'വിശ്വാസികളാണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടത് എന്ന് ഖുര്‍ആനിലുണ്ട്; അതാണ് ഭേദഗതി ചെയ്യാന്‍ പോകുന്നത്; ബില്ല് പാസായാല്‍ വഖഫ് സ്വത്ത് നഷ്ടമാകും'; വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരെന്ന് പാളയം ഇമാം; ലഹരിക്കെതിരെയുള്ള പോരാട്ടത്തെ ഇസ്ലാമിക സമൂഹം പിന്തുണയ്ക്കണമെന്നും ഇമാം ഈദ് ദിന സന്ദേശത്തില്‍

വിശ്വാസികളാണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടത് എന്ന് ഖുര്‍ആനിലുണ്ട്; അതാണ് ഭേദഗതി ചെയ്യാന്‍ പോകുന്നത്

Update: 2025-03-31 03:22 GMT

തിരുവനന്തപുരം: ഈദ് ദിന സന്ദേശത്തില്‍ വഖഫ് ബില്ലിനെതിരെ പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി. വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഡോ. വി.പി സുഹൈബ് മൗലവി പറഞ്ഞു. വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഭൗതിക താത്പര്യങ്ങള്‍ക്ക് വേണ്ടി അല്ല വഖഫ് ചെയ്യുന്നത്. വഖഫുകള്‍ അള്ളാഹുവിന്റെ ധനം ആണ്. ദാനം ചെയ്ത വസ്തുക്കളാണ് മസ്ജിദുകളും യത്തീംഖാനകളും എല്ലാം. അത് അങ്ങേയറ്റം കൃത്യതയോടെ കൈകാര്യം ചെയ്യാനാണ് വഖഫ് നിയമം ഉള്ളതെന്ന് പാളയം ഇമാം പറഞ്ഞു.

വിശ്വാസികള്‍ ആണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടത് എന്ന് ഖുര്‍ആനിലുണ്ട്. അതാണ് ഭേദഗതി ചെയ്യാന്‍ പോകുന്നത്. ബില്ല് പാസായാല്‍ വഖഫ് സ്വത്ത് നഷ്ടമാകുമെന്ന് പാളയം ഇമാം പറഞ്ഞു. പലസ്തീല്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഈദ് ദിന സന്ദേശത്തില്‍ ഡോ. വി.പി സുഹൈബ് മൗലവി പറഞ്ഞു. പലസ്തീന്‍ ജനത ദുരിതങ്ങളിലൂടെ കടന്നു പോകുന്നു. യുദ്ധം ഒരു സമൂഹത്തിലും നന്മ കൊണ്ടു വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പലസ്തീന്‍ ജനതയുടെ രോദനങ്ങളാണ് സ്ത്രീകളിലൂടെ കേള്‍ക്കുന്നത്. ഈ യുദ്ധം അവസാനിക്കണമെന്ന് വി.പി സുഹൈബ് മൗലവി ആവശ്യപ്പെട്ടു. ലഹരിക്കെതിരെ ഭരണകൂടങ്ങളും മാധ്യമങ്ങളും ശക്തമായി രംഗത്ത് വന്നു. അതിനെയൊക്കെ ഇസ്ലാമിക സമൂഹം പിന്തുണയ്ക്കണം. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ആരോടും സഹകരിക്കരുതെന്നും ലഹരി വിരുദ്ധ പ്രചാരണത്തിന് വിശ്വാസികള്‍ മുന്നില്‍ നില്‍ക്കണമെന്ന് പാളയം ഇമാം ആവശ്യപ്പെട്ടു.

അക്രമങ്ങളും കൊലപാതകങ്ങളും നാട്ടില്‍ വര്‍ദ്ധിക്കുന്നുവെന്ന് പാളയം ഇമാം പറഞ്ഞു. ഒരു ചെറുപ്പക്കാരന്‍ കുടുംബത്തിലെ അഞ്ചുപേരെ കൊല ചെയ്ത വാര്‍ത്തയാണ് റമദാന് മുന്‍പ് കേട്ടത്. കൗമാര യൗവനങ്ങളില്‍ അക്രമാസ വാസന വ്യാപകമാകുന്നു. കുട്ടികളുടെ ക്ഷമയാണ് നഷ്ടപ്പെടുന്നത്. മക്കള്‍ക്കെല്ലാം നല്‍കുന്നു ക്ഷമ മാത്രം പഠിപ്പിക്കുന്നില്ലെന്ന് ഇമാം പറഞ്ഞു. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി വ്യക്തമാക്കി.

അതേസമയം വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ ആഹ്വാനവുമായി കെസിബിസി നേരത്തെ രംഗത്തു വന്നിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടത്. മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ വഖഫ് നിയമം ഭേദഗതി ചെയ്യപ്പെടണമെന്ന് കെസിബിസിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെമന്റില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള്‍ വോട്ട് ചെയ്യണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു. മുനമ്പത്തെ ജനങ്ങള്‍ക്ക് വേണ്ടി ബില്ലിനെ അനകൂലിക്കണമെന്നാണ് കെസിബിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ പൂര്‍ണമായി മുനമ്പത്തെ ജനങ്ങളെ പിന്തുണക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ജെപിസിയില്‍ ബില്ല് ചര്‍ച്ചക്ക് എത്തിയിപ്പോള്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രതികൂലമായാണ് വോട്ട് ചെയ്തിരുന്നത്. ബില്ല് പാര്‍ലമെന്റിലേക്ക് എത്തുമ്പോള്‍ കെസിബിസിയുടെ സര്‍ക്കുലര്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നതാണ്. വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജെപിസി റിപ്പോര്‍ട്ടിന് രാജ്യസഭ അംഗീകരിച്ചിരുന്നു.

അതേസമയം വഖഫ് നിയമ ഭേദഗതിയില്‍ കടുത്ത നിലപാടിലാണ് മുസ്ലീംലീഗ്. ബില്ല് പാസാക്കിയാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹാരിസ് ബീരാന്‍ എംപി പറഞ്ഞു. ജെഡിയുവിനെയും ടിഡിപിയെയും പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മുനമ്പം വിഷയവും വഖഫ് നിയമവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും മുനമ്പത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.

വഖഫ് ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ ജനാധിപത്യ രീതിയിലല്ല ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. ചര്‍ച്ചയെന്ന പേരില്‍ഒരു പ്രഹസനം നടത്തി ബില്ല് പാസാക്കാനാണ് ശ്രമം. ജെഡിയുവും ടിഡിപിയും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുമോയെന്ന് വ്യക്തമല്ല. എന്നാല്‍ ഇന്ത്യ സഖ്യത്തിലെ എല്ലാ കക്ഷികളും ബില്ലിനെ ശക്തമായി എതിര്‍ക്കുന്ന നിലപാട് തന്നെ സ്വീകരിക്കുമെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.

Tags:    

Similar News