വ്യാഴാഴ്ച രണ്ടാം റൗണ്ടിലും ഉയര്‍ന്നത് കറുത്ത പുക; പുതിയ മാര്‍പ്പാപ്പയ്ക്കായുള്ള കാത്തിരിപ്പ് തുടരുന്നു; സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ വെളുത്ത പുക പുറത്തുവരുന്നത് കാത്ത് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികള്‍; ഉച്ചകഴിഞ്ഞ് രണ്ട് റൗണ്ട് വോട്ടെടുപ്പ് കൂടി

പുതിയ മാര്‍പ്പാപ്പയ്ക്കായുള്ള കാത്തിരിപ്പ് തുടരുന്നു

Update: 2025-05-08 10:53 GMT

വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞൈടുക്കാനുളള കോണ്‍ക്ലേവിന്റെ രണ്ടാംനാളില്‍ രാവിലത്തെ രണ്ടുറൗണ്ട് വോട്ടെടുപ്പിലും തീരുമാനമായില്ല. രണ്ടാം റൗണ്ട് വോട്ടെടുപ്പിനുശേഷം സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ കറുത്ത പുകയാണ് പുറത്തുവന്നത്. ഉച്ചകഴിഞ്ഞ് രണ്ടുറൗണ്ടുകള്‍ കൂടി നടക്കും. ഇതില്‍ ഏതെങ്കിലും റൗണ്ട് വോട്ടെടുപ്പില്‍ തീരുമാനം ആകുമോയെന്നാണ് ഉറ്റുനോക്കുന്നത്.

സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ 45,000ത്തിലധികം പേരാണു പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തുവെന്ന വാര്‍ത്ത കേള്‍ക്കാനായി ഇന്നലെ ഒത്തുകൂടിയത്. വോട്ടവകാശമുളള 133 കര്‍ദ്ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. ഇനി വൈകിട്ട് 7 മണിയോടെ വെളുത്ത പുക ഉയരുമോ എന്ന കാത്തിരിപ്പാണ്.

മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് ഒരാള്‍ക്ക് 89 വോട്ട് വേണ്ടിവരും. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കര്‍ദിനാള്‍മാര്‍ ഇന്നലെ രാവിലെ ഇന്ത്യന്‍ സമയം 10ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ബലിയര്‍പ്പിച്ചു. കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബറ്റിസ്റ്റ റേയായിരുന്നു മുഖ്യകാര്‍മികന്‍.

70 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നാണ് 133 കര്‍ദ്ദിനാള്‍മാര്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചതോടെയാണ് 267 ാമത്തെ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനായി കോണ്‍ക്ലേവ് ചേരുന്നത്. ഗ്രിഗറി പത്താമന്‍ പോപ്പിനെ തിരഞ്ഞെടുത്ത കോണ്‍ക്ലേവാണ് ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്നത്. മൂന്നുവര്‍ഷമാണ് പോപ്പിനെ തിരഞ്ഞെടുക്കാന്‍ വേണ്ടി വന്നത്.

Tags:    

Similar News