'മന്ത്രിയേ പയ്യെപ്പോ.. പയ്യെപ്പോ മന്ത്രിയേ..'; അന്ന് മുഖ്യമന്ത്രി കരുണാകരനെ പരിഹസിച്ച് ഭക്തിഗാന ശൈലിയില്‍ പാരഡി; കലാഭവന്‍ മണിയും നാദിര്‍ഷയും ചേര്‍ന്ന് ആലപിച്ച പാട്ട് സംപ്രേക്ഷണം ചെയ്തത് പാര്‍ട്ടി ചാനലായ കൈരളി ടിവിയിലും; പോറ്റിയേ, കേറ്റിയെ പാട്ടില്‍ സിപിഎം വിമര്‍ശനം ഉയര്‍ത്തിയതോടെ പഴയഗാനം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
'മന്ത്രിയേ പയ്യെപ്പോ.. പയ്യെപ്പോ മന്ത്രിയേ..'; അന്ന് മുഖ്യമന്ത്രി കരുണാകരനെ പരിഹസിച്ച് ഭക്തിഗാന ശൈലിയില്‍ പാരഡി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പും കഴിഞ്ഞ് ഫലവും വന്നുവെങ്കിലും ആഘോഷ റാലികളിലും സാമൂഹിക മാധ്യമങ്ങളിലും ഇപ്പോഴും 'പോറ്റിയേ, കേറ്റിയേ..' പാട്ട് തരംഗമായി തുടരുകയാണ്. ഒറിജിനല്‍ വരികളെ മറക്കുന്ന വിധത്തിലാണ് ഈ ഗാനം ആളുകളുടെ നാവിന്‍ തുമ്പില്‍ തത്തിക്കളിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ കോണ്‍ഗ്രസും ലീഗും ബി.ജെ.പിയും ഒരുപോലെ ഉപയോഗിച്ച 'പോറ്റിയേ, കേറ്റിയേ..' എന്ന് തുടങ്ങുന്ന ശബരിമല സ്വര്‍ണകൊള്ള വിഷയമായ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ഗാനം ഫലം വന്നതിനു പിന്നാലെ വന്‍ ഹിറ്റായി മാറി. നാടൊട്ടുക്കും ആഘോഷ റാലികള്‍ കൈയടക്കിയ ഗാനം, പാര്‍ലമെന്റ് കവാടത്തിലെ യു.ഡി.എഫ് സമര വേദിയിലും എത്തിയതോടെ ദേശീയ ശ്രദ്ധയിലേക്കുമെത്തിയപ്പോള്‍ ചൊറിയുന്നത് ഇടത് കേന്ദ്രങ്ങളിലാണ്. തിരഞ്ഞെടുപ്പിന്് ശേഷമാണ് ഈ പാട്ടിന്റെ അപകടം എല്‍ഡിഎഫ് തിരിച്ചറിഞ്ഞത്.
'പോറ്റിയേ, കേറ്റിയെ... സ്വര്‍ണം ചെമ്പായി മാറ്റിയെ..' എന്ന് തുടങ്ങി 'സ്വര്‍ണം കട്ടവനാരപ്പാ.. സഖാക്കളാണെ അയ്യപ്പാ..' എന്നിങ്ങനെ നീണ്ടുപോകുന്ന വരികള്‍ സാമൂഹിക മാധ്യമങ്ങളിലും ജനങ്ങളുടെ നാവിന്‍തുമ്പില്‍ മൂളുന്ന ഈരടിയുമായി മാറുമ്പോള്‍ രാഷ്ട്രീയ എതിരാളികളാണ് പ്രകോപിതരാവുന്നത്.
കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ രാജ്യസഭ അംഗവും സി.പി.എം നേതാവുമായ എ.എ റഹീം എം.പി വിമര്‍ശനവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പിലുടനീളം ഇടതുപക്ഷം ക്ഷേമവും പെന്‍ഷനും പറയാന്‍ ശ്രമിച്ചപ്പോള്‍, കോണ്‍ഗ്രസ് ശ്രമിച്ചത് വിശ്വാസമായിരുന്നുവെന്നായിരുന്നു റഹീമിന്റെ പരാതി. സ്വര്‍ണപാളിയുമായി ബന്ധപ്പെട്ട അയ്യപ്പ പാരഡി ഗാനത്തിനാണ് കോണ്‍ഗ്രസ് ഊന്നല്‍നല്‍കിയത്. മൈക് അനൗണ്‍സ്‌മെന്റ് പോലും ശരണം വിളി മന്ത്രങ്ങള്‍കൊണ്ട് നിറക്കാന്‍ ശ്രമിച്ചു -റഹീം പറഞ്ഞു.
