സ്വര്‍ണ മോഷണത്തെക്കുറിച്ച് ചോദിക്കരുത്; ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അഭിപ്രായം പറയാനില്ല; മണ്ഡല-മകരവിളക്ക് ഒരുക്കങ്ങള്‍ മാത്രം പറഞ്ഞ് പടിയിറങ്ങുന്നതിന് മുന്‍പുള്ള വാര്‍ത്താസമ്മേളനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം അജികുമാറും; ഭക്തക്ഷേമ നിധി രൂപീകരിച്ച് സന്നിധാനത്ത് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് 3 ലക്ഷം ധനസഹായം

മകരവിളക്ക് ഒരുക്കങ്ങള്‍ മാത്രം പറഞ്ഞ് പടിയിറങ്ങുന്നതിന് മുന്‍പുള്ള വാര്‍ത്താസമ്മേളനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം അജികുമാറും

Update: 2025-11-10 16:55 GMT

പത്തനംതിട്ട: പടിയിറങ്ങുന്നതിന് മുന്‍പുള്ള അവസാന പത്രസമ്മേളനത്തില്‍ സ്വര്‍ണ മോഷണം സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കി സ്ഥാനമൊഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും അംഗം അജികുമാറും. ശബരിമല സ്വര്‍ണ മോഷണം സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന മുന്‍കൂര്‍ ജാമ്യത്തോടെയാണ് ഇരുവരും പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തിയത്. കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് തുടക്കത്തിലും ഒടുക്കത്തിലും ഇവര്‍ നിലപാടെടുത്തു.

പമ്പ മുതല്‍ സന്നിധാനം വരെയും എരുമേലി കാനനപാതയിലും മലകയറ്റത്തിനിടെ ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുന്ന ഭക്തര്‍ക്ക് നിലവില്‍ ഇന്‍ഷുറന്‍സ് തുക നല്‍കുന്നതിന് കഴിയുമായിരുന്നില്ല. ഇത് പരിഗണിച്ച് മരണപ്പെടുന്നയാളുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ നല്‍കുന്നതിന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇത് കൂടാതെ സംസ്ഥാനത്തിന് പുറത്തേക്ക് ഒരു ലക്ഷം രൂപ വരെയും സംസ്ഥാനത്തിന് അകത്ത് മുപ്പതിനായിരം രൂപവരെയും ആംബുലന്‍സ് ചെലവ് ദേവസ്വം ബോര്‍ഡ് വഹിക്കും. ഇതിനായി ഭക്തരില്‍ നിന്ന് വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യുന്ന സമയത്ത് നിര്‍ബന്ധിതമായി അല്ലാതെ അഞ്ചുരൂപ വച്ച് സംഭാവനയായി സ്വീകരിക്കും. പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നിധി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു

എല്ലാ ഭക്തര്‍ക്കും അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും. ഇതിന്റെ ഭാഗമായി വ്യക്തത കുറവുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ മാറ്റി സമഗ്രമാക്കി. നാലു ജില്ലകളില്‍ മാത്രമുണ്ടായിരുന്ന കവറേജ് സംസ്ഥാനം മുഴുവനാക്കി. മരണപ്പെടുന്ന അയ്യപ്പ ഭക്തരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ ലഭിക്കും. ഇത് കൂടാതെ സംസ്ഥാനത്തിന് പുറത്തേക്ക് ഒരു ലക്ഷം രൂപയും സംസ്ഥാനത്തിന് അകത്ത് മുപ്പതിനായിരം രൂപ വരെയും ആംബുലന്‍സ് ചെലവ് ദേവസ്വം ബോര്‍ഡ് വഹിക്കും. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ജോലി ദേവസ്വം ബോര്‍ഡ് സ്ഥിരം ജീവനക്കാര്‍,

താല്‍കാലിക ജീവനക്കാര്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്കും അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കി ഭക്തര്‍ക്കും ജീവനക്കാര്‍ക്കുമുള്ള അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പ്രീമിയം തുക മുഴുവനും ബോര്‍ഡാണ് വഹിക്കുന്നത്.

