അവധി ആഘോഷിക്കാൻ മക്കളോടൊപ്പം ബീച്ചിലെത്തി; ആറുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി നടക്കാൻ പോയ ദമ്പതികൾ തിരിച്ചെത്തിയത് ഒരു മണിക്കൂറിന് ശേഷം; ഫോണുകൾ വെച്ചിരുന്നത് ടെന്റിൽ; സമയം പോയതറിഞ്ഞില്ലെന്ന് അറസ്റ്റിലായ മാതാപിതാക്കൾ

Update: 2025-10-21 11:58 GMT

ഫ്ലോറിഡ: ആറുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി നടക്കാൻ പോയ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലെ മിറാമർ ബീച്ചിൽ ഒക്ടോബർ 10-നാണ് സംഭവം. മറ്റ് മൂന്ന് കുട്ടികളോടൊപ്പം അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഇരുവരും. ഒരു മണിക്കൂറോളം കഴിഞ്ഞാണ് നടക്കാൻ പോയ ദമ്പതികൾ തിരിച്ചെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഹെൽത്ത് കെയർ മേധാവിയായ 37 വയസ്സുള്ള സാറാ സമ്മേഴ്‌സ് വിൽക്ക്‌സ്, ഭർത്താവ് ബ്രയാൻ വിൽക്ക്‌സ് (40) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മൂത്ത കുട്ടികളോടൊപ്പം ബീച്ചിലൂടെ ദമ്പതികൾ നടന്നുപോകുകയായിരുന്ന ദൃക്‌സാക്ഷികൾ പറയുന്നു. ഈ സമയം ടെന്റിനടിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ശ്രദ്ധിക്കാനാളില്ലായിരുന്നു.

കുഞ്ഞ് തനിച്ചു കിടക്കുന്നതുകണ്ട ഒരാൾ പോലീസെത്തുന്നതുവരെ കുഞ്ഞിന് കാവൽ നിന്നു. ദമ്പതികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ ടെന്റിൽ വെച്ച് പോയതിനാൽ ആദ്യം ഇവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. പരിശോധനയിൽ കുഞ്ഞിന് യാതൊരുവിധ അപകടവും സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. തങ്ങളുടെ മൂന്ന് മൂത്ത കുട്ടികളോടൊപ്പം നടക്കാൻ പോയപ്പോൾ സമയം പോയതറിഞ്ഞില്ല എന്നാണ് ദമ്പതികൾ പോലീസിനോട് പറഞ്ഞത്.

എന്നാൽ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഏകദേശം ഒരു മണിക്കൂറോളം ഇവർ കുഞ്ഞിന്റെ സമീപത്ത് നിന്ന് മാറിനിന്നതായി തെളിഞ്ഞു. ഫ്ലോറിഡ നിയമപ്രകാരം ഇത് മൂന്നാം ഡിഗ്രി ഗുരുതരമായ കുറ്റകൃത്യമാണ്. അറസ്റ്റിന് പിന്നാലെ 1,000 ഡോളർ വീതം ബോണ്ട് കെട്ടിവെച്ച് ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു.  

Tags:    

Similar News