ഏറ്റുകുടുക്കയില്‍ ഒരു പ്രശ്നവുമില്ല; ബിഎല്‍ഒയുടെ മരണത്തില്‍ പ്രാദേശിക ഭീഷണി ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നായിരിക്കും; കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നു; 'മാനസിക സംഘര്‍ഷം കൊണ്ട് പലരും ആത്മഹത്യ ചെയ്യുകയാണ്; പലരും തലകറങ്ങി വീഴുകയാണ്'; ആരോപണങ്ങള്‍ തള്ളി ഇ പി ജയരാജന്‍

ഏറ്റുകുടുക്കയില്‍ ഒരു പ്രശ്നവുമില്ല; ഇ പി ജയരാജന്‍

Update: 2025-11-17 10:24 GMT

കണ്ണൂര്‍: ബിഎല്‍ഒയുടെ മരണത്തില്‍ പ്രാദേശിക ഭീഷണി ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നായിരിക്കുമെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. എസ് ഐ ആര്‍ പ്രവര്‍ത്തനങ്ങള്‍ മാറ്റി വയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്. ജീവനക്കാരന് താങ്ങാന്‍ കഴിയാത്ത ഭാരം അടിച്ചേല്‍പ്പിച്ച്, വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു. മാനസിക സംഘര്‍ഷം കൊണ്ട് പലരും ആത്മഹത്യ ചെയ്യുകയാണ്. പലരും തലകറങ്ങി വീഴുകയാണെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ മാത്രമല്ല, രാജസ്ഥാനില്‍ പോലും ഒരാള്‍ ആത്മഹത്യ ചെയ്തു. സിപിഎം ശക്തികേന്ദ്രമായ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒയ്ക്ക് നേരെ ഭീഷണി ഉണ്ടായിരുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണം ജയരാജന്‍ തള്ളി. ഏറ്റുകുടുക്കയില്‍ അങ്ങനെ ഒന്നുണ്ടാകില്ല. കോണ്‍ഗ്രസുകാര്‍ അങ്ങനെയൊക്കെ പറയുമായിരിക്കും. അതല്ലാതെ ഏറ്റുകുടുക്കയില്‍ ഒരു പ്രശ്നവുമില്ല. ബിഎല്‍ഒമാരോടൊപ്പം എല്ലാ പാര്‍ട്ടിക്കാരും പോകുന്നില്ലേയെന്ന് ഇ പി ജയരാജന്‍ ചോദിച്ചു.

കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുകയാണ്. ഇത്രമാത്രം അസംബന്ധം പ്രചരിപ്പിക്കാന്‍ പരിശീലനം നേടിയ പാര്‍ട്ടി വേറെയുണ്ടോയെന്ന് ജയരാജന്‍ ചോദിച്ചു. ജോലിയുടെ ഭാരം സഹിക്കാന്‍ കഴിയുന്നില്ലെന്ന് മരിച്ച ജീവനക്കാരന്റെ പിതാവും സഹോദരങ്ങളുമെല്ലാം പറഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഇടപെടല്‍ ഇല്ലെന്ന് കുടുംബം പറയുന്നു. ഏതെങ്കിലും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറയുന്ന നിലവാരമില്ലാത്ത കാര്യം ഏറ്റെടുത്ത് വാര്‍ത്ത കൊടുക്കുകയാണോ മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും ജയരാജന്‍ ചോദിച്ചു.

കലക്ടര്‍ അദ്ദേഹത്തിന്റെ ജോലി നിര്‍വഹിക്കുമായിരിക്കും. നിലവാരമില്ലാത്ത കോണ്‍ഗ്രസ് ആരോപണം മാധ്യമങ്ങള്‍ ഏറ്റുപിടിക്കുന്നതെന്തിനാണ്. തിരുവനന്തപുരത്ത് നിന്ന് വി ഡി സതീശന്‍ ഒരു അര്‍ത്ഥവുമില്ലാതെ സംസാരിക്കുന്നു. ഇവിടത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതു കേട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. അല്ലാതെ ഇവിടെ വന്നിട്ടാണോ പറയുന്നത്. തിരുവനന്തപുരത്ത് കുത്തിയിരുന്നാല്‍ സതീശന് കാര്യം അറിയാനാകുമോയെന്നും ഇപി ജയരാജന്‍ ചോദിച്ചു.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്‌ഐആര്‍)വുമായി ബന്ധപ്പെട്ട് ബൂത്ത് ലെവല്‍ ഓഫീസറായി ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയോഗിച്ചതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. തീവ്രപരിശീലനം നല്‍കിയിരുന്നുവെന്ന് അവകാശപ്പെടുമ്പോഴും പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യുന്നതടക്കം ഒട്ടേറെ സങ്കീര്‍ണതകളുള്ള വോട്ടര്‍ പട്ടിക പരിഷ്‌കരണ ജോലികള്‍ താരതമ്യേന ഇത്തരം ക്ലറിക്കല്‍ ജോലികളില്‍ പരിചയക്കുറവുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയോഗിക്കുമ്പോള്‍ ജോലിയില്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നുവെന്നാണ് ആക്ഷേപം.

