സര്‍ക്കാരിന്റെ സിനിമാ പരിപാടികളെല്ലാം നടത്തുന്നത് സ്വകാര്യ പി.ആര്‍ കമ്പനി; അതൃപ്തി പ്രകടിപ്പിച്ച് പി.ആര്‍.ഡി; പരിപാടിക്ക് ആശയം നല്‍കി, നടത്തിപ്പും മാര്‍ക്കറ്റിങും ഉള്‍പ്പെടെയുള്ള നടത്തുന്നു; കോടികള്‍ മുടക്കിയ മോഹന്‍ലാലിനെ ആദരിക്കല്‍ ചടങ്ങിന്റെ നടത്തിപ്പു നല്‍കിയതും ശ്രീകുമാര്‍ മേനോന്റെ കമ്പനിക്ക്

സര്‍ക്കാരിന്റെ സിനിമാ പരിപാടികളെല്ലാം നടത്തുന്നത് സ്വകാര്യ പി.ആര്‍ കമ്പനി

Update: 2025-10-07 08:43 GMT

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന സിനിമാ പരിപാടികളുടെ നടത്തിപ്പു ചുമതല ഒരു സ്വകാര്യ കമ്പനിക്കു മാത്രം നല്‍കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ്് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (പി.ആര്‍.ഡി). സിനിമാ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഉടമസ്ഥതയിലുള്ള പാലക്കാട് ആസ്ഥാനമായ പുഷ് 360 പബ്ലിക് റിലേഷന്‍ കമ്പനിക്ക്് ഏകപക്ഷീയമായാണ് പരിപാടികളുടെ നടത്തിപ്പ് ചുമതല നല്‍കുന്നത്. പരിപാടികള്‍ സംബന്ധിച്ച ആശയം നല്‍കി അതിന് അംഗീകാരം വാങ്ങിയശേഷം സ്വകാര്യ കമ്പനി തന്നെ നടത്തിപ്പും ഏറ്റെടുക്കുകയാണെന്നാണ് ആരോപണം.

പുതിയ സിനിമാനയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആസുത്രണം ചെയ്ത സിനിമാ കോണ്‍ക്ലേവ് പൂര്‍ണമായും സംഘടിപ്പിച്ചത് ഈ സ്വകാര്യ കമ്പനിയായിരുന്നു. രണ്ടുദിവസത്തെ പരിപാടിയില്‍ പങ്കെടുക്കാനായി വിവിധ സംഘടനകളെയും അതിഥികളെയും ക്ഷണിച്ചതില്‍ പിഴവുകള്‍ ഉണ്ടായെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ക്ഷണിക്കാനുള്ള ഡെലിഗേറ്റുകളെ തീരുമാനിച്ചതിന്റെ മാനദണ്ഡമാണ് ചോദ്യം ചെയ്യപ്പട്ടത്. നയരൂപീകരണം ഉള്‍പ്പെടെയുള്ള ചര്‍ച്ചാ സെഷനുകള്‍ ആസൂത്രണം ചെയ്തതില്‍ പിഴവുണ്ടായെന്നും മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകരെ അവഗണിച്ചെന്നും ആരോപണം ഉണ്ടായിരുന്നു. രണ്ടുദിവസത്തെ പരിപാടിക്ക് ഒരുകോടിയോളം രൂപയാണ് കമ്പനി ഈടാക്കിയത്.

കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എത്തുന്ന മോഹന്‍ലാല്‍ അടക്കമുള്ള പ്രതിനിധികള്‍ക്ക് കൊടുക്കാനായി തയ്യാറാക്കിയ ബാഗ് സംബന്ധിച്ചും ആരോപണമുയര്‍ന്നിരുന്നു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത പൊതുമേഖലാ ബന്ധമുള്ള പ്രോജക്ടാണ് ഈ ബാഗ് സ്‌പോണ്‍സര്‍ ചെയ്തത്. കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന്റെ വകയായിരുന്നു ബാഗ്. സിനിമാ പ്രമുഖര്‍ക്ക് നല്‍കിയ ബാഗില്‍ സ്‌പോണ്‍സറുടെ എംബ്ലവും പേരും വ്യക്തമായിരുന്നു. സാംസ്‌കാരിക ഡയറക്ടറായ ദിവ്യ എസ് അയ്യരാണ് ഈ പ്രോജക്ടിന്റെ ഡയറക്ടര്‍. സിനിമാ വകുപ്പിന്റെ ചുമതലയുള്ള സാംസ്‌കാരിക ഡയറക്ടറുടെ പ്രത്യേക താല്‍പ്പര്യമായിരുന്നു ബാഗിലുണ്ടായിരുന്നത്. സര്‍ക്കാരിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഈ സ്‌പോണ്‍സര്‍ഷിപ്പ്.

ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ ആദരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കിയ 'ലാല്‍സലാം' പരിപാടിയുടെ സംഘാടകരും പുഷ് 360 കമ്പനിയായിരുന്നു. ഈ പരിപാടിക്ക് വേണ്ടി 2.84 കോടിരൂപയാണ് സാംസ്‌കാരിക വകുപ്പ്് അനുവദിച്ചത്. സാംസ്‌കാരിക വകുപ്പിന്റെ യുവ കലാകാരന്‍മാര്‍ക്കുള്ള ഫെലോഷിപ്പ് ഹെഡില്‍ നിന്നും ഒരുകോടിരൂപയും കെ.എസ്.എഫ്.ഡി.സിയും ചലച്ചിത്ര അക്കാദമിയും 50 ലക്ഷംരൂപ വീതവും ചേര്‍ത്ത് രണ്ടുകോടിരൂപ നല്‍കി. 84 ലക്ഷം രൂപ സര്‍ക്കാര്‍ പ്രത്യേകമായി അനുവദിക്കുകയായിരുന്നു. സാംസ്‌കാരിക പരിപാടികള്‍ തുടര്‍ച്ചയായി സ്വകാര്യ പി.ആര്‍ കമ്പനിക്ക് നല്‍കുന്നതില്‍ പി.ആര്‍.ഡി മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതൃപ്തി അറിയിച്ചു.

ഭരണത്തിന്റെ അവസാനവര്‍ഷം വിവിധ വകുപ്പുകളില്‍ കോണ്‍ക്ലേവുകളും സംഗമങ്ങളും ഇടതടവില്ലാതെ നടത്തുകയാണ് സര്‍ക്കാര്‍. നവകേരള സദസും കേരളീയവും നടത്തിയതിനുശേഷം ചെലവു വെളിപ്പെടുത്താതിരുന്നതു പോലെ തന്നെയാണ് ഭൂരിഭാഗം പരിപാടികളും സര്‍ക്കാര്‍ നടത്തുന്നത്. കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ 35 കോടിയോളം രൂപ വിവിധ കോണ്‍ക്ലേവുകള്‍ക്കും സംഗമത്തിനുമായി സര്‍ക്കാര്‍ ചെലവിട്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ആഗോള നിക്ഷേപക സംഗമത്തിനു പിന്നാലെ ചില നിക്ഷേപ പദ്ധതികള്‍ക്ക്് തുടക്കമിട്ടതൊഴിച്ചാല്‍ മറ്റൊരു കോണ്‍ക്ലേവും സംഗമവും സംസ്ഥാനത്തിന് യാതൊരു നേട്ടവും നേടിക്കൊടുത്തതായി കണ്ടെത്തിയിട്ടില്ല.

Tags:    

Similar News