സ്ട്രോംഗ് റൂമിനുള്ളിലെ പെട്ടിയുടെ താക്കോലും വാതിലിന്റെ താക്കോലും ജീവനക്കാരുടെ കൈവശം; സ്ട്രോംഗ് റൂം പുറമേ നിന്ന് പൂട്ടുന്ന താക്കോല്‍ പൊലീസിന്റെ കൈയ്യിലും; എന്നിട്ടും ആ ഇരുട്ടു മുറിയില്‍ സ്വര്‍ണ്ണ ദണ്ഡ് അപ്രത്യക്ഷമായി? പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം കാണാതാകല്‍ ദുരൂഹം; പഴുതടച്ച സുരക്ഷ വീമ്പു പറച്ചിലോ?

Update: 2025-05-11 02:06 GMT

തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാമുറിയില്‍ സൂക്ഷിച്ചിരുന്ന 13 പവന്റെ സ്വര്‍ണദണ്ഡ് കാണാതായതില്‍ സര്‍വ്വത്ര ദുരൂഹത. വിവിധ ഘട്ടങ്ങളില്‍ ക്ഷേത്രത്തിലെ നിര്‍മാണാവശ്യത്തിനായി വേണ്ടിവരുന്ന സ്വര്‍ണം സുരക്ഷാമുറിയിലാണ്(സ്ട്രോങ് റൂം) സൂക്ഷിക്കുന്നത്. ഇവിടെ നിന്നാണ് ദണ്ഡ് കാണാതായത്. ക്ഷേത്ര മേല്‍ക്കൂര സ്വര്‍ണ്ണം പൂശുന്ന ജോലി പുരോഗമിക്കുകായണ്. ഇതിനിടെയാണ് മോഷണം. അതീവ സുരക്ഷാ മേഖലയാണ് ക്ഷേത്രം. എല്ലായിടവും സിസിടിവി ക്യാമറയുണ്ട്. ഇവിടെ നിന്നാണ് ദണ്ഡ് കാണാതായത്. ഇതോടെ ക്ഷേത്ര സുരക്ഷയും ചോദ്യത്തിലായി. പോലീസും കമാണ്ടോകളും കേന്ദ്ര ഏജന്‍സി നിരീക്ഷണവും എല്ലാം ക്ഷേത്രത്തിലുണ്ട്. പോരാത്തതിന് ക്ഷേത്ര സെക്യൂരിറ്റി ജീവനക്കാരും. പുറത്തു നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ ശക്തമായ സംവിധാനവും ഉണ്ട്. ഇതെല്ലാം മറികടന്ന് എങ്ങനെയാണ് ദണ്ഡ് പുറത്തു പോയതെന്നതാണ് ഉയരുന്ന ചോദ്യം. കുറച്ചു നാള്‍ മുമ്പ് അമൂല്യമായ പാത്രങ്ങള്‍ മോഷണം പോയി. അന്ന് കള്ളനെ പിടിച്ചെങ്കിലും സാങ്കേതികത്വത്തില്‍ പറഞ്ഞയച്ചു. ഇതിന് പിന്നാലെയാണ് സ്വര്‍ണ്ണ മോഷണം.

