സിന്ധുവിലേയും ഝലത്തിലേയും ചെനാബിലേയും നിലവിലുള്ള അണക്കെട്ടുകളിലെ മണ്ണ് നീക്കം ചെയ്യം; ജലസംഭരണി ശേഷി വര്‍ദ്ധിപ്പിക്കുന്നത് ഹ്രസ്വകാല ഇടപെടല്‍; ദീര്‍ഘകാല പദ്ധതിയില്‍ ഉള്ളത് പുതിയ ഡാമുകള്‍; ഇനി രക്തവും ജലവും ഒരുമിച്ചൊഴുകില്ല; പാക്കിസ്ഥാന്റെ വളര്‍ച്ചാ നിരക്ക് ഇനിയും കൂപ്പുകുത്തും; ആണവ ഭീഷണിക്ക് പിന്നിലെ 'ഭയം' പുറത്ത്
ന്യൂഡല്‍ഹി: സാര്‍ക് രാജ്യങ്ങളില്‍ ഏറ്റവും ദയനീയാവസ്ഥയിലാണ് പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ. ഐഎംഎഫ് പാക്കിസ്ഥാന്റെ വളര്‍ച്ചാനിരക്ക് മൂന്ന് ശതമാനത്തില്‍ നിന്ന് 2.5 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. രാജ്യത്ത് വിലക്കയറ്റം പിടിവിട്ട അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. തീവ്രവാദത്തിനുള്ള സാമ്പത്തിക സഹായം നിഷേധിക്കാനാകാത്തതിനാല്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാക്കിസ്ഥാനെ അഞ്ചുവര്‍ഷത്തോളം ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതും വിദേശ സാമ്പത്തിക സഹായം നേടുന്നതിന് വലിയ തടസമായിരുന്നു. പാക്കിസ്ഥാന്റെ മൊത്തം കടം അതിന്റെ ജിഡിപിയുടെ 70% കവിഞ്ഞു. 2025 സാമ്പത്തിക വര്‍ഷത്തില്‍ പാകിസ്ഥാന്‍ തിരിച്ചടയ്‌ക്കേണ്ടത് 22 ബില്യണ്‍ ഡോളറിന്റെ വിദേശ കടങ്ങളാണ്. അതില്‍ ഏകദേശം 13 ബില്യണ്‍ ഡോളറിന്റെ കടം സൗദി അറേബ്യ, ചൈന മുതലായവ രാജ്യങ്ങള്‍ക്ക് കൊടുക്കേണ്ടതാണ്.
സിന്ധുനദി ജലകരാറില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതോടെ പാക്കിസ്ഥാന്‍ കാര്‍ഷികമേഖ തകരും. പാക് ജിഡിപിയുടെ വലിയൊരു പങ്ക് കാര്‍ഷികരംഗത്തിന്റെ സംഭാവനയാണ്. ഭാവിയില്‍ നദീജലത്തിന്റെ ലഭ്യത ഇന്ത്യ കുറച്ചാല്‍ പാക്കിസ്ഥാനിലെ കൃഷിയിടങ്ങള്‍ തളരും. അത് വലിയൊരു തകര്‍ച്ചയിലേക്കാകും പാക്കിസ്ഥാനെ നയിക്കുക. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ അത് താങ്ങാന്‍ പാക്കിസ്ഥാനാകില്ല. അതുകൊണ്ടാണ് ആണവ ഭീഷണി അടക്കമുയര്‍ത്തി ഇന്ത്യയെ ഭയപ്പെടുത്താനുള്ള പാക്കിസ്ഥാന്‍ ശ്രമം. വിദേശനാണ്യ ശേഖരം ഏറ്റവും താഴ്ന്ന നിലയിലാണെന്നതും പാക്കിസ്ഥാനെ തളര്‍ത്തുന്നുണ്ട്. ഇന്ത്യയ്ക്ക് പുറമേ അഫ്ഗാനിസ്ഥാനും ഇറാനും പാകിസ്ഥാനുമായി നല്ല ബന്ധത്തില്‍ അല്ല. ബലൂചിസ്ഥാന്‍ പ്രശ്‌നവും പുകയുന്നു. ഇതെല്ലാം പാക്കിസ്ഥാനെ വിറളി പിടിപ്പിക്കുന്നുണ്ട്. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിന് പിന്നാലെ, നദിയുടെ പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടയാന്‍ നിരവധി ആശയങ്ങളും പദ്ധതികളുമുണ്ടെന്ന് ഇന്ത്യ വിശദീകരിച്ചു കഴിഞ്ഞു. ഇത് പാക്കിസ്ഥാനെ വലിയ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇന്ത്യയുടെ അടുത്ത നടപടികള്‍ക്കായുള്ള വിശദമായ പദ്ധതി അമിത് ഷായുടെ വസതിയില്‍ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തതായും ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന്റെ നടപ്പാക്കല്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വെള്ളം തടയാന്‍ നിരവധി ദീര്‍ഘകാല പദ്ധതികള്‍ പരിഗണനയിലുണ്ട്. പക്ഷേ ഉടനടിയും ഭാവിയിലേക്കും നടപ്പാക്കാന്‍ കഴിയുന്ന പദ്ധതിക്കാണ് മുന്‍ഗണനയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി പ്രകാരം, സിന്ധുനദീജല സംവിധാനത്തിലെ മൂന്ന് കിഴക്കന്‍ നദികളായ രവി, ബിയാസ്, സത്ലജ് എന്നിവയുടെ പൂര്‍ണ അവകാശം ഇന്ത്യയ്ക്കാണ്. അതേസമയം മൂന്ന് പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയില്‍ നിന്ന് ഏകദേശം 135 ദശലക്ഷം ഏക്കര്‍ അടി (എംഎഎഫ്) വെള്ളം പാക്കിസ്ഥാന് ലഭിക്കുന്നു. ഇവയെല്ലാം ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളാണ്. സിന്ധു, ഝലം, ചെനാബ് എന്നീ നദികളിലെ നിലവിലുള്ള അണക്കെട്ടുകളിലെ മണ്ണ് നീക്കം ചെയ്യുന്നതിനും ജലസംഭരണി ശേഷി വര്‍ദ്ധിപ്പിക്കുന്നതുമാണ് ഹ്രസ്വകാലത്തേക്ക് പരിഗണനയിലുള്ള മാര്‍ഗങ്ങള്‍. ഇതെല്ലാം പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കും. ഝലം നദിയുടെ ഒരു പോഷകനദിയിലെ കിഷെന്‍ഗംഗ, ചെനാബിന്റെ ഒരു പോഷകനദിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് ജലവൈദ്യുത പദ്ധതികളെ പാക്കിസ്ഥാന്‍ എതിര്‍ത്തുവരികയാണ്.
കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിലൂടെ പാക്കിസ്ഥാന്റെ എതിര്‍പ്പുകള്‍ അവഗണിക്കാന്‍ കഴിയുന്ന സാഹചര്യവും ഉണ്ടാകും. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഈ നദികളില്‍ പുതിയ അണക്കെട്ടുകളും അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കുന്നതും പരിഗണനയിലുണ്ട്. സിന്ധു നദീജലകരാര്‍ മരവിപ്പിച്ചത് അറിയിച്ച് പാകിസ്ഥാന് നയതന്ത്ര കുറിപ്പ് നല്‍കി ഇന്ത്യ അതിവേഗ നടപടികളിലേക്ക് കടന്നിട്ടുണ്ട്. ലോകബാങ്ക് ഇടപെട്ടുള്ള തര്‍ക്കപരിഹാര ചര്‍ച്ചകളില്‍ നിന്നും ഇന്ത്യ പിന്‍മാറിയേക്കും. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടി. സിന്ധു നദിയിലെ രണ്ട് ജലവൈദ്യുത പദ്ധതികളില്‍ പാകിസ്ഥാന്റെ പരാതിയില്‍ ലോകബാങ്ക് ഇടപെട്ടിരുന്നു. ഇനി ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന് നല്‍കില്ലെന്ന് നിലപാടാണ് ഇന്ത്യയുടേത്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിലെ തുടര്‍നീക്കങ്ങളും അമിത്ഷായുടെ നേതൃത്വത്തില്‍ വിലയിരുത്തിയിരുന്നു. പആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജല്‍ ശക്തി മന്ത്രി സിആര്‍ പാട്ടീല്‍ നിലപാട് കടുപ്പിച്ചത്. ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാനിലേക്ക് പോകില്ലെന്നും അതിനായി സര്‍ക്കാര്‍ ഹ്രസ്വ, ദീര്‍ഘ കാല പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
ഭീകരരെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് രംഗത്തു വന്നതിനെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നുണ്ട് എന്ന് മന്ത്രി പ്രതികരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുഎസും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ ഭീകരര്‍ക്ക് സഹായം ചെയ്തതെന്ന് ആസിഫ് ന്യായീകരിച്ചു. എന്നാല്‍ അതൊരു വലിയ തെറ്റായിരുന്നു. പാക്കിസ്ഥാന്‍ ഇപ്പോള്‍ അതിന്റെ പരിണിതഫലങ്ങള്‍ നേരിടുകയാണ്. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 2001 സെപ്റ്റംബര്‍ 11ല്‍ യുഎസില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷമുണ്ടായ യുദ്ധത്തിലും യുഎസിനൊപ്പം പങ്കുചേര്‍ന്നിരുന്നില്ലായിരുന്നുവെങ്കില്‍ പാക്കിസ്ഥാന് മികച്ച പ്രതിച്ഛായ ഉണ്ടാകുമായിരുന്നെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. പാക് പിന്തുണയോടെയാണ് ഭീകരര്‍ ആക്രമണം നടത്തുന്നതെന്ന് ഇന്ത്യ നിരന്തരം ആരോപിക്കുന്നതിനിടെയാണ് പാക് മന്ത്രിയുടെ വെളിപ്പെടുത്തല്‍.