'ഷെഹബാസ് ഷെരീഫ് ഒരു ഭീരു; ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേര് പറയാന്‍ പോലും ഭയം; നമ്മള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്; നിങ്ങള്‍ക്ക് വിദേശത്ത് വീടുണ്ട്; ഞങ്ങളാണ് ഇവിടെ കഴിയേണ്ടത്'; പാക്കിസ്ഥാന്‍ സര്‍ക്കാരിനും സൈന്യത്തിനുമെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് പാക്ക് എം.പി
'ഷെഹബാസ് ഷെരീഫ് ഒരു ഭീരു; ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേര് പറയാന്‍ പോലും ഭയം'
ഇസ്‌ലാമാബാദ്: ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ പാകിസ്ഥാനില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാകുന്നു. പാക്കിസ്ഥാന്‍ സര്‍ക്കാറിനും സൈന്യത്തിനുമെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് പാക്കിസ്ഥാന്‍ എം.പി. രംഗത്ത് വന്നു. പാക്ക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫിന്റെ ദക്ഷിണ മേഖല ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രസിഡന്റും എം.പിയുമായ ഷാഹിദ് അഹമ്മദാണ് വെള്ളിയാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ തുറന്നടിച്ചത്.
'നിങ്ങള്‍ക്ക് യൂറോപ്പിലും അമേരിക്കയിലും സ്വത്തുണ്ട്, വീടുകളുണ്ട്. ഞങ്ങളാണ് ഇവിടെ കഴിയേണ്ടത്. ഞങ്ങള്‍ സാധാരണക്കാര്‍ എങ്ങോട്ട് പോകും' -അദ്ദേഹം ചോദിച്ചു. ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പ്രസ്താവന നടത്താന്‍ പോലും കഴിയാത്ത ഭീരുവാണ് ഷഹബാസ് ശരീഫെന്നും ഷാഹിദ് ആരോപിച്ചു. 'ഇന്ത്യക്കെതിരെ ഒരു പ്രസ്താവന പോലും വന്നിട്ടില്ല. അതിര്‍ത്തിയില്‍ നില്‍ക്കുന്ന പാക്കിസ്ഥാന്‍ സൈനികര്‍ സര്‍ക്കാര്‍ ധീരമായി പോരാടുമെന്ന് പ്രതീക്ഷിക്കുന്നു. മോദിയുടെ പേര് പോലും ഉച്ചരിക്കാന്‍ കഴിയാത്ത ഭീരുവാണ് നേതാവ്. അതിര്‍ത്തിയില്‍ പോരാടുന്ന സൈനികന് നിങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്' -അദ്ദേഹം ചോദിച്ചു.
ഈ മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കൊക്കെ യൂറോപ്പിലും അമേരിക്കയിലും ആഡംബര വസതികളുണ്ട്. അവര്‍ക്ക് അവിടെ പോയി കഴിയാം. എന്നെ പോലുള്ളവര്‍ എവിടേക്ക് പോകും എന്നാണ് ഷാഹിദ് നേതാക്കള്‍ക്ക് നേരെ കൈചൂണ്ടിക്കൊണ്ട് ചേദിച്ചത്.
'സിംഹങ്ങളുടെ സൈന്യത്തെ ഒരു കുറുക്കന്‍ നയിച്ചാല്‍ അവര്‍ക്ക് യുദ്ധം ചെയ്യാന്‍ കഴിയില്ല, അവര്‍ യുദ്ധത്തില്‍ തോല്‍ക്കും.' ടിപ്പു സുല്‍ത്താന്റെ ഒരു ഉദ്ധരണി ചൂണ്ടിക്കാട്ടി ഷാഹിദ് അഹമ്മദ് പറഞ്ഞു. 'അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്ന നമ്മുടെ സൈനികര്‍ നമ്മള്‍ ധൈര്യം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, പ്രധാനമന്ത്രി തന്നെ ഒരു ഭീരുവാകുമ്പോള്‍, മോദിയുടെ പേര് പറയാന്‍ കഴിയാതെ വരുമ്പോള്‍, മുന്‍നിരയില്‍ ജീവന്‍ പണയപ്പെടുത്തി പോരാടുന്നവര്‍ക്ക് നമ്മള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്' ഷാഹിദ് അഹമ്മദ് ചോദിച്ചു.