ശ്രീകോവിലിനു മുന്നിലെ വാതിലില്‍ സ്വര്‍ണം പൊതിയാനായി പുറത്തെടുത്ത ദണ്ഡുകളിലൊന്നാണ് ശനിയാഴ്ച രാവിലെ കാണാതായത്. പോലീസും ക്ഷേത്രസുരക്ഷാ ഉദ്യോഗസ്ഥരും പകല്‍ മുഴുവനും നടത്തിയ പരിശോധനയില്‍ ദണ്ഡ് കണ്ടെത്താനായിട്ടില്ല. വിവിധ ജീവനക്കാരെ ചോദ്യംചെയ്യുകയാണ്. ശ്രീകോവിലിലെ അനന്തശയന വിഗ്രഹത്തിനു മുന്നില്‍ ശിരസ്സ്, ഉടല്‍, പാദം എന്നിവ തൊഴാന്‍ മൂന്നു വാതിലുകളുണ്ട്. ഇവയില്‍ ആദ്യത്തെ നടയിലെ വാതിലിന്റെ പഴയ സ്വര്‍ണം മാറ്റി പുതിയ സ്വര്‍ണത്തകിട് ചേര്‍ക്കുന്ന ജോലി നടക്കുകയാണ്. ഇതിനായി സുരക്ഷാമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം പുറത്തെടുത്തിരുന്നു. ബുധനാഴ്ചയാണ് അവസാനദിവസം ജോലി നടന്നത്. ഇതിനുശേഷം സ്വര്‍ണം മുറിയിലേക്കു മാറ്റിയിരുന്നുവെന്നാണ് സൂചന. ശനിയാഴ്ച രാവിലെ ജോലി തുടരാനായി സ്വര്‍ണം തൂക്കിനോക്കി കണക്കെടുത്തപ്പോഴാണ് ദണ്ഡ് ഇല്ലെന്ന് തിരിച്ചറിഞ്ഞത്. ഉടനെ തന്നെ പോലീസിനെ അറിയിച്ചു. സ്വര്‍ണത്തകിട് വിളക്കിച്ചേര്‍ക്കാനുള്ള കാഡ്മിയം ചേര്‍ന്നതാണ് കാണാതായ സ്വര്‍ണദണ്ഡ്.

ക്ഷേത്രത്തിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷാവിഭാഗം പോലീസിന്റെയും സാന്നിധ്യത്തിലാണ് ദിവസവും സ്വര്‍ണം പുറത്തെടുത്തിരുന്നത്. ശ്രീകോവിലിനു മുന്നിലെ ഒറ്റക്കല്‍മണ്ഡപത്തില്‍ െവച്ചാണ് വാതിലിന്റെ ജോലികള്‍ നടത്തിയിരുന്നത്. നിര്‍മാണം നടക്കുന്ന സ്ഥലമുള്‍പ്പെടെ ക്ഷേത്രപരിസരത്ത് സിസിടിവി ക്യാമറകളുണ്ട്. രാവിലെ പുറത്തെടുക്കുന്ന സ്വര്‍ണം ഉപയോഗത്തിനുശേഷം അളന്ന് രേഖപ്പെടുത്തി സുരക്ഷാമുറിയിലേക്കു മാറ്റിയിരുന്നതായി എക്സിക്യുട്ടീവ് ഓഫീസര്‍ ബി. മഹേഷ് അറിയിച്ചു. ഈ നിലയില്‍ ആരും സ്വര്‍ണദണ്ഡ് എടുത്തതായി സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷാമുറി ഇരുള്‍ നിറഞ്ഞതാണ്. ദണ്ഡ് താഴെവീണതാണോയെന്ന സംശയവും ഉണ്ട്. എന്നാല്‍ ദണ്ഡ് കണ്ടെത്താനായില്ലെന്നതാണ് വസ്തുത.

സ്വര്‍ണം സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിനുള്ളിലെ പെട്ടിയുടെ താക്കോലും അകത്ത് ഒരു വാതിലിന്റെ താക്കോലും ജീവനക്കാരുടെ കൈവശവും സ്ട്രോംഗ് റൂം പുറമേ നിന്ന് പൂട്ടുന്ന താക്കോല്‍ പൊലീസിന്റെ കൈവശവുമാണ് സൂക്ഷിക്കുന്നത്. ക്ഷേത്രപരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ക്ഷേത്രം അധികൃതര്‍ നല്‍കിയ പരാതിയില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തു. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയതായാണ് പരാതി. ഇതോടെ ക്ഷേത്രത്തിന് പഴുതടച്ച സുരക്ഷയുണ്ടെന്നത് വെറും വീമ്പു പറച്ചിലായി മാറുകായണ്. കുറച്ചു കാലം മുമ്പും ക്ഷേത്രത്തിന് മുന്നില്‍ നിന്നാണ് പൂജാ പാത്രങ്ങള്‍ മോഷണം പോയത്.

Similar News