വി.എസ് സര്‍ക്കാറാണ് കമ്മീഷനെ നിയമിച്ച് വഖഫ് ഭൂമിയായി വീണ്ടെടുക്കണമെന്ന തീരുമാനമെടുത്തത്; യുഡിഎഫ് വിഷയം കൈകാര്യം ചെയ്തപ്പോള്‍ പ്രശ്‌നമുണ്ടായില്ല; ഫാറൂഖ് കോളജ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞ് കേസ് നടത്തുന്നു; ഇപ്പോഴത്തേത് സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രശ്‌നം; മുനമ്പത്തില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തി കുഞ്ഞാലിക്കുട്ടി

വി.എസ് സര്‍ക്കാറാണ് കമ്മീഷനെ നിയമിച്ച് വഖഫ് ഭൂമിയായി വീണ്ടെടുക്കണമെന്ന തീരുമാനമെടുത്തത്;

Update: 2024-11-14 15:57 GMT

പാലക്കാട്: മുനമ്പം വിഷയത്തില്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം. വിഷയത്തില്‍ ഉദാസീനത കാണിക്കുന്നത് സംസ്ഥാന സര്‍ക്കാറാണെന്ന് ആവര്‍ത്തിച്ച് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. ഭൂമിവിഷയത്തില്‍ ബന്ധപ്പെട്ട കക്ഷികളും മുസ്ലിം സംഘടനകളും ഇരകള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ഭൂമി അവിടെയുള്ള താമസക്കാര്‍ക്ക് നല്‍കാന്‍ നേരത്തേ പറഞ്ഞതാണ്. എന്നാല്‍, സര്‍ക്കാറുണ്ടാക്കിയ പ്രശ്നം മാത്രമാണ് മുനമ്പത്തുള്ളത്. മുനമ്പം വിഷയത്തില്‍ വര്‍ഗീയനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കുതന്നെ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

വി.എസ് സര്‍ക്കാറാണ് കമ്മീഷനെ നിയമിച്ച് വഖഫ് ഭൂമിയായി വീണ്ടെടുക്കണമെന്ന തീരുമാനമെടുത്തത്. പിന്നീട് യു.ഡി.എഫ് മന്ത്രിസഭയും വിഷയം കൈകാര്യംചെയ്തു. അന്ന് പ്രശ്നമുണ്ടായിരുന്നില്ല. പുതിയ സാഹചര്യത്തില്‍ മുസ്‌ലിം സംഘടനകള്‍ സര്‍ക്കാര്‍ പരിഹാരമുണ്ടാക്കുന്നതില്‍ വിരോധമില്ലെന്ന് വ്യക്തമാക്കിയതാണ്.

ബന്ധപ്പെട്ട കക്ഷിയായ ഫാറൂഖ് കോളജ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞ് കേസ് നടത്തുകയാണ്. ബി.ജെ.പിക്ക് വേണ്ടത് പ്രശ്നപരിഹാരമല്ല, പൂരം കലക്കി ജയിച്ചപോലെ ഇവിടെയും കലക്കി വോട്ടുപിടിക്കലാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലക്കാട്ട് ബി.ജെ.പിയുമായാണ് യു.ഡി.എഫ് മത്സരിക്കുന്നതെന്നും സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം മുനമ്പത്ത് വഖഫ് ബോര്‍ഡിന് കീഴിലുള്ള ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത് വി.എസ്. സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മിഷന്‍ ആയിരുന്നുവെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായ പാണക്കാട് റഷീദലി ശിഹാബ് തങ്ങളും വ്യക്തമാക്കി. തന്റെ കാലത്ത് മുനമ്പത്തുള്ളവര്‍ക്ക് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും തനിക്ക് ശേഷം വന്ന ടി.കെ ഹംസ ചെയര്‍മാനായ ബോര്‍ഡാണ് നോട്ടീസ് അയച്ചതെന്നും റഷീദലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

2014- മുതല്‍ 2019 വരെ റഷീദലി ശഹാബ് തങ്ങളായിരുന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍. 2008 കാലഘട്ടത്തില്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാറാണ് നിസാര്‍ കമ്മിഷനെ നിയമിക്കുന്നത്. ആ കമ്മിഷന്റെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് വന്നു. അത് സര്‍ക്കാറിന് സമര്‍പ്പിച്ചു. 2010ല്‍ ആ സ്വത്ത് തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാറിന്റെ ഉത്തരവ് വന്നു. അതിനെതിരെ അവിടെ താമസിക്കുന്നവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

