ട്രാക്കിന് സമീപം താഴ്ചയില്‍ കിടന്ന ആട്ടുകല്ല്; രാത്രിയില്‍ ആരോ ജീപ്പില്‍ വന്നെന്നും റോഡിലൂടെ എന്തോ വലിച്ചു കൊണ്ടുപോയ ശബ്ദം കേട്ടെന്നും നാട്ടുകാര്‍; നായയുടെ ജഡം ചിന്നി ചിതറിയ നിലയിലും; ആട്ടുകല്ലിന് വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ മുകളിലൂടെ കടന്നുപോയി; ട്രാക്കിന്റെ വശങ്ങളില്‍ വച്ചിരുന്നതെങ്കില്‍ അത് ദുരന്തമാകുമായിരുന്നു; പച്ചാളത്തേത് അട്ടിമറി ശ്രമം; മൈസൂരു-കൊച്ചുവേളി എക്സ്പ്രസിന്റേത് അത്ഭുത രക്ഷപ്പെടല്‍

Update: 2025-12-05 07:12 GMT

കൊച്ചി: കൊച്ചിയില്‍ റെയില്‍വേട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തിയത് ഗൗരവത്തില്‍ എടുത്ത് കേരളാ പോലീസ്. പച്ചാളം പാലത്തിന് സമീപമാണ് ട്രാക്കില്‍ ആട്ടുകല്ല് കണ്ടത്. റെയില്‍വേ പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കേന്ദ്ര ഏജന്‍സികളും അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലുള്ള ദിവസമാണ് സംഭവം. ഇതിനെ ഗൗരവത്തില്‍ കേരളാ പോലീസും കാണുന്നുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ ട്രാക്കിന്റെ നടുവിലായാണ് ആട്ടുകല്ല് കണ്ടത്. ഈ സമയം ഇതുവഴി കടന്നുപോയ മൈസൂരു-കൊച്ചുവേളി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് കല്ല് ട്രാക്കില്‍ കിടക്കുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് ആര്‍പിഎഫിനെയും റെയില്‍വേ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. സംഭവം അട്ടിമറി ശ്രമമാണോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. അതിനിടെ, പുലര്‍ച്ചെ രണ്ടുമണിയോടെ ഒരുസംഘം ഇവിടെ വാഹനത്തില്‍ വന്നിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ആട്ടുകല്ല് ഏറെക്കാലമായി റെയില്‍വേട്രാക്കിന് സമീപത്തെ താഴ്ചയിലാണുണ്ടായിരുന്നത്. ഈ ആട്ടുകല്ലാണ് ട്രാക്കില്‍ കണ്ടെത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. ആരോ മനപ്പൂര്‍വ്വം കൊണ്ടിട്ടതാണെന്ന് വ്യക്തമാണ്.

ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു. ട്രാക്കിന്റെ വശങ്ങളിലാണ് ആട്ടുകല്ല് വച്ചിരുന്നതെങ്കില്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കുമായിരുന്നു. ട്രാക്കിന്റെ നടുവില്‍ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതില്‍ ദുരൂഹതയുണ്ടെന്നത് വ്യക്തമാണ്. ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിചിതറിയ നിലയിലാണ്. ട്രെയിന്‍ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

രാത്രിയില്‍ ആരോ പ്രദേശത്തേക്ക് ജീപ്പില്‍ വന്നിരുന്നെന്നും റോഡിലൂടെ എന്തോ വലിച്ചുകൊണ്ടുപോകുന്ന ശബ്ദം കേട്ടിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. ആട്ടുകല്ല് താല്‍ക്കാലികമായി ട്രാക്കില്‍ നിന്ന് സമീപത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ താഴെ കിടന്നിരുന്ന ആട്ടുകല്ല് ജീപ്പിലെത്തിയ ആളുകള്‍ ട്രാക്കില്‍ കൊണ്ടിടുകയായിരുന്നുവെന്നാണ് പ്രദേശവാസി പറയുന്നത്. രാത്രി രണ്ടുമണിയോടെ കമ്പിപ്പാര വലിച്ചുകൊണ്ടുവരുന്നതിന്റെയും ഗേറ്റില്‍ അടിക്കുന്നതിന്റെയും ശബ്ദം കേട്ടിരുന്നുവെന്നും അവര്‍ പറയുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാകും അന്വേഷണം.

