ്റര്‍മാരും ഔദ്യോഗികമായും അല്ലാതെയും പല തവണ വിശ്വാസികളെയും, വേദപഠന ക്ലാസ്സുകളില്‍ കുട്ടികളെയും പറഞ്ഞു മനസ്സിലാക്കിയിട്ടുള്ള കാര്യമാണ് താന്‍ പറഞ്ഞതെന്ന് ജോര്‍ജ്ജ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടയാണ് ജോര്‍ജ്ജ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

സമാനമായ കാര്യം പറഞ്ഞതിന്റെ പേരില്‍ കല്ലറങ്ങാട്ടു പിതാവ് നേരിട്ട അധിക്ഷേപങ്ങളും ജോര്‍ജ്ജ് ഓര്‍മ്മിപ്പിക്കുന്നു. സഭയെയും സഭ മക്കളെയും നാരകീയ ശക്തികളില്‍ നിന്ന് രക്ഷിക്കുവാന്‍ സഭ നേതൃത്വം ശ്രമിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ ആരെയും അനുവദിക്കില്ല.

ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങള്‍ പറയാന്‍ എനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല.

ഒറ്റ തിരിഞ്ഞു ആക്രമിക്കുവാനുള്ള മാധ്യമങ്ങളുടെയും തല്പര കക്ഷികളുടെയും ശ്രമം നേരിടാനുള്ള തന്റേടം എനിക്ക് ഉണ്ട്.

ക്രൈസ്തവ സഭയും ഔദ്യോഗികമായി തന്നെ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. നിര്‍ണ്ണായക സമയത്തു സഭയുടെ ഈ പിന്തുണ വിലമതിക്കാനാവാത്തതാണ്. സഭ നേതൃത്വത്തോടും, പാലാ രൂപതയോടും പ്രത്യേകം നന്ദി അറിയിക്കുന്നു.

സമൂഹത്തെയും സമുദായത്തെയും ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ ആരെയും പേടിക്കാതെ ധൈര്യപൂര്‍വം അഭിപ്രായ പ്രകടനം നടത്താന്‍ സഭ വിശ്വാസികളായ മറ്റു പൊതുപ്രവര്‍ത്തകര്‍ക്കും ഇതൊരു പ്രോത്സാഹനം ആവട്ടെ എന്നാശംസിക്കുന്നുവെന്നം ജോര്‍ജ്ജ് പറഞ്ഞു. തന്നെ പിന്തുണച്ചു കൊണ്ട് സഭ പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് ജോര്‍ജ് നന്ദി അറിയിച്ചത്.

ലഹരിയും പ്രണയക്കെണിയേയും കുറിച്ച് പി.സി ജോര്‍ജ് പറഞ്ഞ കാര്യങ്ങളില്‍ അടിസ്ഥാനമുണ്ടെന്ന് സീറോ മലബാര്‍ സഭ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പി.സി ജോര്‍ജ് ഉന്നയിച്ച കാര്യങ്ങളില്‍ അന്വേഷണം വേണമെന്നും സഭ ആവശ്യപ്പെട്ടു.

ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ട്. അതിന്‍മേല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും അപലപനീയമാണ്. ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവ മൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.


 



പ്രണയക്കെണികള്‍ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ലഹരിയില്‍ നിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്ത് വന്‍തോതില്‍ സ്‌ഫോടക വസ്തു ശേഖരവും ആയുധങ്ങളും കണ്ടെത്തുന്ന സ്ഥിതിയും ആശങ്ക ജനിപ്പിക്കുന്നു. ഇവയ്ക്കുള്ള അന്താരാഷ്ട്രബന്ധങ്ങള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു.

മതരാഷ്ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തഃസത്ത സംരക്ഷിക്കാനും ജാതിമത ഭേദമന്യേ എല്ലാ പൗരന്‍മാര്‍ക്കും കടമയുണ്ട്. അതിനാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ ന്യായീകരിക്കാതെ രാഷ്ട്രത്തിന്റെ ആഭ്യന്തര സുരക്ഷയെയും പൗരന്‍മാരുടെ സമാധാനജീവിത്തെയും സംരക്ഷിക്കാനുതകുന്ന നിലപാടുകളാണ് എല്ലാവരും സ്വീകരിക്കേണ്ടത്. പി.സി.ജോര്‍ജ് ഉന്നയിച്ച വിഷയങ്ങളില്‍ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്ന് സീറോ മലബാര്‍ സഭ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News