കഴിഞ്ഞ ദിവസം ബിഎല്‍ഒ അനീഷ് വീടിനുള്ളില്‍ ജീവനൊടുക്കിയതോടെയാണ് ബിഎല്‍ഒമാരുടെ ജോലി സമ്മര്‍ദ്ദം ചര്‍ച്ചയായത്. പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജിനെയാണ് ഇന്ന് രാവിലെ വീടിന്റെ മുകള്‍ നിലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.

എന്നാല്‍ ബിഎല്‍ഒ ജീവനൊടുക്കിയ സംഭവത്തിന് എസ്‌ഐആറുമായി ബന്ധമില്ലെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടാണ് ജില്ലാ കളക്ടര്‍ നല്‍കിയത്. പൊലീസ് അന്വേഷണത്തിലെ വിവരങ്ങളാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. കൂടുതല്‍ അന്വേഷണം തുടരുമെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പയ്യന്നൂര്‍ മണ്ഡലം പതിനെന്നാം ബൂത്തിലെ ഓഫീസറായിരുന്ന അനീഷ് ജോര്‍ജിനെ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം. ജോലി സമ്മര്‍ദം മൂലം അനീഷ് ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം മുതല്‍ പുറത്തുവന്ന വിവരം.

അനീഷ് ജോര്‍ജിന് ജോലി സമ്മര്‍ദ്ദം തീരെ ഉണ്ടായിരുന്നില്ലെന്ന് കളക്ടറടക്കം വ്യക്തമാക്കുമ്പോഴും വീട്ടുകാര്‍ ഈ വാദം തള്ളുകയാണ്. ആത്മഹത്യ ചെയ്ത ബിഎല്‍ഒ അനീഷിന് ജോലി സമ്മര്‍ദ്ദം ഇല്ലായിരുന്നെന്നും എല്ലാ ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുന്ന ആളായിരുന്നു അദ്ദേഹം എന്നുമാണ് കളക്ടര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഈ വാദം വീട്ടുകാര്‍ തള്ളി. തീവ്ര വോട്ടര്‍പട്ടിക പുതുക്കലുമായി (എസ്ഐആര്‍) ബന്ധപ്പെട്ട് അനീഷിന് ജോലി സമ്മര്‍ദ്ദം ഉണ്ടായെന്ന് സഹോദരീ ഭര്‍ത്താവ് ഷൈജു പറഞ്ഞു.

'സമയബന്ധിതമായി ജോലി തീര്‍ക്കാനാകുമോ എന്ന സംശയം അനീഷിനുണ്ടായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ട്. സമ്മര്‍ദ്ദം ഉണ്ടെന്ന് വീട്ടില്‍ വന്ന് പറഞ്ഞിരുന്നു. വളരെ കുറച്ച് ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. സുഖമില്ലാത്ത കുട്ടിയെ ആശുപത്രിയില്‍ പോലും കൊണ്ടുപോകാനായിരുന്നില്ല. മൂന്ന് നാല് ദിവസങ്ങളായി ഉറക്കമുണ്ടായിരുന്നില്ല.' ഷൈജു പറയുന്നു. ഇന്നലെ നൂറു ശതമാനം വിതരണം പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. മണിക്കൂര്‍ ഇടവിട്ട് തഹസില്‍ദാറും കളക്ടറേറ്റ് അധികൃതരുമടക്കം ഫോണില്‍ വിളിച്ച് പുരോഗതി തിരക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തതായി ജീവനക്കാര്‍ പറയുന്നു.

അംഗന്‍വാടി അധ്യാപകരെ ബി. എല്‍ ഒ മാരായി മാറ്റിയതിന്റെ ഭാഗമായാണ് ആലപ്പടമ്പ് കുന്നരു യു.പി സ്‌കുളിലെ ഓഫീസ് അറ്റന്‍ഡറായ അനീഷിനെ ചുമതലയേല്‍പ്പിച്ചത്. ഇദ്ദേഹത്തിന് കഴിഞ്ഞ ഒക്ടോബര്‍ നാലിന് ഇതു സംബന്ധിച്ച തീവ്ര പരിശീലനം നല്‍കിയിരുന്നു. ആകെ 1065 എന്യുമറേഷന്‍ ഫോമാണ് അനീഷിന് വിതരണം ചെയ്യാന്‍ നല്‍കിയിരുന്നത്. ഇതില്‍ 825 എണ്ണം വിതരണം ചെയ്തു. 240ഫോമുകളാണ് ശേഷിച്ചിരുന്നത്. ബാക്കിയുള്ള ഫോമുകള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും പോര്‍ട്ടലില്‍ അപ്‌ഡേറ്റ് കിട്ടാത്തതിനാല്‍ അന്‍പതു ഫോമുകള്‍ മാത്രമേ ബാക്കിയുള്ളുവെന്ന് ബി. എല്‍. ഒ. ഔദ്യോഗികമായി മേല്‍ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയാത്തതും അനീഷിന് വെല്ലുവിളിയായി. അനീഷ് ഈ വര്‍ഷമാണ് പുതുതായി ബിഎല്‍ഒ ആയി ചുമതലയേറ്റത്.

Tags:    

Similar News