സൗദി സേനയ്ക്ക് പാകിസ്ഥാന്‍ പരിശീലനം നല്‍കുന്നുണ്ട്; പാക്ക് ആണവായുധങ്ങള്‍ സൗദിയുടെ ഉപയോഗത്തിന് ലഭ്യമാക്കും; നാറ്റോ കരാറിലെ ആര്‍ട്ടിക്കിള്‍ 5 'കൂട്ടായ പ്രതിരോധം' എന്നതിന് സമാനം; ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചാല്‍ പാകിസ്ഥാനൊപ്പം സൗദി പ്രതിരോധിക്കും; അവകാശവാദങ്ങളുമായി പാക് പ്രതിരോധ മന്ത്രി

അവകാശവാദങ്ങളുമായി പാക് പ്രതിരോധ മന്ത്രി

Update: 2025-09-20 07:06 GMT

ന്യൂഡല്‍ഹി: പാകിസ്ഥാനും സൗദി അറേബ്യയും തമ്മില്‍ ബുധനാഴ്ച ഒപ്പുവച്ച പ്രതിരോധ കരാറില്‍ അവകാശവാദങ്ങളുമായി പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചാല്‍ പാകിസ്ഥാനൊപ്പം സൗദി അറേബ്യ പ്രതിരോധിക്കുമെന്നാണ് പാക് പ്രതിരോധ മന്ത്രിയുടെ അവകാശവാദം. ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനും സൗദിയും തമ്മില്‍ ഒപ്പുവെച്ച തന്ത്രപ്രധാന കരാര്‍ സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നാറ്റോ കരാറിലെ ആര്‍ട്ടിക്കിള്‍ 5 'കൂട്ടായ പ്രതിരോധം' എന്നതിന് സമാനമാണ് പാകിസ്ഥാനും സൗദി അറേബ്യയും തമ്മില്‍ ഒപ്പിട്ട കരാര്‍. അതില്‍ അംഗ രാജ്യത്തിനെതിരായ ആക്രമണം എല്ലാ രാജ്യങ്ങള്‍ക്കും എതിരായ ആക്രമണമാണെന്ന് അടിസ്ഥാനപരമായി അര്‍ത്ഥമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര പ്രതിരോധ കരാറില്‍ മറ്റ് അറബ് രാജ്യങ്ങളുടെ പ്രവേശനം തള്ളിക്കളയാനാവില്ലെന്നും ഖ്വാജ ആസിഫ് അവകാശപ്പെട്ടു. ആര്‍ക്ക് മുന്നിലും വാതിലുകള്‍ അടിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ അറബ് രാജ്യങ്ങള്‍ക്ക് പ്രതിരോധ കരാറിന്റെ ഭാഗമാകാന്‍ കഴിയുമോ എന്ന ചോദ്യത്തിന് തനിക്ക് ഇപ്പോള്‍ അതിന് ഉത്തരം നല്‍കാന്‍ കഴിയില്ലെന്നും എന്നാല്‍ ഉറപ്പായും വാതിലുകള്‍ അടച്ചിട്ടില്ലെന്നുമായിരുന്നു പാക് പ്രതിരോധ മന്ത്രിയുടെ പ്രതികരണം. നാറ്റോ പോലെയുള്ള ക്രമീകരണത്തിനാണ് താന്‍ ആഹ്വാനം ചെയ്യുന്നതെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പ്രവേശനം ഒഴിവാക്കുന്ന ഒരു വ്യവസ്ഥയും കരാറില്‍ ഇല്ല. പാകിസ്ഥാന് മറ്റാരുമായും സമാനമായ കരാറില്‍ ഒപ്പിടാന്‍ കഴിയില്ലെന്ന വ്യവസ്ഥയും കരാറില്‍ ഇല്ല. കുറച്ചുനാളുകളായി സൗദി സേനയ്ക്ക് പാകിസ്ഥാന്‍ പരിശീലനം നല്‍കുന്നുണ്ട്. അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങള്‍ അതിന്റെയെല്ലാം ഔപചാരികമായ ഒരു വിപുലീകരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചാല്‍ പാകിസ്ഥാനൊപ്പം സൗദി അറേബ്യ പ്രതിരോധിക്കും. കരാര്‍ അനുസരിച്ച് ഇരു രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെതിരായ ഏത് ആക്രമണവും ഇരു രാജ്യങ്ങള്‍ക്കും എതിരായ ആക്രമണമായി കണക്കാക്കും. കരാര്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, അംഗ രാജ്യത്തിന് ഭീഷണിയുണ്ടെങ്കില്‍, തീര്‍ച്ചയായും ഈ ക്രമീകരണം പ്രാബല്യത്തില്‍ വരുമെന്നും പാകിസ്ഥാന്റെ ആണവായുധങ്ങള്‍ സൗദി അറേബ്യയ്ക്കും ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദ്വികക്ഷി കരാറില്‍ ഏതെങ്കിലും രാജ്യത്തിനെതിരായ ഏതൊരു ആക്രമണവും ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നാണ് പറയുന്നത്. അറബ് രാഷ്ട്രങ്ങളുടെ സഖ്യവും സാമ്പത്തിക പിന്തുണയും ഇന്ത്യയെ ആക്രമിക്കാനുള്ള സഹായവുമാണ് കരാറിലൂടെ പാകിസ്ഥാന്റെ നേട്ടം. വിശാലമായ അറബ് സഖ്യത്തിനുള്ള വാതിലുകള്‍ അടച്ചിട്ടില്ലെന്നും എല്ലാ രാജ്യങ്ങളുടെയും ജനങ്ങളുടെയും, പ്രത്യേകിച്ച് മുസ്ലീം ജനതയുടെയും മൗലികാവകാശം സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പാകിസ്ഥാനും സൗദി അറേബ്യയും തമ്മില്‍ പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ടത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ റിയാദ് സന്ദര്‍ശന വേളയിലാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പരസ്പര പ്രതിരോധ കരാറില്‍ ഒപ്പുവെച്ചത്. പാകിസ്ഥാന്‍ - സൗദി കരാറിനെ കുറിച്ച് ഇന്ത്യ പ്രതികരിച്ചിരുന്നു. മേഖലയുടെ സ്ഥിരതയ്ക്കും രാജ്യ സുരക്ഷയ്ക്കും കരാര്‍ എന്ത് പ്രത്യാഘാതം ഉണ്ടാക്കും എന്നത് പഠിക്കുമെന്നും ഏറെ നാളായി ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നത് അറിയാമായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ ദേശീയ താല്പര്യവും എല്ലാ മേഖലയിലെയും സമഗ്ര സുരക്ഷയും ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News