ഒരു പെണ്‍കുട്ടി മത്സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങള്‍; വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം; രാഷ്ട്രീയം കളിക്കരുത്; സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്; വൈഷ്ണയുടെ അപ്പീലില്‍ രണ്ടുദിവസത്തിനകം കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി; മുട്ടടയില്‍ കോണ്‍ഗ്രസിന് വീണ്ടും പ്രതീക്ഷ

ഒരു പെണ്‍കുട്ടി മത്സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങള്‍

Update: 2025-11-17 09:33 GMT

കൊച്ചി: മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചെന്നും രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി ചോദിച്ചു.

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്. ഒരു പെണ്‍കുട്ടി മല്‍സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങളെന്നും കോടതി ചോദിച്ചു.

വിഷയത്തില്‍ വൈഷ്ണ നല്‍കിയ അപ്പീലില്‍ 19-നകം ജില്ലാ കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചു. രണ്ടുദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ ഹൈക്കോടതി ഇടപെടുമെന്നും മറ്റ് നടപടികളെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 24 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ സാങ്കേതികാരണങ്ങളുടെ പേരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. വെറും രാഷ്ട്രീയം കളിക്കരുത്. വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമാണ് വോട്ടര്‍പട്ടികയില്‍നിന്ന് പേര് വെട്ടിപോകുന്നത്. ഇത് ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സ്ഥിരതാമസമുള്ള വിലാസത്തിലല്ല വൈഷ്ണയുടെ വോട്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം പരാതി നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നും കാണിച്ചായിരുന്നു സിപിഎം പരാതി. തുടര്‍ന്ന് വൈഷ്ണയെ ഹിയറിങ്ങിന് വിളിച്ചിരുന്നു. പിന്നാലെയാണ് വോട്ട് തള്ളിയത്. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. സിപിഎം പരാതി അംഗീകരിച്ച് വൈഷ്ണയുടെ വോട്ട് നീക്കുകയായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ കോടതി വിധിക്കുമുമ്പ് തന്നെ പ്രചരണം തുടരാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കപ്പെട്ടാല്‍ ഡമ്മി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും കോണ്‍ഗ്രസ് തയാറെടുത്തിരുന്നു. അപ്പീല്‍ തള്ളിയാല്‍, നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാനദിനം പകരം സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കാനായിരുന്നു നീക്കം.

അതേസമയം, വൈഷ്ണക്കെതിരേ പരാതി നല്‍കിയ ധനേഷ് കുമാറിന്റെ മേല്‍വിലാസത്തിലും ക്രമക്കേടുണ്ടെന്ന പരാതിയുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട രേഖയില്‍ സിപിഎം മുട്ടട ബ്രാഞ്ച് അംഗമായ ധനേഷ് കുമാറിന്റെ വീട്ടുനമ്പരില്‍ താമസിക്കുന്നത് 22 പേരാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍, താന്‍ അനധികൃതമായി വോട്ടൊന്നും ചേര്‍ത്തിട്ടില്ലെന്നും ഒരു നമ്പരില്‍ 22 പേരുകളില്‍ വീടുകളുണ്ടായത് സാങ്കേതികത്തകരാര്‍ മാത്രമാണെന്നും ധനേഷ് കുമാര്‍ പ്രതികരിച്ചു.

ഹൈക്കോടതിയുടെ ഇടപെടലോടെ കോണ്‍ഗ്രസിന് വൈഷ്ണയെ തന്നെ സ്ഥാനാര്‍ഥിയാക്കാമെന്ന പ്രതീക്ഷ ഉടലെടുത്തിട്ടുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ഡില്‍ സജീവമായിരുന്ന സ്ഥാനാര്‍ഥിയായിരുന്നു വൈഷ്ണ. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ മാനസികമായി തന്നെ തളര്‍ത്തിയെന്ന് വൈഷ്ണ പ്രതികരിച്ചിരുന്നു.

'നിലവില്‍ പ്രചാരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. മത്സരിക്കാന്‍ വേണ്ടി ഞാന്‍ ജോലി രാജിവെച്ചിരുന്നു. നിയമപരമായി മുന്നോട്ട് പോകാമെന്നാണ് നേതൃത്വം പറയുന്നത്. രാഷ്ട്രീയപരമായ പ്രശ്നം തന്നെയാണിത്. മാനസികമായി തളര്‍ന്നതിന്റ ബുദ്ധിമുട്ടുണ്ട്. പ്രചരണവുമായി ഒരുപാട് മുന്നോട്ട് പോകുമ്പോള്‍ ഉണ്ടായ ഈ വിഷയം വ്യക്തിപരമായി ഒരുപാട് ബാധിച്ചു. പാര്‍ട്ടിയാണ് ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്', വൈഷ്ണ പറഞ്ഞു.

Tags:    

Similar News