ഒറ്റപ്പാലം റെയില്‍പ്പാളത്തില്‍ അഞ്ചിടത്ത് ഇരുമ്പുക്ലിപ്പുകള്‍ സ്ഥാപിച്ച് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് ശ്രമം നടന്നിരുന്നു. വടക്കന്‍ കേരളത്തില്‍ പലപ്പോഴും ഇത്തരം ശ്രമങ്ങളുണ്ടായി. പക്ഷേ ഇതിന് പിന്നിലെ ഗൂഡാലോചന കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തുടരെ തുടരെ സംഭവങ്ങള്‍ തുടരുകയും ചെയ്തു. ഒറ്റപ്പാലം- ലക്കിടി സ്റ്റേഷനുകള്‍ക്കിടയിലും മായന്നൂര്‍ മേല്‍പ്പാലത്തിനു സമീപവുമാണ് അഞ്ചിടത്ത് ഇരുമ്പുക്ലിപ്പുകള്‍ കണ്ടെത്തിയത് തീര്‍ത്തും അസ്വാഭാവികമായിരുന്നു. ഇതിന് കുറച്ചു ദിവസം മുമ്പ് വളപട്ടണത്ത് റെയില്‍പ്പാളത്തില്‍ സിമന്റ് കട്ടവെച്ച് തീവണ്ടി അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. അന്ന് പുലര്‍ച്ചെ 1.54-ന് വളപട്ടണം സ്റ്റേഷന്‍ എത്തുന്നതിന് 50 മീറ്റര്‍ മുന്‍പ് കൊച്ചുവേളി-ഭാവ്‌നഗര്‍ (19259) എക്സ്പ്രസ് ആടിയുലഞ്ഞു. വലിയ ശബ്ദം കേട്ട് ലോക്കോ പൈലറ്റ് വളപട്ടണം സ്റ്റേഷനില്‍ വണ്ടി നിര്‍ത്തി വിവരം സ്റ്റേഷന്‍ അധികൃതരെ അറിയിച്ച് യാത്ര തുടര്‍ന്നു. തുടര്‍ന്ന് പാളത്തില്‍ നടത്തിയ പരിശോധനയിലാണ് സിമന്റ് മൂടി പാളത്തില്‍ ചിതറിയ രീതിയില്‍ കണ്ടത്.

റെയില്‍വേ എര്‍ത്തിങ്ങുമായി ബന്ധപ്പെട്ടുള്ള ബോക്സ് ചേംബറിന്റെ സിമന്റ് മൂടിയാണ് പാളത്തില്‍ വെച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. വളപട്ടണം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇന്ത്യന്‍ റെയില്‍വേ ആക്ട് പ്രകാരം തീവണ്ടി അട്ടിമറിക്കുള്ള സാധ്യതയ്ക്കുള്ള വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സിമന്റ് മൂടി പാളത്തിലേക്ക് എത്തിച്ചതെങ്ങനെയെന്ന അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തീവണ്ടിക്ക് കല്ലേറ് നടക്കുന്ന പ്രത്യേക സ്‌പോട്ടുകളായി ഇന്റലിജന്‍സ് കണ്ടെത്തിയ മേഖലയാണ് വളപട്ടണം-പപ്പിനിശ്ശേരി. ഇതിന് ഒരുവര്‍ഷം മുന്‍പ് സമാനമായ സംഭവം വളപട്ടണത്ത് നടന്നിരുന്നു. വന്ദേഭരത് എക്‌സ്പ്രസിനടക്കം ഇവിടെ കല്ലേറുണ്ടായി. ഇത്തരം അട്ടിമറി ശ്രമങ്ങളിലൊന്നും വ്യക്തമായ അന്വേഷണം നടക്കുന്നില്ല. ഇതിനിടെയാണ് കൊച്ചിയിലും ആട്ടുകല്‍ അട്ടമറി ശ്രമം.

Tags:    

Similar News