സന്നിധാനത്തേക്കുള്ള ദൂരം സൂചിപ്പിക്കുന്ന വിവിധ ഭാഷകളിലുള്ള പുതിയ ദിശാ സൂചക ബോര്‍ഡുകള്‍, അടിയന്തര സേവനങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ (ഇ.എം.സി.സെന്റര്‍, ആംബുലന്‍സ് സേവനങ്ങള്‍) ഉള്‍പ്പെടുത്തി യൂട്ടിലിറ്റി ബോര്‍ഡുകള്‍ സ്ഥാപിക്കും. സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ദുര്‍ഗന്ധം ഴിവാക്കുന്നതിനായി ഫ്രാഗെന്‍സ് ഡിസ്പെന്‍സറുകള്‍, ദര്‍ശനത്തിനായി വരി നില്‍ക്കുന്ന ഭക്തര്‍ക്ക് ശരംകുത്തി മുതല്‍ വലിയ നടപ്പന്തല്‍ വരെ പൈപ്പിലൂടെ ചൂടുവെള്ളം ബാരിക്കേഡുകള്‍ക്കിടയിലൂടെ കിയോസ്‌കുകള്‍ വഴി എത്തിക്കുന്ന പദ്ധതി കഴിഞ്ഞ മണ്ഡലം മകര വിളക്ക് കാലത്ത് നടപ്പിലാക്കി.

പമ്പ മുതല്‍ സന്നിധാനം വരെ 56 ചുക്കുവേള്ള വിതരണ കേന്ദ്രങ്ങള്‍ ഇതുകൂടാതെ കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കിയോസ്‌കുകളും സജ്ജമാക്കിയിട്ടുണ്ട് സന്നിധാനത്ത് 1005 ശൗചാലയങ്ങള്‍ ഉണ്ട്. 845 എണ്ണം സൗജന്യമായും 120 പണം നല്‍കിയും ഉപയോഗിക്കാം. ശരംകുത്തി പാതയിലെ ക്യൂ കോംപ്ലക്സുകളില്‍ 164 ശൗചാലയങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇവ സൗജന്യമായി ഉപയോഗിക്കാം പമ്പയില്‍ നിന്ന് സന്നിധാനം വരെ പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലുമായി 58 ബയോടോയ്ലറ്റ് യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പമ്പ-സന്നിധാനം പാതയില്‍ നാലു മൊബൈല്‍ കണ്ടെയ്നര്‍ ടോയ്ലറ്റുകള്‍ ഉണ്ടാകും. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ ചന്ദ്രാനന്ദന്‍ റോഡില്‍ ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനുള്ള ബഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനത്തെ മുറികളില്‍ 50 ശതമാനം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

പമ്പ മുതല്‍ സന്നിധാനം വരെ ജൈവ അജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാന്‍ പ്രത്യേകം വേസ്റ്റ് ബിന്നുകള്‍സ്ഥാപിച്ചു. പമ്പയില്‍ 300 ശുചിമുറികള്‍ സുജമാക്കിയിട്ടുണ്ട്. ഇതില്‍ 70 എണ്ണം സ്ത്രീകള്‍ക്കായി ഉള്ളതാണ്. പമ്പയില്‍ ഭക്തര്‍ക്ക് ക്യൂ നില്‍ക്കുന്നതിനായി 10 പുതിയ നടപ്പന്തലുകള്‍ ഉണ്ടാകും. പമ്പാ മണല്‍പ്പുറത്ത് തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിന് ജര്‍മ്മന്‍ പന്തല്‍ സ്ഥാപിക്കും. ഇതില്‍ 4000 പേരെ ഒരേ സമയം ഉള്‍ക്കൊള്ളാം. പമ്പയില്‍ ശീതികരിച്ച വനിതാ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉണ്ടാകും. നദിയില്‍ കുളിച്ച ശേഷം സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. ദേവസ്വം ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ചെറിയ പ്രീമിയത്തില്‍ സമഗ്രമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി.ഇ-കാണിക്ക വഴി വഴിപാട് തുക സ്വീകരിക്കാന്‍ പി.ഓ.എസ് മെഷീന്‍, യു.പി.ഐ പണമിടപാട് സംവിധാനം, പ്രൈസ് സോഫ്റ്റ് വെയര്‍, ജി സ്പാര്‍ക്ക്, ഇ ടെന്‍ഡര്‍, ഇ ഓഫീസ് എന്നിവ നടപ്പിലാക്കിയെന്നും പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു

Tags:    

Similar News