ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം; പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും; പി വി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് പി ശശി; അന്‍വര്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം നടത്തുന്നെന്ന് തൃശ്ശൂരിലും പരാതി
ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം
തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് വക്കീല്‍നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അന്‍വര്‍ നല്‍കിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീല്‍ നോട്ടീസ് അയച്ചത്. പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ കത്ത് അന്‍വര്‍ പിന്നീട് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ശശി അയച്ചിരിക്കുന്ന വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. ആരോപണം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും. പൊതുസമ്മേളനങ്ങളിലും പത്രസമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്‍കിയ പരാതികളിലും ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം അന്‍വറിനെതിരെ തൃശൂര്‍ സിറ്റി പൊലീസിനും പരാതി എത്തിയിട്ടുണ്ട്. സമൂഹത്തില്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചരണം നടത്തുന്നതായി ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ഇടതുപ്രവര്‍ത്തകന്‍ കെ കേശവദേവാണ് പരാതിക്കാരന്‍. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസിനെ വര്‍ഗീയവാദി, മുസ്ലിം വിരോധി എന്നിങ്ങനെ ആരോപിച്ച് നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം.
നേരത്തെ പി ശശിക്കെതിരായ അന്‍വറിന്റെ ആരോപണം മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നല്‍കിയ പരാതി സോഷ്യല്‍ മീഡിയയിലൂടെ അന്‍വര്‍ പുറത്തുവിട്ടിരുന്നു. കച്ചവടക്കാര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി.ശശി ലക്ഷങ്ങള്‍ തട്ടുന്നതായാണ് പി.വി അന്‍വറിന്റെ പ്രധാന ആരോപണം. ചില കേസുകള്‍ പി.ശശി ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്നും പി വി അന്‍വര്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായി എത്തുന്ന സുന്ദരികളായ സ്ത്രീകളുടെ ഫോണ്‍നമ്പറുകള്‍ പി.ശശി വാങ്ങിവെയ്ക്കാറുണ്ടെന്നാണ് പി.വി അന്‍വര്‍ പരാതിയില്‍ പറയുന്നത്. കേസന്വേഷണം എങ്ങനെ പോകുന്നു എന്ന് പ്രത്യേക താത്പര്യത്തോടെ പി ശശി അവരോട് അന്വേഷിച്ചിരുന്നു. പരാതിക്കാരായ ചിലരോട് ശൃംഗാര ഭാവത്തില്‍ സംസാരിച്ചതോടെ അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ പലരും എടുക്കാതെ ആയെന്നത് അടക്കമുള്ള ആരോപണങ്ങളാണ് അന്‍വര്‍ പുറത്തുവിട്ടത്. ഇതിനെതിരായാണ് ഇപ്പോള്‍ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.