പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായി; തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ആക്രമിക്കില്ലെന്നായിരുന്നു ഇവിടുത്തെ പൊതുവെയുള്ള വിശ്വാസം; ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍
പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായി
ജമ്മു: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി സമ്മതിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ആക്രമണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ലഫ്. ഗവര്‍ണര്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മനോജ് സിന്‍ഹയുടെ പ്രതികരണം.
'പഹല്‍ഗാമില്‍ നടന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. നിഷ്‌കളങ്കരായ മനുഷ്യര്‍ ക്രൂരമായി കൊല്ലപ്പെട്ടു. നടന്നത് സുരക്ഷാവീഴ്ചയാണ്. എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ആക്രമിക്കില്ലെന്നായിരുന്നു ഇവിടുത്തെ പൊതുവെയുള്ള വിശ്വാസം. ആക്രമണം നടന്ന സ്ഥലം തുറസായ ഒരു മൈതാനമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നില്‍ക്കാനുള്ള മുറിയോ സൗകര്യമോ അവിടെയില്ല', എന്നായിരുന്നു മനോജ് സിന്‍ഹയുടെ പ്രതികരണം.
കഴിഞ്ഞ മാസം ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നല്‍കിയ പേര്.
ബഹവല്‍പൂര്‍, മുരിഡ്കെ അടക്കമുള്ള ഒന്‍പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തിരുന്നു. നൂറിലധികം ഭീകരരെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരില്‍ വധിച്ചത്. ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് തുടങ്ങിയ ഭീകരരും ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിരുന്നു. ഒടുവില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലൂടെ ആക്രമണ-പ്രത്യാക്രമണങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.
അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് ഭീകരരെ സഹായിച്ച രണ്ട് പേരെ മൂന്നാഴ്ച്ച മുമ്പ് എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു. പഹല്‍ഗാമിലെ ബട്കോട് സ്വദേശി പര്‍വേയ്സ് അഹ്‌മദ് ജോദാര്‍, പഹല്‍ഗാമിലെ ഹില്‍ പാര്‍ക്കില്‍ നിന്നുള്ള ബഷീര്‍ അഹ്‌മദ് ജോദാര്‍ എന്നിവരാണ് അറസ്റ്റിലായത്. പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ക്ക് ഇവര്‍ സഹായം ചെയ്തെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.
ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ വിവരങ്ങള്‍ ഇരുവരും എന്‍ഐഎയ്ക്ക് നല്‍കിയിട്ടുണ്ട്. പാക് പൗരന്മാരായ മൂന്ന് ലഷ്‌കറെ ത്വയിബ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഇരുവരും വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് മുമ്പ് ഒരു കുടിലിലാണ് മൂന്ന് ഭീകരരും കഴിഞ്ഞത്. പഹല്‍ഗാം വിനോദസഞ്ചാര കേന്ദ്രത്തിനോട് തൊട്ടടുത്തായിരുന്നു ഇതെന്നും പ്രതികള്‍ പറഞ്ഞു. ഭക്ഷണം, താമസ സൗകര്യം, മറ്റ് സൗകര്യങ്ങളും ഇരുവരും ചേര്‍ന്ന് ഭീകരര്‍ക്ക് നല്‍കി. നേരത്തെ ഷോപിയാന്‍, കുല്‍ഗാം, പുല്‍വാമ, കുപ്വാര തുടങ്ങി 32 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.