ശരണമന്ത്രത്തെ ദുരുപയോഗപ്പെടുത്തുന്നതായിരുന്നു ആക്ഷേപ ഗാനമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം കുറ്റപ്പെടുത്തി. അയ്യപ്പനെ പറ്റിയുള്ള ശരണമന്ത്രത്തെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ ദുരുപയോഗപ്പെടുത്തുകയാണ്. ഇതിനെതിരെ ഏതെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ ഗൗരവത്തോടെ അന്വേഷിക്കണം. ഏത് മതവിഭാഗത്തിന്റെയും ഭക്തിഗാനങ്ങളെ കുറിച്ച് പാരഡികള്‍ പാടില്ല. ഇത് മതവികാരത്തെ വ്രണപ്പെടുത്തും. അംഗീകരിക്കാന്‍ സാധ്യമല്ല -രാജു എബ്രഹാം പറഞ്ഞു.
പാട്ടിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി കഴിഞ്ഞ ദിവസം ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. നാടൊട്ടുക്ക് വൈറലായ പാട്ടിനെതിരെ കേസും, സി.പി.എം നേതാക്കളുടെ വിമര്‍ശനവുമായപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള രാഷ്ട്രീയ ആക്ഷേപ ഹാസ്യ ഗാനമാണിപ്പോള്‍ പൊങ്ങി വരുന്നത്. 1994കളില്‍ കെ കരുണാകരന്‍ കേരളമുഖ്യമന്ത്രിയായിരിക്കെയായിരുന്നു മറ്റൊരു അയ്യപ്പ ഭക്തിഗാനത്തിന്റെ ശൈലിയില്‍ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ഗാനമിറക്കിയത്.
ദിലീപ്, നാദിര്‍ഷ നേതൃത്വത്തില്‍ പുറത്തിറക്കിയ 'ദേ മാവേലികൊമ്പത്ത്' എന്ന ഹാസ്യ കാസറ്റ് പരമ്പരയിലായിരുന്നു കെ. കരുണാകരനെ പരിഹസിച്ചുകൊണ്ട് അയ്യപ്പ ഭക്തിഗാന ശൈലിയില്‍ അന്ന് പാരഡി ഗാനമിറങ്ങിയത്. നിരത്തിലൂടെ മുഖ്യമന്ത്രി- മന്ത്രിമാരുടെയും പരിവാരങ്ങളുടെയും അതിവേഗ യാത്രയെ പരിഹസിക്കുന്ന ഗാനം എല്ലാവരും ഏറ്റെടുത്തു. കാസറ്റിലെ ഗാനം കേരളത്തിലങ്ങോളം വിവിധ വേദികളിലും നിറഞ്ഞോടി. 'മന്ത്രിക്കേറെ, സ്പീഡില്‍ പോണം.. മന്ത്രിക്കാറ് ഫൈ്‌ലറ്റിന് തുല്ല്യം. മന്ത്രിയേ പയ്യെപ്പോ, പയ്യെപ്പോ മന്ത്രിയേ...' എന്ന വരികള്‍ 'സ്വാമിയേ.. അയ്യപ്പോ..' എന്ന ഈണത്തിലായിരുന്നു ആലപിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ 'പോറ്റിയേ കേറ്റിയേ..' പാട്ട് വിവാദത്തിലായതോടെ യൂട്യൂബില്‍ നിന്നും പഴയ പാട്ടും സാമൂഹിക മാധ്യമങ്ങള്‍ പൊക്കിയെടുത്തു. കലാഭവന്‍ മണിയും നാദിര്‍ഷായും ചേര്‍ന്ന് സ്റ്റേജ് ഷോയില്‍ പാടി, 11 വര്‍ഷം മുമ്പ് കൈരളി ടി.വി യൂട്യൂബ് പേജില്‍ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ കുത്തിപ്പൊക്കി പ്രചരിപ്പിക്കുന്നത്. ഭക്തിഗാന ശൈലിയിലെ രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങള്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് സി.പി.എം നേതാക്കളുടെ വിമര്‍ശനത്തിനിടെയാണ് പഴയ പാട്ടും നെറ്റിസണ്‍ ഓര്‍മയിലെത്തിക്കുന്നത്.
അതേസമയം നാല് പതിറ്റാണ്ടായി ഖത്തര്‍ പ്രവാസിയായ കോഴിക്കോട് നാദാപുരം സ്വദേശി ജി.പി. കുഞ്ഞബ്ദുല്ല ചലപ്പുറമാണ് 'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ'... എന്ന പാട്ടിന്റെ വരികള്‍ എഴുതിയത്. അദ്ദേഹം എഴുതിയ വരികള്‍, നാട്ടിലെ സുഹൃത്തായ ഹനീഫ മുടിക്കോട്ടിന് അയച്ചു നല്‍കുകയായിരുന്നു. ഡാനിഷ് ആണ് ആദ്യം മ്യൂസിക് ചെയ്തിരുന്നത്.