നേരത്തെ, പാക് എംപി താഹിര്‍ ഇഖ്ബാല്‍ പാര്‍ലമെന്റില്‍ വൈകാരികമായി സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. 'യാ ഖുദാ, ആജ് ബച്ചാ ലോ' (ദൈവമേ, ഇന്ന് ഞങ്ങളെ രക്ഷിക്കണമേ) എന്ന് അദ്ദേഹം പാര്‍ലമെന്റില്‍ അപേക്ഷിക്കുന്ന കാഴ്ച യഥാര്‍ത്ഥത്തില്‍ പാകിസ്ഥാന്റെ ദയനീയാവസ്ഥയുടെ നേര്‍ചിത്രമായാണ് വിലയിരുത്തപ്പെട്ടത്. ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ആരംഭിച്ച തീവ്രമായ സൈനിക നീക്കമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഇതേ തുടര്‍ന്ന് പാകിസ്ഥാനില്‍ വലിയ ഭയം പിടിമുറുക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ ഷഹബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായി തന്നെ ഉയരുന്നുണ്ട്. സംഘര്‍ഷം തുടരുമ്പോള്‍ വലിയ ഭിന്നതയും വിമര്‍ശനവുമാണ് പാകിസ്ഥാനില്‍. അതിരൂക്ഷമായ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിയും രാജ്യത്ത് നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് പിടിഐ നേതാവ് ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. ഇമ്രാന്‍ ഖാനും ഭാര്യയും മാസങ്ങളായി പാകിസ്ഥാനില്‍ ജയിലിലാണ്. അദ്ദേഹം ഏറ്റവും ജനപ്രീതിയുള്ള ഒരു നേതാവാണ്. ഇമ്രാന്‍ ഖാനോട് വലിയ മനുഷ്യാവകാശ ലംഘനമാണ് പാകിസ്ഥാന്‍ ഭരണകൂടം നടത്തുന്നത് എന്നുള്ള ചിന്ത പാകിസ്ഥാനിലെ ഒരു വലിയ വിഭാഗം ആളുകള്‍ക്കുണ്ട്. ഈ സമയത്ത് പാകിസ്ഥാന്‍ ഇത്രയും ദുര്‍ബലമായി പോയത് ഇമ്രാന്‍ ഖാനെ പോലെ ഒരു നേതാവ് ഇല്ലാത്തത് കൊണ്ടാണ് എന്ന ചിന്തയും ശക്തമാണ്. ഇത്തരം പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴാണ് പാകിസ്ഥാനില്‍ നേതാക്കള്‍ ഭരണകൂടത്തിനെതിരെ പരസ്യമായി ആഞ്ഞടിക്കുന്നത്.
26 നിരപരാധികളുടെ മരണത്തിന് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സമീപകാലത്തില്ലാത്ത വിധം മോശമായിരിക്കുകയാണ്. പഹല്‍ഗാമിന് പകരമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. തുടര്‍ച്ചയായി കൃത്യമായ ആക്രമണങ്ങള്‍ നടത്തിയ ഇന്ത്യ ആദ്യ ഘട്ടത്തില്‍ 9 ഭീകര കേന്ദ്രങ്ങളാണ് ആക്രമിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ബതിന്ദ, ചണ്ഡീഗഡ്, നാല്‍, ഫലോഡി, ഉത്തര്‌ലായ്, ഭുജ് എന്നിവിടങ്ങളില്‍ പാക് സൈന്യം ആക്രമണം നടത്തിയെങ്കിലും ഇന്ത്യ ഫലപ്രദമായി പ്രതിരോധം തീര്‍ത്തു. ഇതിന് പിന്നാലെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലെല്ലാം കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട സംഘര്‍ഷങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്.
ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. വ്യാഴാഴ്ച രാവിലെ ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ വ്യോമ പ്രതിരോധ റഡാര്‍ സംവിധാനങ്ങള്‍ ആക്രമിച്ച് തകര്‍ത്തിരുന്നു. ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറ് മേഖലകളിലെ 15 സൈനിക കേന്ദ്രങ്ങളെ പാക്കിസ്ഥാന്‍ ലക്ഷ്യംവെച്ചതോടെയാണ് സൈന്യം ശക്തമായ മറുപടി നല്‍കിയത്. ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ന്നതിന് തെളിവ് ലഭിച്ചതായി സൈന്യം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പാക്കിസ്ഥാനിലെ ഭീകരരുടെ താവളങ്ങള്‍ തകര്‍ത്ത ഓപറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി പാക് സൈന്യം ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ മിസൈലുകളും ഡ്രോണുകളും തൊടുത്തത്. ഇവയെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃതസര്‍, കപുര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപുര്‍, ഭാട്ടിന്‍ഡ, ചണ്ഡിഗഢ്, നാല്‍, ഫലോദി, ഉത്തര്‍ലായ്, ഭുജ് എന്നിവിടങ്ങളാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടത്. ഓപറേഷന്‍ സിന്ദൂറില്‍ ഭീകരകേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ കൈയോങ്ങിയാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്ത്യ തൊടുത്തുവിട്ട നിരവധി ഡ്രോണുകള്‍ തകര്‍ത്തതായി പാക് സെനിക വക്താവ് ലെഫ്റ്റനന്റ് ജനറല്‍ അഹ്‌മദ് ഷരീഫ് ചൗധരി അവകാശപ്പെട്ടു.
ഇതുവരെ 25 ഇസ്രായേല്‍ നിര്‍മിത ഹാരോപ് ഡ്രോണുകള്‍ വെടിവെച്ചിട്ടു. ലാഹോറില്‍ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. ലാഹോര്‍ കന്റോണ്‍മെന്റ് പ്രദേശത്ത് കുറഞ്ഞത് നാല് ഡ്രോണുകളെങ്കിലും പതിച്ചതായി ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. വീണ്ടും ആക്രമണങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജീവനക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ലാഹോറിലെ യു.എസ് കോണ്‍സുലേറ്റ് നിര്‍ദേശം നല്‍കി.