2016ല്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നു. എന്നാല്‍ താന്‍ ചെയര്‍മാനായ വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചില്ല. ഇതേ തുടര്‍ന്ന് ഒടുവില്‍ കോടതിയലക്ഷ്യ നോട്ടീസ് വന്നു. ഇതിനെ തുടര്‍ന്ന് ബോര്‍ഡ് മീറ്റിങ്ങ് കൂടി വിഷയം പരിഗണിച്ചു. എന്നാല്‍ ഒരു നോട്ടീസ് പോലും അയക്കാതെയാണ് കാലവധി പൂര്‍ത്തിയാക്കി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഇറങ്ങിയത്.

പിന്നീട്, ഭൂമി തിരിച്ചുപിടിക്കണമെന്ന് നോട്ടീസ് അയച്ചത് തന്റെ ശേഷം വന്ന വഖഫ് ബോര്‍ഡ് കമ്മിറ്റിയായിരുന്നു. അന്ന് ടി.കെ. ഹംസയായിരുന്നു ചെയര്‍മാന്‍. അദ്ദേഹമാണ് നോട്ടീസ് അയച്ചത്, താനല്ല. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഈ വിഷയം പരിഗണിക്കാവുന്നതേയുള്ളൂ. മുനമ്പത്ത് നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. മാനുഷിക പരിഗണനവെച്ച് അവരെ ഇറക്കിവിടരുത്. പകരം പുനരധിവസിപ്പിക്കണമെന്നും റഷീദലി ശഹാബ് തങ്ങള്‍ വ്യക്തമാക്കി.

അതിനിടെ മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ സമരപ്പന്തലില്‍ പിന്തുണയുമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ ഒഴുക്കാണ്. കാതമംഗലം രൂപത കോട്ടപ്പടി സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ.റോബിന്‍ പടിഞ്ഞാറേക്കാട്ട്, കര്‍ത്തേടം സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ.ഫ്രാന്‍സിസ് ഡിക്‌സണ്‍ ഫെര്‍ണാണ്ടസ്, സഹ വികാരി ഫാ. ഇമ്മാനുവല്‍, ബിസിസി അംഗം മാത്യു റോയ്, കെഎല്‍സിഎ അതിരൂപതാ വൈസ് പ്രസിഡന്റ് റോയ് ഡിക്കൂഞ്ഞ, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ടോമി ചെറുകോടത്ത്, മുനമ്പം തരകന്‍ കോഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ കെ.എസ്.തമ്പി, കണ്‍വീനര്‍ പി.എ.സ്വാതിഷ്, ഫിഷ് ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശൂലപാണി, ചെമ്മങ്ങാട്ട്, തരകന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സനല്‍ ആലില്‍, സെക്രട്ടറി കെ.ബി.രാജീവ്, ട്രഷറര്‍ കെ.കെ.പുഷ്‌കരന്‍, തരകന്‍സ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് സുജോയ്, കൊടുങ്ങല്ലൂര്‍ കൂളിമുട്ടം നിവാസികള്‍ തുടങ്ങിയവരും സമരപ്പന്തല്‍ സന്ദര്‍ശിച്ചു.

ഭൂ സമരത്തില്‍ മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ജനസേവ ചെയര്‍മാന്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ ജനസേവ ശിശുഭവന്‍ പ്രവര്‍ത്തകര്‍ എത്തി. കേരള കോണ്‍ഗ്രസ് (എം) നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഞാറയ്ക്കലില്‍ മുനമ്പം നീതി ജ്വാല തെളിച്ചു. വിഷയത്തില്‍ മുനമ്പം നിവാസികള്‍ക്ക് പിന്തുണയുമായി ഡിഎല്‍പി നടത്തിയ സമരം തന്ത്രി ഞാറയ്ക്കല്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുഭാഷ് നായരമ്പലം അധ്യക്ഷത വഹിച്ചു. കെ.സി.ഗോപി, മണി അഞ്ചലശ്ശേരി, എം.എസ്.അരുണന്‍, സി.എ.കരുണന്‍, സീന ഷിബു, രഘു ഞാറയ്ക്കല്‍, കണ്ണന്‍ പോഞ്ഞിക്കര, ടി.കെ.പ്രജ്ഞന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News