സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ പാടില്ലായിരുന്നു; 2019 ല്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്; ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചു എന്നാല്‍, ആ കുഴിയില്‍ അദ്ദേഹം തന്നെ വീണുവെന്ന് പി എസ് പ്രശാന്ത്

സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ പാടില്ലായിരുന്നു

Update: 2025-10-02 11:00 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കുമെതിരെ ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. 2019 ല്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതില്‍ സംശയമൊന്നുമില്ല. സ്വര്‍ണപ്പാളി ഒരിക്കലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ പാടില്ലായിരുന്നു. അങ്ങനെ കൊടുത്തുവിട്ടതില്‍ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. 1999 മുതല്‍ 2025 വരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് എല്ലാക്കാര്യങ്ങളും പുറത്തു വരട്ടെയെന്നും പ്രശാന്ത് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണെന്ന് ദേവസ്വം ബോര്‍ഡിന് കൃത്യമായ ധാരണയില്ല. അദ്ദേഹം തന്നെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. അതില്‍ സന്തോഷമുണ്ട്. ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചു. എന്നാല്‍, ആ കുഴിയില്‍ അദ്ദേഹം തന്നെ വീണു. എല്ലാക്കാര്യങ്ങളിലും സമഗ്രമായ അന്വേഷണം നടത്താന്‍ കോടതിയോട് ആവശ്യപ്പെടണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

ശബരിമലയെന്ന പവിത്രമായ ആരാധനാലയത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി മുന്നോട്ടു പോകാനാവില്ല. 1994 ലാണ് വിജയ് മല്യ സ്വര്‍ണം പൂശല്‍ നടത്തിയത്. അതു മുതല്‍ 2025 വരെയുള്ള കാര്യങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. അക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്ന് ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, അതിന്റെ നിറമാകട്ടെ, തൂക്കമാകട്ടെ, അളവാകട്ടെ, ഉണ്ണികൃഷ്ണന്‍ പോറ്റിയെപ്പോലുള്ള അവതാരങ്ങളാകട്ടെ ഇതിനെയെല്ലാം കുറിച്ച് സമഗ്രമായ അന്വേഷണം വേണം. ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നല്ല, ശബരിമലയുമായി ബന്ധപ്പെട്ട ഏതു കാര്യവും അന്വേഷണ വിധേയമാക്കണം. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നും ഒളിക്കാനും മറയ്ക്കാനും ഇല്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്ത് വ്യക്തമാക്കി.

Tags:    

Similar News