ആകാശച്ചുഴിയില്‍ അകപ്പെട്ട് ആടിയുലഞ്ഞ് ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനം; വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അഭ്യര്‍ത്ഥന നിരസിച്ച് പാകിസ്ഥാന്റെ പ്രതികാരം; നിശ്ചയിച്ച പാതയിലൂടെ വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറക്കിയത് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച്; യാത്രക്കാര്‍ നിലവിളിക്കുന്നതിന്റെയടക്കം ദൃശ്യങ്ങള്‍ പുറത്ത്

ആകാശച്ചുഴിയില്‍പ്പെട്ട ഇന്ത്യന്‍ വിമാനത്തോടും പാക്ക് 'പ്രതികാരം'

Update: 2025-05-23 06:01 GMT

ന്യൂഡല്‍ഹി: ബുധനാഴ്ച ആകാശച്ചുഴിയില്‍ അകപ്പെട്ട ഇന്ത്യന്‍ വിമാനത്തിനു സഹായം നിഷേധിച്ച് പാക്കിസ്ഥാന്റെ പ്രതികാരം. ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനമാണ് (6E 2142) അപ്രതീക്ഷിതമായി ആകാശച്ചുഴിയില്‍പ്പെട്ടത്. തൊട്ടുപിന്നാലെ പൈലറ്റ് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഉപയോഗിക്കാന്‍ അനുമതി തേടിയെങ്കിലും നിഷേധിക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥ ഒഴിവാക്കാനായിരുന്നു പൈലറ്റിന്റെ ശ്രമം. എന്നാല്‍ ഈ അപേക്ഷ നിരസിക്കപ്പെട്ടുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു.

ബുധനാഴ്ച ഒരു വിമാനം പ്രതികൂല കാലാവസ്ഥ ഒഴിവാക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചപ്പോഴാണ് പാകിസ്ഥാന്‍ ഈ നിലപാടെടുത്തതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം അപ്രതീക്ഷിതമായ ആകാശച്ചുഴിയെ നേരിട്ടപ്പോള്‍, പൈലറ്റ് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഉപയോഗിക്കാന്‍ അനുമതി തേടി. അതുവഴി പ്രതികൂല കാലാവസ്ഥ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഈ അപേക്ഷ നിരസിക്കപ്പെട്ടുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍, ആകാശച്ചുഴി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് അപായസൂചന നല്‍കി. തുടര്‍ന്ന് ലാഹോര്‍ എടിസിയുമായി ബന്ധപ്പെട്ട് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി തേടി. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ഉള്‍പ്പെടെ 220-ലധികം യാത്രക്കാരുമായി പറന്നയുര്‍ന്ന വിമാനം ആകാശച്ചുഴിയില്‍ പെടുകയായിരുന്നു.

മെയ് 21 ന് വൈകുന്നേരമാണ് ഇന്‍ഡിഗോ വിമാനം 6E 2142 ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ടത്. പെട്ടെന്നുള്ള ആലിപ്പഴ വീഴ്ചയെ തുടര്‍ന്ന് വിമാനം അപകടാവസ്ഥയിലൂടെ കടന്നുപോയി. പൈലറ്റ് ശ്രീനഗറിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അടിയന്തര സാഹചര്യം റിപ്പോര്‍ട്ട് ചെയ്തു. വിമാനം ആടിയുലഞ്ഞപ്പോള്‍ പരിഭ്രാന്തരായ യാത്രക്കാര്‍ പ്രാര്‍ത്ഥിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ വൈകുന്നേരം 6:30ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പൈലറ്റിന്റെയും മറ്റ് ജീവനക്കാരുടെയും സമയോചിത ഇടപെടല്‍ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്.


227 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ ആലിപ്പഴ പെയ്ത്തും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. വിമാനത്തിലെ ജീവനക്കാര്‍ കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചിരുന്നു. വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും വിധേയമാക്കിയിരിക്കുകയാണ്.

വിമാനം ശക്തമായി കുലുങ്ങിയപ്പോള്‍ യാത്രക്കാര്‍ നിലവിളിക്കുകയും കരയുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ക്യാപ്റ്റനും ക്യാബിന്‍ ക്രൂവിനും പ്രത്യേക നന്ദിയെന്നുമാണ് വിഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്ത് യാത്രക്കാര്‍ കുറിച്ചത്.

വിമാനം ലാന്‍ഡ് ചെയ്ത ശേഷം എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ചതായി സംഭവസ്ഥലത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. എന്നിരുന്നാലും, വിമാനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറക് ഓ'ബ്രയന്‍, നദിമുല്‍ ഹക്ക്, സാഗരിക ഘോഷ്, മാനസ് ഭുനിയ, മമത താക്കൂര്‍ തുടങ്ങിയവര്‍ ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ പാകിസ്ഥാന്‍ ഇന്ത്യയിലേക്കുള്ള വ്യോമാതിര്‍ത്തി അടച്ചിരുന്നു. പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാനും അനുവാദമില്ല.

അന്തരീക്ഷത്തിലെ വായു സുഗമമായി നീങ്ങാത്തപ്പോഴാണ് എയര്‍ ടര്‍ബുലന്‍സ് സംഭവിക്കുന്നത്. ഈ സമയത്ത് വായു മുകളിലേക്കും, താഴേക്കും, ഒരു വശത്ത് നിന്നും മറ്റൊരു വശത്തേക്കും നീങ്ങും. സാധാരണ നേര്‍രേഖയിലാണ് കാറ്റിന്റെ സഞ്ചാരം. ഇത് വിമാനയാത്രക്ക് അനുയോജ്യമാണ്. ഇതിനെ ലാമിനാര്‍ പ്രവാഹം എന്നാണ് വിളിക്കുന്നത്.

എന്നാല്‍, ഇങ്ങനെ നേര്‍ രേഖയില്‍ സഞ്ചരിക്കുന്ന കാറ്റിന്റെ കാലാവസ്ഥ, പര്‍വതങ്ങള്‍, അല്ലെങ്കില്‍ മാറ്റ് കാരണങ്ങള്‍ കൊണ്ട് അസ്വസ്ഥമാകും. ഇത് വായു മറ്റ് ദിശകളിലേക്ക് തെന്നി മാറാന്‍ കാരണമാക്കുന്നു. വിമാനം പറക്കുമ്പോള്‍ കുലുക്കം അനുഭവപ്പെടുകയും വിമാനം വ്യോമയാന പാതയില്‍ നിന്നും തെന്നി മാറി അപകടം സംഭവിക്കാനും ഇടയാക്കും. ഇത്തരമൊരു സാഹചര്യം നേരിട്ടെങ്കിലും ഏറെ ആശങ്കള്‍ക്കൊടുവില്‍ പൈലറ്റിന്റെ മനസാന്നിധ്യം കൊണ്ട് വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും വ്യോമാതിര്‍ത്തി അടച്ചിരുന്നു

Tags:    

Similar News